പൊതു പദ്ധതികൾക്ക് ഭൂമി കൈമാറുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്

 
cab

പൊതു താൽപര്യമുള്ള പൊതു പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്ട്രേഷൻ ചെയ്യുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും  ഇളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

ഭൂരഹിതരായ ബി.പി.എൽ കാറ്റഗറിയിൽ വരുന്ന കുടുംബങ്ങൾക്ക് വീട് വയ്ക്കുന്നതിന് കേരള സ്റ്റാമ്പ് ആക്ടിൽ നിഷ്കർഷിച്ചിരിക്കുന്ന
''കുടുംബം" എന്ന നിർവ്വചനത്തിൽ വരുന്ന ബന്ധുക്കൾ ഒഴികെയുള്ള ആൾക്കാർ ദാനമായോ വിലയ്ക്കു വാങ്ങിയോ കൊടുക്കുന്ന കുടുംബമൊന്നിന് 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷനാവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഇളവ് നൽകും. 

ദുരന്തങ്ങളിൽപ്പെട്ട വ്യക്തികൾ ദുരന്തം നടന്ന് അഞ്ചു വർഷത്തിനകം സർക്കാർ ധനസഹായത്താൽ ഭൂമി വാങ്ങുമ്പോഴും അങ്ങനെയുള്ളവർക്ക് ബന്ധുക്കൾ ഒഴികെയുള്ള മറ്റാരെങ്കിലും ഭൂമി ദാനമായോ വിലയ്ക്കുവാങ്ങിയോ നൽകുമ്പോഴും പ്രസ്തുത പത്ത് സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസട്രേഷനാവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഇളവ് നൽകും.

അനാഥരുടേയും അംഗവൈകല്യം സംഭവിച്ചവരുടെയും എയ്ഡ്സ്  ബാധിതരുടെയും പുനരധിവാസത്തിനും അവർക്ക് സ്കൂളുകൾ നിർമ്മിക്കുന്നതിനും സൗജന്യ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും ദാനമായി കൊടുക്കുന്ന 2 ഏക്കറിൽ കവിയാത്ത ഭൂമിക്കും ആനുകൂല്യം ലഭിക്കും. 

മേല്‍പറഞ്ഞ ഇളവുകൾ നൽകി ഉത്തരവുകള്‍ പുറപ്പെടുവിപ്പിക്കുന്നതിനുള്ള അധികാരം  നികുതി വകുപ്പ് സെക്രട്ടറിക്ക് നൽകും.
ഉത്തരവ്  ജില്ലാ കളക്ടറുടെ ശിപാർശ പ്രകാരമായിരിക്കണം. ഇതിൽ പെടാത്ത പൊതു താൽപര്യവിഷയങ്ങളിൽ  നിലവിലുള്ള നടപടിക്രമങ്ങൾ പാലിച്ച് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരം നടപടികൾ സ്വീകരിക്കും.

ടെണ്ടര്‍ അംഗീകരിച്ചു

തൃശ്ശൂര്‍ ജില്ലയിലെ തീരദേശ ഹൈവേയിലെ  അഴീക്കോട് - മുനമ്പം പാലം നിര്‍മ്മാണത്തിന് ക്ഷണിച്ച ടെണ്ടര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു.