മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ്; പൂർവ വിദ്യാർത്ഥിനി വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

 
vida

മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ജോലിക്ക് ശ്രമിച്ച എസ്എഫ്ഐ മുൻ നേതാവും കോളേജിലെ പൂർവ വിദ്യാര്‍ത്ഥിനിയുമായ കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. 7 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസ് അഗളി പൊലീസിന് കൈമാറിയേക്കും. അതേസമയം, വിഷയത്തിൽ ഗവർണർക്കും ഡിജിപിക്കും കെഎസ് യു പരാതി നൽകി.

471, 465, വകുപ്പുകൾ പ്രകാരമാണ് വിദ്യയ്ക്ക് എതിരെ പോലീസ് കേസെടുത്തത്. വഞ്ചിക്കണം എന്ന ഉദ്ദേശത്തോടെ വ്യാജ രേഖ ചമച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. മഹാരാജാസ് കോളേജ് അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്.

മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തില്‍ 2018-19, 2020-21 കാലയളവിൽ രണ്ടുവര്‍ഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് വിദ്യ വ്യാജമായി ഉണ്ടാക്കിയത്. കോളേജിന്റെ സീലും വൈസ് പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി. 2018 ൽ മഹാരാജാസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിദ്യാർത്ഥിനി കാലടി സർവകലാശാലയിൽ എംഫിൽ ചെയ്തിരുന്നു.

ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അട്ടപ്പാടി ഗവ. കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് എത്തുക്കയായിരുന്നു. സർട്ടിഫിക്കറ്റിൽ സംശയം തോന്നി അവിടത്തെ അധ്യാപകർ മഹാരാജാസ് കോളേജ് അധികൃതരെ സമീപിച്ചതോടെയാണ് രേഖകൾ വ്യാജമാണെന്ന് വ്യക്തമായത്. കഴിഞ്ഞ പത്തുവർഷമായി മഹാരാജാസ് കോളജിൽ ഗസ്റ്റ് ലക്ചറർ നിയമനം നടത്തിയിട്ടില്ല. നേരത്തെ എറണാകുളത്തെ ഒരു കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് ഇവർ വന്നെങ്കിലും, പാനലിൽ മഹാരാജാസിലെ അധ്യാപിക ഉണ്ടായിരുന്നതിനാൽ വ്യാജരേഖ കാണിക്കാതെ മടങ്ങുകയായിരുന്നു.

കാസർഗോഡ് സ്വദേശിനിയായ വിദ്യ ഒരു വർഷം മുൻപ്‌ പാലക്കാട്ടെ മറ്റൊരു സർക്കാർ കോളേജിലും പിന്നീട് കാസർഗോഡ് ജില്ലയിലെ ഒരു സർക്കാർ കോളേജിലും ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു.