‘അമ്മത്തൊട്ടിലിൽ പെൺകരുത്ത്’ ‘സമാധാനം പറന്നുയരാൻ പേര് നർഗീസ്’

 
child
ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധം ആറ് ദിവസം പിന്നിടുമ്പോൾ കൂട്ടക്കുരുതിയിൽ മരണപ്പെട്ട കുട്ടികൾക്കും അമ്മമാർക്കും പ്രണാമം അർപ്പിച്ചും യുദ്ധഭീതിയിൽ മരണമുഖത്ത് ജീവിതം ദുസ്സഹമായി നിൽക്കുന്ന ലക്ഷങ്ങൾക്ക് സമാധാനം കാംക്ഷിച്ചും സംസ്ഥാന ശിശുക്ഷേമ സമിതി അരുമക്കുരുന്നുകൾക്കായി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ വെള്ളിയാഴ്ച പുലർച്ചെ 1.30-ന് അതിഥിയായി എത്തിയ ഏഴു ദിവസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന് നർഗീസ് എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി പത്രക്കുറിപ്പിൽ അറിയിച്ചു.
 
ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി വർഷങ്ങളായി പോരാട്ടം നടത്തി ജയിലറയിൽ കഴിയുന്ന ഇത്തവണത്തെ സമാധാന   നൊബേൽ പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ നർഗീസ് മൊഹമ്മദിയുടെ നിലയ്ക്കാത്ത സമാധാനാവേശം യുദ്ധമുഖത്ത് വെള്ളരി പ്രാവുകളായി പറന്നുയരാനാണ് പുതിയ കുരുന്നിന് നർഗീസ് എന്നു പേരിട്ടതെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.
 
ബാല്യങ്ങൾ ഉപേക്ഷിക്കപ്പെടുമ്പോൾ ഏറ്റുവാങ്ങാൻ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ഇക്കഴിഞ്ഞ ജനുവരിയിൽ ആധുനിക സാങ്കേതിക വിദ്യയോടെ നവീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത അമ്മത്തൊട്ടിലിൽ ലഭിക്കുന്ന ആറാമത്തെ കുഞ്ഞാണ് നർഗീസ്. അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിൽ കുട്ടിയുടെ ചിത്രവും ഭാരവും രേഖപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം എത്തി. ഒപ്പം ബീപ്  സൈറണും മുഴങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന നെഴ്സും ആയമാരും സുരക്ഷാ ജീവനക്കാരും തൊട്ടിലിൽ എത്തി പരിചരണത്തിനായി  ദത്തെടുക്കൽ കേന്ദ്രത്തിലെ ത്തിച്ച കുട്ടിയെ ആരോഗ്യ പരിശോധനയ്ക്കായി വെള്ളിയാഴ്ച രാവിലെ തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദ്ദേശാനുസരണം തുടർചികിത്സ യ്ക്കായി കുട്ടി ഇതേ ആശുപത്രിയിൽ കഴിയുകയാണ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ ലഭിക്കുന്ന നാലാമത്തെ കുട്ടിയാണ് പുതിയ കുരുന്ന്. അവസാനം ലഭിച്ച ആറു കുട്ടികളിൽ അഞ്ചും ആൺകുട്ടികളായിരുന്നു.
2002 നവംബർ 14-ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ച ശേഷം സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകൾ വഴി ലഭിക്കുന്ന 587-ാ മത്തെ കുട്ടിയാണ് നർഗീസ്.
കുഞ്ഞിൻറെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.