ബുദ്ധിമുട്ടിക്കാൻ ഉറച്ച് ഡിവിഷൻ ആസ്ഥാനം. പൊറുതിമുട്ടി യാത്രക്കാർ..

 
train

കൊച്ചുവേളി ടെർമിനലും ഇരട്ട പാതയും അനുബന്ധ സംവിധാനങ്ങളും രാഷ്ട്രം ജനങ്ങൾക്ക് സമർപ്പിച്ചെങ്കിലും തിരുവനന്തപുരം ഡിവിഷനിൽ യാത്രാക്ലേശം പതിവിലും പതിന്മടങ്ങ് വർദ്ധിക്കുകയാണെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ്. അറ്റകുറ്റപണികൾ നടത്തി മിക്ക സ്ഥലങ്ങളിലും വേഗത വർദ്ധിപ്പിച്ചെങ്കിലും യാത്ര അവസാനിപ്പിക്കേണ്ട സ്റ്റേഷനുകളിലെ സമയത്തിൽ യാതൊരു മാറ്റവും വരുത്താത്തത് യാത്രക്കാരിൽ ശക്തമായ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. വഞ്ചിനാട്, ഇന്റർ സിറ്റി ട്രെയിനുകൾ പത്തുമണിയ്ക്ക് മുമ്പ് സെൻട്രലിൽ എത്തിക്കണമെന്ന ആവശ്യം വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുകയാണ്.

യാതൊരു മര്യാദയും കൂടാതെ ട്രെയിനുകൾ സ്റ്റേഷൻ ഔട്ടറുകളിൽ പിടിക്കുന്ന സംവിധാനമാണ് ഇപ്പോൾ ഡിവിഷൻ പരീക്ഷിച്ചുക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ഗതാഗത സംവിധാനമില്ലാത്ത സ്റ്റേഷൻ ഔട്ടറുകളിൽ യാത്രക്കാരെ ബന്ദികളാക്കുന്നതിലൂടെ കടുത്ത മാനസിക സംഘഷമാണ് യാത്രക്കാർ നേരിടുന്നത്. ബയോമെട്രിക് പഞ്ചിങ് സംവിധാനമാണ് ഇപ്പോൾ ഒട്ടു മിക്ക  ഓഫീസുകളിലും ഹാജർ നിലയും അവധികളും നിശ്ചയിക്കുന്നത്. ഇത്തരത്തിൽ ട്രെയിനുകളുടെ സമയം തെറ്റിയുള്ള ഓട്ടം മൂലം പതിവായി പകുതി സാലറി നഷ്ടമാകുന്നതായുള്ള യാത്രക്കാരുടെ വിലാപത്തിന് പുല്ല് വിലയാണ് റെയിൽവേ നൽകുന്നത്. ഔട്ടറുകളിൽ പിടിക്കുന്നതിന് പകരം സ്റ്റേഷനിൽ പിടിക്കുകയാണെങ്കിൽ മറ്റു ഗതാഗത മാർഗ്ഗങ്ങളെ ആശ്രയിക്കാമെന്ന് യാത്രക്കാർ പറയുന്നു. ചെന്നൈ സൂപ്പർ, വഞ്ചിനാട്, ഇന്റർസിറ്റി, കന്യാകുമാരി ജയന്തി,  പുനലൂർ - നാഗർകോവിൽ, ശബരി, പരശു, ഷാലിമാർ തുടങ്ങി പേട്ടയിൽ stop ഉള്ളതും ഇല്ലാത്തതുമായ എല്ലാ ട്രെയിനുകളും തിരുവനന്തപുരം പേട്ട സ്റ്റേഷൻ ഔട്ടറിൽ പിടിക്കുന്നത് ഇപ്പോൾ സ്ഥിരം സംഭവമാണ്. ഈ സമയങ്ങളിൽ പേട്ട സ്റ്റേഷനിൽ ട്രെയിനുകൾ ഒന്നുമില്ലായെന്നതും ശ്രദ്ധേയമാണ്. മനഃപൂർവം റെയിൽവേ ഇവിടെ അസൗകര്യം സൃഷ്ടിക്കുകയാണ് . എന്നാൽ പേട്ട സ്റ്റേഷനിൽ പിടിച്ചിട്ടാൽ അവിടെ ഇറങ്ങി യാത്രക്കാർക്ക് മറ്റു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാവുന്നതാണ്.

ജീവനക്കാരുടെ അനാസ്ഥയാണ് യാത്രാക്ലേശം ഇരട്ടിപ്പിക്കുന്നതെന്ന ആരോപണവുമുണ്ട്. വൈകി വരുന്ന ട്രെയിനുകളെ കായംകുളം, കൊല്ലം സ്റ്റേഷനുകളിൽ നിന്ന് വഞ്ചിനാട്, ഇന്റർസിറ്റി ട്രെയിനുകളെ പിടിച്ചിട്ടശേഷം കടത്തി വിടുന്ന റെയിൽവേയിലെ കൺട്രോളിംഗ് വിഭാഗം കൊച്ചുവേളിയ്‌ക്ക് ശേഷം ഇതേ ട്രെയിനുകളെ പിടിച്ചിട്ട ശേഷം വഞ്ചിനാട്, ഇന്റർ ട്രെയിനുകൾക്ക് സിഗ്നൽ നൽകുന്നുണ്ട്. നേരെത്തെ എത്താമെന്ന് നിനച്ച് ആദ്യം പുറപ്പെടുന്ന ട്രെയിനുകളിൽ ഇടം പിടിച്ചവരെ അരമണിക്കൂറിലേറെ പല സ്റ്റേഷൻ ഔട്ടറിലായി കാത്തുകെട്ടി കിടത്തുന്നത്  തിരുവനന്തപുരം ഡിവിഷന്റെ ഒരു വിനോദമാണ്. ട്രെയിനുകൾ ഓടുന്നത് യാത്രക്കാർക്ക് വേണ്ടിയാണ് , എന്നാൽ ട്രെയിനുകളുടെ സമയത്തിന് നൽകുന്ന പ്രാധാന്യം യാത്രക്കാരുടെ സമയത്തിന് നൽകുന്നില്ലെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് അഭിപ്രായപ്പെട്ടു. യാത്രക്കാർക്ക് അനുകൂലമാകുന്ന വിധമല്ല സമയക്രമം ഡിവിഷൻ ചിട്ടപ്പെടുത്തുന്നത്. 


പലപ്പോഴും പ്ലാറ്റ് ഫോം ദൗർലഭ്യമെന്ന കാരണം പറഞ്ഞ് ഡിവിഷൻ യാത്രക്കാരുടെ വായടപ്പിക്കുകയാണ്  പതിവ്. അതിനൂതന സംവിധാനങ്ങളിലും ആധുനിക സാങ്കേതിക വിദ്യകളിലും റെയിൽവേ  ബഹുദൂരം മുന്നോട്ടു പോയെങ്കിലും പുതുതായി ഒരു ട്രെയിൻ പോലും ഇടം നൽകാതെ ഡിവിഷൻ ആസ്ഥാനം അനാവശ്യത്തിരക്ക് സൃഷ്ടിക്കുകയാണ്.  അധികൃതരുടെ അനാസ്ഥയാണ് യാത്രാദുരിതം ഇരട്ടിപ്പിക്കുന്നത്. ആവശ്യത്തിന് സ്റ്റാഫുകളെ നിയമിക്കാനോ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനോ ശ്രമിക്കാതെ ബഫർ ടൈമുകൾ അധീകരിപ്പിച്ച് റെയിൽവേയുടെ ഗുഡ് ബുക്കിൽ ഇടം പിടിക്കാൻ ഡിവിഷൻ നടത്തുന്ന കപട നാടകങ്ങൾക്ക് ബലിയാടാവുന്നത് യാത്രക്കാരാണ്..


പുറപ്പെടുന്ന സമയങ്ങളിൽ ഭേദഗതി വരുത്താതെ ബഫർ സമയങ്ങൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് മാറ്റി റെയിൽവേ നടത്തുന്ന പരീക്ഷണങ്ങളിലും യാത്രക്കാർ അതൃപ്തരാണ്. ഒടുവിലായി പരശുറാം എക്സ്പ്രസ്സിന്റെ എറണാകുളം മുതൽ കൊല്ലം വരെയുള്ള സമയത്തിലും നാഗാർകോവിൽ കോട്ടയം എക്സ്പ്രസിന്റെ കൊല്ലം മുതലുള്ള സമയത്തിലും ഭേദഗതി വരുത്തിയിരുന്നു. ജനങ്ങളെ ദ്രോഹിക്കുന്നതിൽ തിരുവനന്തപുരം ഡിവിഷൻ ഗവേഷണം നടത്തുകയാണെന്ന് യാത്രക്കാർ പറയുന്നു