കുടുംബ സംബന്ധമായ പരാതികള്‍ വര്‍ധിക്കുന്നു: വനിതാ കമ്മിഷന്‍

 
women

കുടുംബ സംബന്ധമായ പരാതികള്‍ കൂടി വരുകയാണെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു  വനിതാ കമ്മിഷന്‍ അംഗം.
    ഭാര്യ, ഭര്‍ത്താവ്, മരുമകള്‍, അമ്മായി അമ്മ, ഭര്‍ത്തൃ സഹോദരി തുടങ്ങിയവര്‍ ഉള്‍പ്പെട്ട കുടുംബ പ്രശ്‌നങ്ങളാണ് വര്‍ധിക്കുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലും സാമൂഹികവുമായ ബന്ധങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. 


ഗാര്‍ഹിക പീഡനം, സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കം തുടങ്ങിയ കേസുകളും ജില്ലാതല അദാലത്തില്‍ പരിഗണിച്ചു. കായംകുളം, മാന്നാര്‍, മാവേലിക്കര തുടങ്ങി ആലപ്പുഴ ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍ നിന്നാണ് പരാതികള്‍ കൂടുതല്‍ എന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.
    ജില്ലാതല അദാലത്തില്‍ 13  കേസുകള്‍ തീര്‍പ്പാക്കുകയും ഒന്‍പത് എണ്ണത്തില്‍ പോലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. നാലു കേസുകള്‍ കൗണ്‍സിലിങ്ങിന് കൈമാറി. ബാക്കി 56 കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. ആകെ 82 പരാതികളാണ് ജില്ലാതല അദാലത്തില്‍ പരിഗണിച്ചത്. അഡ്വ. ജീനു എബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, അഡ്വ. മിനീസ, സായൂജ്യ സാജു, ആര്‍. ബിസ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.