ഇ.ഡി വരുമെന്ന് ഭയം; സിനിമാക്കാർ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നില്ല - അടൂർ ഗോപാലകൃഷ്ണൻ

 
pix

സമൂഹത്തിൽ നടക്കുന്ന തെറ്റായ കാര്യങ്ങളെപ്പറ്റി പല സിനിമാക്കാരും തുറന്നു പറയാറില്ലെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. അങ്ങയുള്ളവരിൽ പലർക്കും പലതും സംരക്ഷിക്കാനുണ്ട്. സൗകര്യങ്ങളും പദവികളുമൊക്കെ നോക്കിയിരിക്കുന്നവരും ഒട്ടേറെയാണ്.  എന്തെങ്കിലും പറഞ്ഞാൽ ഇ.ഡി വരുമോ എന്നാണ് അവരുടെ ഭയം. നല്ല കാര്യങ്ങൾ കണ്ടാൽ വിളിച്ചുപറയുന്നയാളാണ് ഞാൻ. അതുപോലെ ചീത്ത കാര്യങ്ങളെക്കുറിച്ചും മടിയില്ലാതെ പറയും. കാണുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നുപറച്ചിലിനു ഭയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഴുത്തുജീവിതത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ് നൽകിയ
സ്നേഹാദര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ശ്രീധരൻപിള്ള അരനൂറ്റാണ്ടുകൊണ്ട് 200ലേറെ പുസ്തകങ്ങൾ എഴുതി. ഇന്റർനെറ്റിൽ പരതിയപ്പോൾ പേജുകൾ തോറുമാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ ലിസ്റ്റ്. കവിത, യാത്രാവിവരണം, രാഷ്ട്രീയം തുടങ്ങി  വൈവിധ്യമാർന്ന മേഖലകളിലാണ് അദ്ദേഹത്തിന്റെ എഴുത്ത്. ഇത്രയേറെ പുസ്തകങ്ങൾ എഴുതുന്നത് മനുഷ്യസാധ്യമാണോയൈന്നു തോന്നും. പക്ഷേ ശ്രീധരൻ പിള്ളയ്ക്ക് അതിനു സാധിച്ചു. കലാബോധവും സാഹിത്യബോധവുമാണ് നല്ല ഭരണാധികാരികൾക്ക് വേണ്ട ഗുണം. ഈ കഴിവുകളുള്ളവരാണ്. രാഷ്ട്രീയ രംഗത്തും വരേണ്ടത്. ജനങ്ങളുമായി ഇടപഴകാൻ ഇത്തരം നേതാക്കൾക്കേ സാധിക്കൂ എന്നും അടൂർ പറഞ്ഞു.  
 തിരക്കുള്ള അഭിഭാഷകനും രാഷ്ട്രീയ പ്രവർത്തകനുമായ ശ്രീധരൻ പിള്ള എഴുത്തിനു വേണ്ടി 50 വർഷം നീക്കിവച്ചത്. അത്ഭുതമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടര്‍ തോമസ് ജേക്കബ് പറഞ്ഞു. ഗവർണർമാർക്ക്  അനാവശ്യകാര്യങ്ങൾക്കാണ് വാർത്തകളിൽ ഇപ്പോൾ തലക്കെട്ട് കിട്ടുന്നത്. എന്നാൽ അനാവശ്യമായ കാര്യങ്ങളൊന്നും ചെയ്യാതെ, നല്ല കാര്യങ്ങളിൽ മാത്രം തലക്കെട്ട് നേടുന്നയാളാണ് ശ്രീധരൻ പിള്ളയെന്നും അദ്ദേഹം പറഞ്ഞു.


താൻ വളർന്നുവന്ന ഗ്രാമത്തിന്റെ സാഹചര്യങ്ങളും നിരന്തരം പത്രങ്ങളുമായുണ്ടായിരുന്ന സമ്പർക്കവുമാണ് തന്നിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയതെന്ന് പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. ജനങ്ങളമായുള്ള ബന്ധവും പൊതുപ്രവർത്തനത്തിൽ  നിന്ന് സ്വരൂപിച്ച അനുഭവങ്ങളും എഴുത്തിനെ തീക്ഷ്ണമാക്കി. രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുകൾ ആയിരുന്നുവെങ്കിലും എം.ടി.വാസുദേവൻ നായർ തന്നെ പ്രോത്സാഹിപ്പിച്ച എഴുത്തുകാരനായിരുന്നു. വൈകാരികതയല്ല മനുഷ്യനെ നയിക്കേണ്ടത്. ജനാധിപത്യത്തിന്റെ സൗന്ദര്യം വൈവിധ്യവും വ്യത്യസ്തയുമാണ്. രാജതാൽപര്യങ്ങളെ സംരക്ഷിക്കേണ്ട സമീപനമാണ് എല്ലാവരും സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന പുതിയ പിജി ഡിപ്ലോമ കോഴ്സിന്റെയും കൺന്‍സ്ഡ് കോഴ്സിന്റെയും ഉദ്ഘാടനം പി.എസ്.ശ്രീധരൻ പിള്ള നിർവഹിച്ചു.
  പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി കെ.എൻ.സാനു, ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സിബി കാട്ടാമ്പള്ളി, മാനേജിങ് കമ്മിറ്റി അംഗം അജി ബുധ ന്നൂർ എന്നിവർ പ്രസംഗിച്ചു.