എയിംസ് നെയ്യാറ്റിൻകരയിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

 
rajeev

പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ നെയ്യാറ്റിൻകരയിൽ എയിംസ് കൊണ്ടുവരാൻ ശ്രമിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറവും നെയ്യാറ്റിൻകര പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മാറി മാറി വന്ന ഇടത്, വലത് സർക്കാരുകൾ എയിംസ് കൊണ്ടു വരാൻ ഒരു നടപടിയും ഇതേവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തലസ്ഥാനത്ത് ബി.ജെ.പി നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ ക്രഡിറ്റ് നേടിയെടുക്കാനുള്ള മത്സരമാണ് യു.ഡി.എഫ്, എൽ.ഡി.എഫ് സഖ്യം നടത്തുന്നത്. മത ധ്രുവീകരണമാണ് ഇരുമുന്നണികളും ഇപ്പോൾ നടത്തുന്നത്. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. നെയ്യാറ്റിൻകര, പാറശാല, കോവളം നിയോജക മണ്ഡലത്തിൽ വിവിധ വ്യവസായ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

തീരദേശ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിന് ബൃഹത് പദ്ധതി നടപ്പാക്കും. തിരുവനന്തപുരം ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളെത്തിയിട്ടില്ല. ഈ അവഗണനയാണ് വികസന മുരടിപ്പിന് കാരണം. കാർഷിക മേഖലയിലെ ഉന്നമനത്തിനാണ് ഗ്രാമ പ്രദേശങ്ങളിൽ തൻ്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടി ചേർത്തു. സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസിഡൻ്റ് അജി ബുധന്നൂർ സ്വാഗതവും സെക്രട്ടറി സജിൻ ലാൽ നന്ദിയും പറഞ്ഞു. ജേർണലിസ്റ്റ് ഫോറത്തിൻ്റെ ഉപഹാരം രാജീവ് ചന്ദ്രശേഖറിന് കൈമാറി.