കഴക്കൂട്ടം മുൻ എംഎൽഎ പ്രഫ. എ.നബീസ ഉമ്മാൾ അന്തരിച്ചു

 
pix

ജനപ്രതിനിധിയും അദ്ധ്യാപികയുമായ പ്രൊഫ. നബീസ ഉമ്മാൾ (92) അന്തരിച്ചു. നെടുമങ്ങാട് പത്താംകല്ലിലെ വസതിയിലായിരുന്നു അന്ത്യം. സാമൂഹിക രാഷ്ട്രീയ രംഗത്തെ വലിയ സാന്നിദ്ധ്യമായിരുന്ന നബീസാ ഉമ്മാള്‍ ഭാഷാ പണ്ഡിതയും സാംസ്‌കാരിക പ്രഭാഷകയുമായിരുന്നു.

മുൻ കഴക്കൂട്ടം എംഎൽഎയായിരുന്ന നബീസാ ഉമ്മാള്‍ 1987 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ എം സ്വതന്ത്ര സ്ഥാനാർത്ഥിയായി കഴക്കൂട്ടം മണ്ഡലത്തിൽ നിന്നുമാണ് മത്സരിച്ച് ജയിച്ചത്. എന്നാല്‍ 1991ലെ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തുനിന്നും എം വി രാഘവനോട് 689 വോട്ടുകൾക്ക് പരാജയപ്പെട്ടു. 1995ൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സണായി.

കേരളത്തിലെ നിരവധി സർക്കാർ കോളേജുകളിൽ അധ്യാപികയും പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലീംസ്ത്രീ കൂടിയായ നബീസാ 1986ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പ്രിന്‍സിപ്പലായിരിക്കെയാണ് സർവിസിൽ നിന്നും വിരമിച്ചത്. എ ആര്‍ രാജരാജവര്‍മക്കുശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ വകുപ്പ് അധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യയാളായിരുന്നു.

 ഭർത്താവ്: പരേതനായ എം.ഹുസൈൻകുഞ്ഞ്. മക്കൾ: റഹിം (റിട്ട.അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ), ലൈല (റിട്ട. ബിഎസ്എൻഎൽ), സലിം (കേബിൾ ടിവി), താര (അധ്യാപിക, കോട്ടൻഹിൽ ഹയർ സെക്കൻഡറി സ്കൂൾ), പരേതരായ റസിയ, ഹാഷിം. മരുമക്കൾ: ഷൈല (റിട്ട. പിആർഡി അസിസ്റ്റന്റ് ഡയറക്ടർ), സുലൈമാൻ, മുനീറ, പരേതരായ കുഞ്ഞുമോൻ, ഷീബ. ഖബറടക്കം വൈകിട്ട് അഞ്ചിന് മണക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

നബീസാ ഉമ്മാളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു


പ്രൊഫ. നബീസാ ഉമ്മാളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 

മികച്ച പ്രഭാഷകയും  നിയമസഭാ സാമാജികയായിരുന്ന നബീസാ ഉമ്മാൾ സംസ്ഥാനത്തെ നിരവധി സർക്കാർ കേളേജുകളിൽ  വിദ്യാർഥികളുടെ പ്രിയപ്പെട്ട ഗുരുനാഥയായിരുന്നു. 
എ. ആർ. രാജരാജവർമക്കു ശേഷം യൂനിവേഴ്സിറ്റി കോളേജിൽ വകുപ്പ് അധ്യക്ഷയും പ്രിൻസിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയാണവർ. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടുന്ന ആദ്യ മുസ്ലീം പെൺകുട്ടി എന്ന നിലയിലും ശ്രദ്ധേയയായി. ഇടതു പക്ഷത്തോടൊപ്പമാണ് അവർ നിലയുറപ്പിച്ചിരുന്നത്
- മുഖ്യമന്ത്രി അനുസ്മരിച്ചു.

നബീസ ഉമ്മാളിന്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു. 

നബീസ ഉമ്മാളിന്റെ നിര്യാണത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.

നിയമസഭാ ചരിത്രത്തിൽ  നബീസ ഉമ്മാൾ എക്കാലത്തും ഓർക്കപ്പെടുന്ന നേതാവായിരിക്കും.

കഴക്കൂട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ച് എട്ടാം കേരള  നിയമസഭാംഗമായ നബീസ ഉമ്മാൾ അധ്യാപിക, പ്രഭാഷക എന്നീ നിലകളിലും കേരളത്തിന്റെ സാംസ്കാരിക- രഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണെന്നും സ്പീക്കർ അനുസ്മരിച്ചു. 

നബീസ ഉമ്മാളിന്റെ വിയോഗദുഃഖത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം സ്പീക്കറും പങ്കുചേർന്നു.