മുഖ്യമന്ത്രി പിണറായി വിജയന്റെ പത്തനംതിട്ടയിലെ വാർത്താസമ്മേളനത്തിൽ നിന്ന്

 
C M

നവകേരള സദസ്സ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഒരു മാസമാവുകയാണ്. 
പന്ത്രണ്ടാമത്തെ ജില്ലയിൽ 
ഇന്നലെ പ്രവേശിച്ചു.  

കോട്ടയം കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റബ്ബർ കൃഷി ഉള്ളത് പത്തനംതിട്ട ജില്ലയിലാണ്.  ‘‘വെെറ്റ് ഗോൾഡ്’’ (വെളുത്ത സ്വർണം) എന്നാണ് റബ്ബർ അറിയപ്പെട്ടിരുന്നത്.   2011 കാലത്ത് കിലോയ്ക്ക് 230–240 രൂപ വരെ വില ഉണ്ടായിരുന്ന റബ്ബറിന് 2023 ജൂൺ–ജൂലെെയിൽ ലഭിച്ചത് 120 രൂപ മാത്രമാണ്. വലിയ വില തകർച്ചയാണിത്.

ഉദാരവത്കരണ നയങ്ങളുടെ തിക്തഫലമാണ് റബ്ബർ കർഷകരുടെ ഇന്നത്തെ അവസ്ഥ. കൃഷിക്കാർക്ക് അവർ ഉത്പാദിപ്പിക്കുന്ന റബ്ബറിനു ന്യായവില  ഉറപ്പാക്കിയിരുന്ന, വിപണിയിൽ ഇടപെടാൻ  സർക്കാരിനു സാധിച്ചിരുന്ന നയം  അട്ടിമറിക്കപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ഈ രൂപത്തിൽ ഗുരുതരമായത്.  ഇപ്പോൾ  കേരളത്തിൻ്റെ റവന്യൂ വരുമാനത്തിൽ വലിയ പങ്കുവഹിച്ചിരുന്ന റബ്ബർ കാർഷിക മേഖല പ്രതിസന്ധിയിലായി. 

മിക്കവാറും എല്ലാ ആസിയാൻ രാജ്യങ്ങളിൽനിന്നും ഇറക്കുമതി ചുങ്കം പൂർണമായും ഒഴിവാക്കിയാണ് രാജ്യത്തേക്ക് റബ്ബർ ഇറക്കുമതി ചെയ്യുന്നത്. 2005 - 2006-ൽ 45,000 ടൺ ആണ് ഇറക്കുമതി ചെയ്തതെങ്കിൽ ഇപ്പോൾ അത് 5 ലക്ഷത്തിലധികം ടണ്ണാണ്; അതായത് ഏകദേശം 12 ഇരട്ടിയാണ് നിലവിൽ  ഇറക്കുമതി ചെയ്യുന്നത്. 2021 - 2022 ൽ റബ്ബർ ഉപഭോഗം 12 ലക്ഷം ടൺ ആയി വർദ്ധിച്ചെങ്കിലും ആഭ്യന്തര ഉൽപാദനം 5.6 ലക്ഷം ടൺ ആയി കുറഞ്ഞു.

നമ്മുടെ നാട്ടിൽ ഒരു റബ്ബർ കർഷകന് ഹെക്ടർ ഒന്നിന് 25,000 രൂപ സബ്സിഡി ലഭിക്കുമ്പോൾ തായ്ലൻഡിൽ ഹെക്ടർ ഒന്നിന് 2,08,000 രൂപയും മലേഷ്യയിൽ 1,57,800 രൂപയും ശ്രീലങ്കയിൽ 64,200 രൂപയുമാണ് സബ്സിഡി ലഭിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി കേന്ദ്ര സർക്കാർ കേരളത്തിന് ഈ തുക നൽകുന്നില്ല.

ഇറക്കുമതിച്ചുങ്കം വർദ്ധിപ്പിച്ചാൽ  സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കാം. ആഗോള കരാറുകളുടെ ഭാഗമായതിനാൽ അതു സാധ്യമല്ല എന്നാണു കേന്ദ്രം പറയുന്നത്. വ്യാവസായിക അസംസ്കൃത വസ്തുവായി പരിഗണിക്കുന്നതു മാറ്റി റബ്ബറിനെ കാർഷികോത്പന്നമായി കണക്കാക്കാനും കേന്ദ്ര സർക്കാർ തയ്യാറല്ല.  സ്വാഭാവിക പരുത്തിക്ക് ആണ്ടുതോറും ന്യായവില ഉയർത്തിക്കൊടുക്കാൻ തടസ്സമില്ലാത്തവർക്ക്, റബ്ബറിന്റെ ഇറക്കുമതി മാത്രം നിയന്ത്രിക്കാൻ കഴിയുന്നില്ല.

ഇതിനു പിന്നിലെ പ്രധാന കാരണം രാജ്യത്തെ ടയർ നിർമ്മാണ കുത്തകകൾക്കായി റബ്ബറിൻ്റെ വിലയിടിച്ചു നിർത്തുക എന്ന ലക്ഷ്യമാണ്. റബ്ബർ കർഷകർ സാമ്പത്തിക പ്രതിസന്ധിയിലാവുമ്പോൾ ടയർ കമ്പനികൾ കൊള്ളലാഭം കൊയ്യുകയാണ്. ഉദാഹരണത്തിന് സംസ്ഥാനത്തെ പ്രമുഖ ഗ്രൂപ്പിൻ്റെ ടയർ കമ്പനിക്ക്   2013 സെപ്റ്റംബറിൽ ഉണ്ടായിരുന്ന സമാഹൃത മൂല്യം 3645 കോടി രൂപയായിരുന്നെങ്കിൽ, 2023 മാർച്ച് ആയപ്പോൾ 14509 കോടി രൂപയായി ഉയർന്നു.  പത്ത് വർഷം കൊണ്ട്  സമാഹൃത മൂല്യം നാലിരട്ടിയാണ് കൂടിയത്. മറ്റൊരു പ്രധാന ടയർ കുത്തക കമ്പനിയുടെ വളർച്ച അഞ്ചിരട്ടിയാണ്.

റബ്ബർ കർഷകർ ദുരിതങ്ങൾ നേരിടുന്ന ഘട്ടത്തിൽ അതിനെ കൂടുതൽ ആഴത്തിലേയ്ക്ക് തള്ളി വിടുന്ന വെട്ടിപ്പാണ് ടയർ കമ്പനികൾ നടത്തുന്നതെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) കണ്ടെത്തിയിരിക്കുന്നു. പ്രമുഖ ടയർ കമ്പനികളും അവരുടെ കോർപ്പറേറ്റ് ലോബിയിംഗ് കമ്പനിയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷനും കോമ്പറ്റീഷൻ നിയമം ലംഘിച്ചുകൊണ്ട് കാർട്ടൽ രൂപീകരിക്കുകയും വിവരങ്ങൾ പങ്കിടുകയും ടയർ വിലകൾ നിശ്ചയിക്കുകയും ചെയ്തുവെന്നാണ് സി.സി.ഐ കണ്ടെത്തിയത്.

ടയറുകൾ നിർമിക്കുന്നതിനുള്ള മുഖ്യ അസംസ്കൃത വസ്തുവായ സ്വാഭാവിക റബ്ബറിൻ്റെയടക്കം എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും ആകെ വില ഇടിഞ്ഞപ്പോഴും, ഉയർത്തിയ ടയർ വില  നിലനിർത്തുന്നതിനായി ടയർ കമ്പനികൾ ഒത്തുകളിച്ചു. ഉപഭോക്താക്കളെ കൂടി വഞ്ചിച്ച കമ്പനികൾക്ക് 1788 കോടി രൂപയുടെ അതിഭീമമായ പിഴയാണ് സിസിഐ ചുമത്തിയിരിക്കുന്നത്. എന്നാൽ ഈ പിഴ ഈടാക്കി അതിൽ നിന്നും കർഷകർക്കു കൂടി അവകാശപ്പെട്ട തുക നൽകുന്നതിനു പകരം നടപടിയെടുക്കാൻ മടിച്ചു നിൽക്കുകയാണ് കേന്ദ്ര സർക്കാർ.

ഈ വിധം കേരളത്തിൻ്റെ റബ്ബർ മേഖലയെ അവഗണിക്കുന്ന കേന്ദ്ര  ഗവണ്മൻ്റ്  ആസാം അടക്കമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബ്ബർ കൃഷി വ്യാപിക്കുന്നതിനായി ടയർ കമ്പനികളുടെ  സഹായത്തോടെ ഇൻറോഡ് എന്ന റബ്ബർ കൃഷി വികസന പദ്ധതി നടപ്പാക്കുകയാണ് ചെയ്യുന്നത്.

അതിനു പുറമേ 1947 ലെ റബ്ബർ ആക്ട് റദ്ദുചെയ്തുകൊണ്ട് റബ്ബർ പ്രമോഷൻ ആൻഡ്  ഡെവലപ്മെന്റ് ബിൽ എന്ന പേരിൽ അങ്ങയേറ്റം കർഷക വിരുദ്ധമായ ഒരു ബില്ല് കേന്ദ്രസർക്കാർ ഈ വർഷം തുടക്കത്തിൽ പാർലമെൻ്റിൽ അവതരിപ്പിച്ചു. ഇത് നിയമമായാൽ റബ്ബർ ബോർഡിന്റെ ശുപാർശ പരിഗണിക്കാതെ തോന്നുംവിധം റബ്ബറിന്റെ വില നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിന് കഴിയും.

റബ്ബർ കൃഷിക്കും സംസ്കരണത്തിനും ഉപയോഗിക്കുന്ന ആസിഡുകൾക്കും ബിറ്റുമിനും പ്ലാസ്റ്റിക് തുടങ്ങിയ അസംസ്കൃത വസ്തുക്കൾക്കും വില ക്രമാതീതമായി വർദ്ധിച്ചതും ഉൽപാദന ചെലവ് വൻ തോതിൽ ഉയരാനിടയായി.  ഒരു ഹെക്ടറിന് ഇരുപത്തി അയ്യായിരം രൂപ വരെ ആവർത്തന കൃഷിക്കായി നൽകിയിരുന്നത് വർഷങ്ങളായി നിർത്തിവച്ചിരിക്കുന്നു. കേരളത്തിലെ റബ്ബർ കൃഷിക്കാർക്ക് റബ്ബർ ബോർഡ് ഫണ്ട് മാറ്റിവയ്ക്കുന്നില്ല. റബ്ബറിന് വിലസ്ഥിരതാഫണ്ട് ഏർപ്പെടുത്തിയ കേരള സർക്കാരിന്റെ തീരുമാനം നടപ്പാക്കാൻ റബ്ബർ ബോർഡ് സഹകരിക്കുന്നില്ല. റബ്ബർ കൃഷിയിൽനിന്ന് കർഷകരെ പുറന്തള്ളാനുള്ള ലക്ഷ്യമാണ് കേന്ദ്ര നീക്കത്തിനു പിന്നിൽ.

റബ്ബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് ഇടതുപക്ഷ എംപിമാർ ഈ വർഷം ആദ്യം നൽകിയ നിവേദനത്തിനു നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. മിശ്രിത റബ്ബറിന്റെയും സ്വാഭാവിക റബ്ബറിന്റെയും ഇറക്കുമതി തീരുവ ഒരുപോലെ ഉയർത്തുവാനും റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കുക എന്ന ദീർഘകാല ആവശ്യം പരിഗണിക്കാനും കേന്ദ്ര സർക്കാർ തയ്യാറല്ല.

പരിമിതികൾ ഏറെയുണ്ടെങ്കിലും ഇതിനെതിരെ ശക്തമായ പ്രതിഷേധവും ബദൽ മാർഗങ്ങളുമാണ് സംസ്ഥാന സർക്കാർ ഉയർത്തിയിട്ടുള്ളത്. യു ഡി എഫ് ഭരണകാലത്ത്  കിലോയ്ക്കു 150 രൂപ ആയിരുന്ന ന്യായവില എൽ ഡിഎഫ് ഭരണത്തിൽ  170 രൂപയായി ഉയർത്തി. 250 രൂപയായി ഉയർത്തണമെന്ന ആവശ്യമാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു മുന്നിൽ വച്ചിട്ടുള്ളത്.

സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് പുതുതായി കൃഷിയിറക്കുന്നതിനും ആവർത്തന കൃഷിക്കും ഹെക്ടറിന് 25,000 രൂപ നിരക്കിൽ  ധനസഹായം നൽകുന്നു. അതുകൂടാതെ റബ്ബർ തോട്ടങ്ങളിൽ  റെയിൻ ഗാർഡ് ചെയ്യുന്നതിന് ഹെക്ടറിന് 5,000 രൂപയും മരുന്നു തളിക്കുന്നതിന് ഹെക്ടറിന് 7,500 രൂപയും ധനസഹായം നൽകുന്നുണ്ട്. റബ്ബർ സബ്സിഡിക്കുള്ള തുക 600 കോടി രൂപയായി ഉയർത്തി.

റബ്ബർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം നടപ്പാക്കി. ഈ പദ്ധതി പ്രകാരം റബ്ബറിന്റെ  താങ്ങുവിലയും റബ്ബർ ബോർഡ് ദിവസേന നിശ്ചയിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം സബ്സിഡിയായി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കുന്നുണ്ട്. ഒരു ഹെക്ടറിൽ പ്രതിവർഷം 1,800 കിലോഗ്രാം റബ്ബറിനാണ് ആനുകൂല്യം നൽകുക. 5 ഹെക്ടറിൽ താഴെ കൃഷിയുള്ള കർഷകർക്ക് പരമാവധി 2 ഹെക്ടറിന് ഈ സബ്സിഡി ലഭ്യമാകും. ഈ പദ്ധതിക്കായി നടപ്പുസാമ്പത്തിക വർഷം 500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അടുത്ത സാമ്പത്തിക വർഷത്തേക്ക് 600 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 2022-23-ൽ 40 കോടിയും 2023-24-ൽ 180 കോടിയും വിതരണം ചെയ്തു.
 
ഇതിനുപുറമെ റബ്ബർ ഉത്പാദന സംഘങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി സംസ്കരണശാലയുടെ പ്രവർത്തനങ്ങൾക്കായി പരമാവധി 6 ലക്ഷം രൂപ വരെ ലഭ്യമാക്കുന്നുണ്ട്. റബ്ബർ തോട്ടങ്ങളിൽ  ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി വിദ്യാഭ്യാസ സഹായം, വൈദ്യസഹായം, ഭവനനിർമ്മാണ സഹായം, വനിതകൾക്കുള്ള പ്രത്യേക ധനസഹായം, പെൻഷൻ പദ്ധതി എന്നിവ നടപ്പാക്കി വരുന്നുണ്ട്.

റബ്ബർ അധിഷ്ഠിത മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപം നൽകിയ കേരള റബ്ബർ ലിമിറ്റഡിൻ്റെ നിർമ്മാണം കോട്ടയം ജില്ലയിലെ വെള്ളൂരിൽ നടന്നുവരുന്നു. 1050 കോടി രൂപ ആകെ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ ലാറ്റക്സ് അധിഷ്ഠിത ഉത്പന്നങ്ങളുടെ നിർമ്മാണ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്നതിനൊപ്പം സിയാൽ മാതൃകയിൽ റബ്ബർ സംഭരണവും ലക്ഷ്യമിടുന്നു. പദ്ധതി പൂർത്തിയാക്കുന്നതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനൊപ്പം റബ്ബർ കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും നമുക്ക് സാധിക്കും

റബ്ബർ മേഖലയുടെ കരുത്തു വീണ്ടെടുക്കുന്നതിനായുള്ള ശ്രമങ്ങളായാണ് ഇതിനെ കാണേണ്ടത്. നിലനിൽക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുന്നതിനുള്ള വലിയ സമ്മർദ്ദവും അതിനു അനിവാര്യമാണ്. അതിനു വേണ്ടി കേരളമാകെ ഒറ്റക്കെട്ടായി നിൽക്കണം. ഒരുമിച്ച് ഈ പ്രതിസന്ധിയെ നമുക്ക് മറികടക്കാം.

ആലപ്പുഴ ജില്ലയിൽ നവകേരള സദസ്സിന്റെ ഭാഗമായി ഇന്നലെ ലഭിച്ച നിവേദനങ്ങൾ

കായംകുളം - 4800
മാവേലിക്കര - 4117
ചെങ്ങന്നൂർ - 4916

ജില്ലയിലെ ആകെ എണ്ണം: 53044

പത്തനംതിട്ട ജില്ലയിൽ
തിരുവല്ല - 4840