സ്ത്രീകള്‍ക്കെതിരായ ആക്രമണം പ്രതിരോധിക്കുന്നതില്‍ പൊതുജനാഭിപ്രായ രൂപീകരണം നിര്‍ണായകം: ദേശീയ വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി
സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മുന്‍കൂട്ടികണ്ടു പ്രതിരോധം ഒരുക്കുന്നതില്‍ പൊതുജനാഭിപ്രായ രൂപീകരണം വളരെ പ്രധാനമെന്ന് ദേശീയ വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി മീനാക്ഷി നെഗി പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വനിത കമ്മിഷനുകളുടെ റീജിയണല്‍ മീറ്റില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ദേശീയ വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി. ദേശീയ വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച പരിപാടിക്ക് ആതിഥ്യം വഹിച്ചത് കേരള വനിതാ കമ്മീഷനാണ്.
'സ്്ത്രീകള്‍ക്കെതിരെ ആക്രമണങ്ങളും വിവേചനങ്ങളും സംഭവിച്ചു കഴിഞ്ഞശേഷം നടപടി എടുക്കുന്നതിലുപരി ആക്രമണങ്ങള്‍ മുന്‍കൂട്ടികണ്ടു പ്രതിരോധിക്കാനാണ് കമ്മിഷന്‍ ശ്രമിക്കുന്നത്. മോശം സംഭവങ്ങളുണ്ടാകുന്നതു വരെ കാത്തിരിക്കാന്‍ ആവില്ല. അത്തരത്തില്‍ പ്രതിരോധം ഒരുക്കണമെങ്കില്‍ ശക്തമായ പൊതുജനാഭിപ്രായം രൂപീകരിക്കേണ്ടതുണ്ട്. വലിയതോതില്‍ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്. ചതിക്കുഴികളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക, അത് സമൂഹം ഉള്‍ക്കൊള്ളുക എന്നത് സുപ്രധാനമാണ്.
കശ്മീരിലേക്ക് കടത്തിക്കൊണ്ടു വരുന്ന സ്ത്രീകളില്‍ കൂടുതലും കിഴക്കന്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ ഭാഷയുടെയോ സംസ്ഥാനത്തിന്റെയോ അതിര്‍ത്തികള്‍ ഭേദിക്കുന്നതാണ്. ശ്രീനഗറില്‍ നിന്നും രക്ഷപ്പെടുത്തുന്ന പെണ്‍കുട്ടികളില്‍ കൂടുതല്‍ പേരും കിഴക്കന്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മികച്ച ജോലി, വിവാഹം, നല്ല ജീവിതം എന്നീ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് അവരെ കൊണ്ടു പോകുന്നത്. റീജിയണല്‍ മീറ്റില്‍ നിന്നും ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ദേശീയ വനിതാ കമ്മീഷന്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെടുത്തുമെന്നും ദേശീയ വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി പറഞ്ഞു. സുപ്രധാനമായ റീജിയണല്‍ മീറ്റിന് ആതിഥ്യം വഹിക്കാന്‍ മുന്നോട്ടുവന്ന കേരള വനിതാ കമ്മിഷനെ ദേശീയ വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി അഭിനന്ദിച്ചു.
മണിപ്പൂരില്‍ നടക്കുന്നത് സ്ത്രീകളുടെ മനുഷ്യാവകാശ
ലംഘനമെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ
മണിപ്പൂരിലെ സംഘര്‍ഷ സ്ഥിതിയില്‍ എല്ലാ ദുരിതങ്ങളും പേറേണ്ടിവരുന്ന സ്ത്രീകളുടെ കഠിനാവസ്ഥ വേദനിപ്പിക്കുന്നതാണെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വനിത കമ്മിഷനുകളുടെ റീജിയണല്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ. സ്ത്രീകളുടെ മനുഷ്യാവകാശ ലംഘനമാണ് വലിയതോതില്‍ അവിടെ നടക്കുന്നത്. ഇത് സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നു. അക്രമത്തിനിരയായ സ്ത്രീകളെ പിന്തുണയ്ക്കാന്‍ എല്ലാവരും ഏകമനസോടെ മുന്നോട്ടുവരണം. കൂടുതല്‍ ലിംഗസമത്വം പുലരുന്ന സമൂഹം കെട്ടിപ്പടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം നടപ്പാക്കുന്നതിന് ദേശീയ വനിത കമ്മീഷന്റെ ധനസഹായം ലഭ്യമാക്കണമെന്നും കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
തമിഴ്നാട് വനിതാ കമ്മിഷന്‍ അധ്യക്ഷ എ.എസ്. കുമാരി, സംസ്ഥാന വനിത ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ മഞ്ജു പ്രസന്നന്‍ പിള്ള, സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക, സംസ്ഥാന വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയ വാഷിങ്ടണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരള വനിത കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിന്നുള്ള വനിത ശിശു വികസന വകുപ്പ്, സാമൂഹിക നീതി വകുപ്പ്, എന്‍ജിഒകള്‍, ഈ രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ ഏകദിന റീജിയണല്‍ മീറ്റില്‍ പങ്കെടുത്തു.
വിശദവും ആശയസമ്പുഷ്ടവുമായ ചര്‍ച്ചകള്‍
സ്വാധാര്‍ ഗ്രഹ്, ഉജ്വല പദ്ധതികള്‍ക്കു കീഴിലെ സെന്ററുകള്‍, വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിശദവും ആശയ സമ്പുഷ്ടവുമായ ചര്‍ച്ചകള്‍ വനിത കമ്മിഷനുകളുടെ റീജിയണല്‍ മീറ്റില്‍ നടന്നു. അഗതികളും അശരണരുമായ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പദ്ധതിയാണ്് സ്വാധാര്‍ ഗ്രഹ്. ഉജ്വല ഹോമുകള്‍ ട്രാഫിക്കിംഗിനു വിധേയരായ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പദ്ധതിയാണ്. വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ വിവിധ സന്നദ്ധ സംഘടനകള്‍(എന്‍ജിഒ) മുഖേന നടപ്പാക്കി വരുന്ന സ്വാധാര്‍ ഗ്രഹ്, ഉജ്വല പദ്ധതികള്‍ മിഷന്‍ ശക്തി പരിപാടിയുടെ ഭാഗമായി ശക്തിസദനുകളായി പുനര്‍നാമകരണം ചെയ്ത് പ്രവര്‍ത്തിക്കാന്‍ 2022ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായിരുന്നു. ഇപ്രകാരം പദ്ധതി നടത്തിപ്പില്‍ മാറ്റം വരുത്തിയത് കാരണം നിലവില്‍ എന്‍ജിഒകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്തു. മിഷന്‍ ശക്തി പരിപാടിയുടെ ഭാഗമായി പുനര്‍നാമകരണം നടത്തിയെങ്കിലും ഫണ്ട് കൃത്യമായി ലഭ്യമാകുന്നില്ല എന്ന് എന്‍ജിഒ പ്രതിനിധികള്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി കുടിശികയായി കിടക്കുന്നതും സമയബന്ധിതമായി ഫണ്ട് ലഭ്യമല്ലാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മതിയായ പരിശീലനം ലഭ്യമായ സൈക്കോളജിസ്റ്റുകളുടെ സേവനം കൗണ്‍സിലിംഗിന് ലഭ്യമാകാതിരിക്കുന്നതും സ്വാധാര്‍ ഗ്രഹുകളുടെ പ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. കൗണ്‍സിലര്‍ പോസ്റ്റ് റദ്ദാക്കിയത് വളരെയധികം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും അഭിപ്രായം ഉയര്‍ന്നു.