വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവം; സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍

 
IMA

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ചു. നാളെ രാവിലെ 8 മണി വരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ കേരള ഘടകവും കെജിഎംഒഎയും അറിയിച്ചു.

സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ഐഎംഎ കേരള ഘടകത്തിന് കീഴിലുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. ഇതിന് പുറമേ സംഭവത്തില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്മാരും സംസ്ഥാന വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം സ്വദേശി ഹൗസ് സര്‍ജന്‍ വന്ദനാ ദാസ് (23) ആണ് മരിച്ചത്. പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ച് പേരെ കുത്തിയത്. അടിപിടി കേസില്‍ കസ്റ്റഡിയിൽ എടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. ഡ്രസിങ് റൂമില്‍ വച്ച് കത്രിക ഉപയോഗിച്ച് ഡോക്ടറെ അക്രമിക്കുക ആയിരുന്നു.