ദില്ലിയിൽ കൂട്ടുകാർ, കേരളത്തിൽ എതിരാളികൾ; ഇണ്ടി മുന്നണിക്കെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി

 
bjp

ദില്ലിയിലെ കൂട്ടുകാർ കേരളത്തിലെ എതിരാളികളാവുന്ന ഇണ്ടി മുന്നണിയുടെ നിലപാട് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ എൻഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി നടത്തിയ റോഡ്ഷോയിൽ സംസാരിക്കുകയായിരുന്നു അവര്‍. തമിഴ്നാട്ടിൽ കോൺഗ്രസ്,സിപിഎം, മുസ്ലിം ലീഗ് ഒരു മുന്നണിയായാണ് മത്സരിക്കുന്നത്. കേരളത്തിൽ പരസ്പരം പോരടിക്കുന്നു.

ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി? രാഹുൽ ഗാന്ധിയാണെങ്കിൽ അദ്ദേഹത്തിനെതിരെ നിങ്ങൾ മത്സരിക്കില്ലല്ലോ. രാഹുലിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം ഇണ്ടി മുന്നണിയിലെ ഘടകകക്ഷികൾ പോലും അംഗീകരിക്കുന്നില്ല. ഇണ്ടി സഖ്യത്തിന് സ്വീകാര്യമല്ലാത്ത രാഹുൽ ഗാന്ധിയെ വയനാട്ടുകാർ എന്തിന് സ്വീകരിക്കണം?
 രാഹുലിന് ധൈര്യമുണ്ടെങ്കിൽ എസ്ഡിപിഐ നൽകുന്ന വോട്ടുകൾ വേണ്ടായെന്ന് പറയണമെന്നും  സ്മൃതി ഇറാനി പറഞ്ഞു. 

നാല് പതിറ്റാണ്ടായി നെഹ്റു കുടുംബത്തിൻ്റെ കുത്തകയായിരുന്ന മണ്ഡലത്തിൽ നിന്നാണ് ഞാൻ വരുന്നത്. മോദി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് അമേഠിയിൽ കളക്ട്രേറ്റ് ഓഫീസ് നിർമ്മിച്ചത്. കഴിഞ്ഞ 50 വർഷമായി നെഹ്റു കുടുംബം അമേഠിയെ പറ്റി വാചാലരായെങ്കിലും അവർ അമേഠിക്ക് വേണ്ടി എന്താണ് ചെയ്തത്? ഇപ്പോൾ അവർ പറയുന്നു വയനാട്  അവരുടെ കുടുംബമാണെന്ന്. അവർ കുടുംബം എന്ന് വിളിച്ച് അമേഠിയെ ആദ്യം വഞ്ചിച്ചു. ഇപ്പോൾ വയനാടിനെയും വഞ്ചിക്കുന്നു. രാഹുൽ ഗാന്ധി വിജയിക്കാൻ വേണ്ടി നിരോധിക്കപ്പെട്ട സംഘടനയുടെ സഹായം തേടുകയാണെന്നും സ്മൃതി പറഞ്ഞു. 
കൊള്ളയടി മാത്രമാണ് പ്രതിപക്ഷത്തിൻ്റെ ലക്ഷ്യം. കരുവന്നൂർ ബാങ്കിൽ സിപിഎം കൊള്ള നടത്തി. പുൽപ്പള്ളി ബാങ്ക് കോൺഗ്രസ് കൊള്ളയടിച്ചു. കണ്ടലയിൽ സിപിഐയാണെങ്കിൽ എആർ നഗർ മുസ്ലിം ലീഗാണ്. കേരളത്തെ കൊള്ളയടിക്കുകയാണ് ഇവരെന്നും സ്‌മൃതി ഇറാനി കുറ്റപ്പെടുത്തി.


നാടിന് വേണ്ടി പ്രവർത്തിച്ചത് കൊണ്ട് ബിജെപിക്ക് നിരവധി ബലിദാനികളുണ്ടായ സംസ്ഥാനമാണ് കേരളം. അവരെ ഞാൻ സ്മരിക്കുകയും അവരുടെ സ്മരണയ്ക്കായി ഈ റോഡ്ഷോ സമർപ്പിക്കുകയും ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.