എഫ്.പി.ഒ കള്‍ ധവളവിപ്ലവത്തിന് ശേഷം കാര്‍ഷികരംഗത്ത് രാജ്യം കണ്ട ഏറ്റവും വലിയ മുന്നേറ്റം: വി.മുരളീധരൻ

 
murali

കര്‍ഷകർക്ക് കൂടുതൽ വരുമാനം കണ്ടെത്താനുള്ള നയവും നിലപാടുമാണ് നരേന്ദ്രമോദി സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം.  കർഷകരെ സംരംഭകര്‍ കൂടിയാക്കുന്ന എഫ്പിഒകള്‍, ധവളവിപ്ലവത്തിന് ശേഷം  കാര്‍ഷിക രംഗത്ത് രാജ്യം കണ്ട ഏറ്റവും വലിയ മുന്നേറ്റമാണ്. മുൻപ്  കാർഷിക ഉത്പന്നങ്ങളുടെ വില നിശ്ചയിച്ചിരുന്നത് വിപണിയായിരുന്നുവെങ്കിൽ ഇന്ന് കർഷകർ തന്നെ വില നിശ്ചയിക്കുന്നു. 'ഉൽപാദന കേന്ദ്രീകൃത'ത്തിന് പകരം 'വരുമാന കേന്ദ്രീകൃത'മാകുകയാണ് രാജ്യത്തെ കാർഷിക മേഖലയെന്നും വി.മുരളീധരൻ പറഞ്ഞു.

ജയ് ജവാൻ ജയ് കിസാൻ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുദ്രാവാക്യങ്ങളായി നിന്ന കാലത്ത് നിന്ന് രാജ്യം ഏറെ മാറി. ആധുനികവത്കരണത്തിലും സാങ്കേതികവത്കരണത്തിലുമൂന്നി കാർഷിക മേഖല പുരോഗമിക്കുയാണ്. സമൂഹത്തെ കൃഷിയിലേക്ക് ആകർഷിക്കാന്‍ പറ്റുന്ന നിരവധി മാറ്റങ്ങള്‍ പത്ത് വർഷത്തിനിടെയുണ്ടായെന്നും വി.മുരളീധരൻ പറഞ്ഞു.

കർഷകർക്ക് ഇന്ന് വിലപേശാനുള്ള സാഹചര്യം രാജ്യത്തുണ്ട്. ആഭ്യന്തര-അന്തര്‍ദേശീയ വിപണികളിലേക്കുള്ള കർഷകരുടെ പ്രവേശനം എളുപ്പമാക്കാനും പുതിയ മാറ്റങ്ങളിലൂടെ സാധിച്ചു.  രാജ്യത്ത് അഇന്ന് 3000-ലധികം അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. കാർഷിക വിപണന കേന്ദ്രമായ അഗ്രോകോപ്‌സ് അഴൂർ കാറ്റാടിമുക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.