മുഖ്യമന്ത്രി പിണറായി വിജയൻ്റെ അടൂരിലെ വാർത്താ സമ്മേളനത്തിൽ നിന്ന്
കേരളത്തെ ശത്രുതാ മനോഭാവത്തോടെയാണ് കോൺഗ്രസും ബിജെപിയും കാണുന്നത്. അതിനെതിരെയുള്ളൊരു വികാരം പൊതുവെ ഉയർന്നു വന്നിരിക്കുകയാണ്. അതിനനുസൃതമായ വിധിയായിരിക്കും സംസ്ഥാനത്തുണ്ടാവുക. ആ വിധിയെ യു ഡി എഫും ബിജെപിയും ഒരുപോലെ ഭയപ്പെടുകയാണ്. തെരഞ്ഞെടുപ്പ് ചർച്ചകളിൽ നിന്ന് ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളും നാട് നേരിടുന്ന വെല്ലുവിളികളും ഒഴിവാക്കാനാണ് ഈ രണ്ട് കൂട്ടരും നിരന്തരമായി ശ്രമിക്കുന്നത്.
കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും വിവേചനവും പ്രതികാര ബുദ്ധിയുമാണ് ഇന്ന് നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം. അത് പൂർണമായും മറച്ചു വെച്ച് കേരളമെന്തോ കടമെടുത്ത് മുടിയുകയാണെന്നാണ് യു ഡി എഫ് നേതൃത്വവും ബിജെപിയും പറയുന്നത്.
എല്ലാ സംസ്ഥാനങ്ങളും കടമെടുത്താണ് മുന്നോട്ടു പോകുന്നത്. 1957 മുതൽ കേരളത്തിൽ നിലവിൽ വന്ന സർക്കാരുകളൊക്കെ കടമെടുത്ത് തന്നെയാണ് ഈ സംസ്ഥാനത്തിൻറെ സാമ്പത്തികആവശ്യങ്ങൾ നിറവേറ്റിയിട്ടുള്ളത്. ഇന്നും ഏറ്റവും കൂടുതൽ കടമെടുക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളിൽ കേരളമില്ല. പലരും ചിത്രീകരിക്കാൻ ശ്രമിക്കുന്നത് പോലെ ഉള്ള കടക്കെണിയിലുമല്ല നമ്മുടെ സംസ്ഥാനം. വരവ് ചെലവുകളിലെപൊരുത്തക്കേടുകൾ പരിഹരിച്ച് സംസ്ഥാനങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങൾ മുന്നോട്ട്കൊണ്ടുപോകുന്നത് കടമെടുപ്പ് വഴി തന്നെയാണ്. കേന്ദ്രസർക്കാരും ഇത് തന്നെയാണ് ചെയ്യുന്നത്.
ലോകമെങ്ങും അംഗീകാരം നേടിയ കേരള വികസനമാതൃക വഴി സാമൂഹ്യവികസന സൂചികയിൽ കേരളം മുന്നിലെത്തിയപ്പോഴും ഇവിടെ കടമെടുപ്പുണ്ടായിരുന്നു. 'ധനകാര്യ മിസ്മാനേജ്മെൻറ് എന്ന് കേന്ദ്രം ആക്ഷേപിക്കുന്ന അതേ സമയത്താണ് കഴിഞ്ഞവർഷങ്ങളിൽ കേന്ദ്രസർക്കാരിൻറെ നീതിആയോഗ് ഉൾപ്പെടെ 24 അവാർഡുകൾ കേരളത്തിന് സമ്മാനിച്ചത്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, കുറഞ്ഞ മാതൃശിശു മരണനിരക്കുകൾ, സുസ്ഥിര വികസനം, ക്രമസമാധാനം തുടങ്ങി നിരവധി മേഖലകളിലാണ് കേരളം സമ്മാനാർഹമായത്. അതേസമയം തന്നെ അടിസ്ഥാന സൗകര്യവികസനത്തിലെ പിന്നോക്ക അവസ്ഥ മാറ്റാനും ശക്തമായ ഇടപെടൽ സർക്കാർ നടത്തി. കിഫ്ബിയെ ശാക്തീകരിച്ച് ഉപയോഗിച്ചതിലൂടെ ആ കുറവും വലിയൊരളവ് പരിഹരിക്കാൻ കഴിഞ്ഞ ഏഴുവർഷമായി കഴിഞ്ഞിട്ടുണ്ട്.
'ആകാശ കുസുമവും' 'മലർപ്പൊടിക്കാരൻറെ സ്വപ്നവും' അല്ല കിഫ്ബി എന്നാണ് തെളിയിച്ചത്. ഈ നാടിൻറെ അതിജീവനത്തിൻറെയും വികസനത്തിൻറെയും പര്യായമായി കിഫ്ബിയെ മാറ്റാനാണ് കഴിഞ്ഞത്. ഇപ്പോൾ കിഫ്ബിയുടെപേരിലാണ് സർക്കാരിന് മുകളിൽ ചിലർ പുറപ്പെടുന്നത്. വേറെ ചിലർ ഇഡി, ഇൻകം ടാക്സ്, സിഎജി തുടങ്ങി പല റഡാറും കിഫ്ബിയിലേക്ക് തിരിച്ചുവച്ചിരിക്കുകയാണ്. പക്ഷെ എത്ര തപ്പിയിട്ടും ഒന്നുംകിട്ടുന്നില്ല എന്നുമാത്രം. കിഫ്ബി എന്നത് കഴിഞ്ഞ കാൽനൂറ്റാണ്ടായി കേരളത്തിലുള്ള ഒരു സംവിധാനമാണ്. വിവിധകാരണങ്ങൾ കൊണ്ട് സ്ഥാപനം രൂപംകൊടുത്തതിൻറെ പ്രഖ്യാപിത ലക്ഷ്യങ്ങൾ തുടക്കത്തിൽ നേടാൻ കഴിഞ്ഞിരുന്നില്ല. 2016 ൽകൊണ്ടുവന്ന കിഫ്ബി ഭേദഗതി ആക്ട് വഴി ഇതിനെ ശക്തിപ്പെടുത്തി.
കിഫ്ബി അതിനെ എൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി തുടങ്ങിയപ്പോൾ പലർക്കും അസ്വസ്ഥത തുടങ്ങി. സംസ്ഥാനത്തെമ്പാടുമുള്ള സർക്കാർ സ്കൂളുകളും ആശുപത്രികളും ഒക്കെ ലോകനിലവാരത്തിലേക്കുയർന്നപ്പോൾ ചിലർക്ക് ഇരിക്കപ്പൊറുതിയില്ലാതായി. വികസനപ്രവർത്തനങ്ങൾക്ക് ഭരണപക്ഷ പ്രതിപക്ഷ ഭേദം ഉണ്ടായിട്ടില്ല. കിഫ്ബിയുടെ വികസന പദ്ധതികൾ ഇല്ലാത്ത ഏതെങ്കിലും നിയമസഭ മണ്ഡലം ഉണ്ടോ. ആ പ്രവർത്തനങ്ങളെ സ്വന്തം നേട്ടമാക്കി ചിത്രീകരിക്കാൻ പലരും ശ്രമിക്കുന്നത് നാട് കണ്ടതാണല്ലോ. റോഡ്, പാലങ്ങൾ, മലയോര തീരദേശ ഹൈവേകൾ, ജലവിതരണ പദ്ധതികൾ തുടങ്ങി സമാനകളില്ലാത്ത വികസനപ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ നടന്നു. ഇപ്പോൾ പല ഏജൻസികളെയും ഇറക്കി വിരട്ടാനാണ് നോക്കുന്നത്. അന്നത്തെ ധനമന്ത്രിയായ തോമസ് ഐസക്കിനെതിരെ നോട്ടീസുകൾ അയക്കുകയാണ്. സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെടെയുള്ള കിഫ്ബി ബോർഡാണ് സുതാര്യമായ തീരുമാനങ്ങൾ സാമ്പത്തിക കാര്യങ്ങളിൽ കൈക്കൊള്ളുന്നത്. അല്ലാതെ തോമസ് ഐസക്കോ മറ്റേതെങ്കിലും വ്യക്തിയോ അല്ല ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. പ്രൊഫഷണലുകളും സാമ്പത്തിക വിദഗ്ധരും അടങ്ങിയ കിഫ്ബി ബോർഡ് ആണ് അത്തരം തീരുമാനങ്ങൾ എടുക്കുന്നത്.
കിഫ്ബിയുടെ ധനകാര്യപ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന സുശക്തമായ സംവിധാനങ്ങൾ നിലവിലുണ്ട്. എല്ലാം എല്ലാവർക്കും അറിയാം. അപ്പോൾ അതല്ല കാര്യം. ഒരു കളി കളിച്ചു നോക്കുകയാണ്. എന്തോ ഉണ്ടെന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തിൽ പരത്താൻ ശ്രമിക്കുകയാണ്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിൽ. പക്ഷേ ഇത്തരം പ്രവർത്തികൾക്ക് പ്രതിപക്ഷം വലിയതോതിൽ കേന്ദ്ര ഏജൻസികളെ സഹായിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ഇത് സംസ്ഥാനത്തെ ഒറ്റു കൊടുക്കലാണ്. എൺപതിനായിരം കോടിയിലേറെ മൂല്യം വരുന്ന ആയിരത്തിലേറെ പദ്ധതികൾ അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാവുകയാണ് പ്രതിപക്ഷം.
കോൺഗ്രസിനെതിരെ അന്വേഷണ ഏജൻസികൾ തിരിയുന്ന ഘട്ടത്തിൽ കോൺഗ്രസ് അതിനെ എതിർക്കും. എന്നാൽ മറ്റ് കോൺഗ്രസ് ഇതര രാഷ്ട്രീയപാർട്ടികളുടെ നേരെ തിരിയുമ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഭാഗമായാണ് കോൺഗ്രസ് നിൽക്കുന്നത്. തോമസ് ഐസക്കിനെയോ മറ്റാരെയെങ്കിലുമോ ഒറ്റതിരിഞ്ഞ് ആക്രമിച്ച് വശം കെടുത്താമെന്നാണ് ചിന്തയെങ്കിൽ അതുവേണ്ട എന്ന് അത്തരക്കാരോട് പറയുകയാണ്. അതിനെ ഒക്കെ കേരളം തിരിച്ചറിയും. കിഫ്ബിയിൽ എല്ലാം സുതാര്യമാണ്. ആ സുതാര്യത നിലനിർത്തി അതുമുന്നോട്ട് പോകും. സർക്കാർ ആ സ്ഥാപനത്തിനെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സമീപനമാണ് സ്വീകരിച്ചു പോന്നത്.
ഇന്ന് സൂചിപ്പിക്കാനുള്ള മറ്റൊരു കാര്യം മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. ബിബിസിയുടെ ഇന്ത്യൻ ന്യൂസ് റൂം പ്രവർത്തനം നിർത്തിയ വാർത്ത കഴിഞ്ഞ ദിവസം നമ്മൾ കണ്ടു. ആദായനികുതി വകുപ്പിൻറെ തുടർച്ചയായ പകപോക്കൽ നടപടികൾ മൂലമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ ബിബിസി നിർബന്ധിതരായത് എന്നാണ് വാർത്ത.
സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ മാധ്യമങ്ങളെ വരുതിയിലാക്കി വെക്കാൻ എക്കാലവും ശ്രമിക്കാറുണ്ട്. അടിയന്തരാവസ്ഥയിൽ ഇന്ത്യ കണ്ട അതേ ലക്ഷണമാണ് ബി.ജെ പി ഭരണത്തിൽ നിലവിൽ കാണുന്നതും. അനുസരണയോടെ മുട്ടിലിഴയുന്ന മാധ്യമങ്ങളെയാണ് അവർക്കാവശ്യം. ഭീഷണിപ്പെടുത്തിയിട്ടും വരുതിയിൽ വന്നില്ലെങ്കിൽ അവയെ ഇല്ലാതാക്കുക എന്നതാണ് ഇത്തരം ഭരണകൂടങ്ങളുടെ പൊതുവായ നയം. ബിബിസി വിഷയത്തിലും അതാണ് കണ്ടത്.
അടിയന്തരാവസ്ഥയുടെ തുടക്കത്തിൽ ബിബിസിയുടെ ഉത്തരവാദപ്പെട്ടവർക്ക് ദുരനുഭവങ്ങൾ ഉണ്ടായത് എല്ലാവർക്കും അറിയമല്ലോ. അന്നത്തെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ഐകെ ഗുജ്റാളിനെ മാറ്റിയതും ചരിത്രമാണ്. 2014ൽ ബി ജെ പി സർക്കാർ അധികാരത്തിൽ വന്ന ശേഷം വേൾഡ് പ്രെസ്സ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ റാങ്കിംഗ് തുടർച്ചയായി താഴുകയാണ്. പാരീസ് ആസ്ഥാനമായുള്ള റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിൻറെ 2023ലെ റിപ്പോർട്ട് അനുസരിച്ച്, മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ റാങ്ക് 180 രാജ്യങ്ങളിൽ 150ൽ നിന്ന് 161ലേക്ക് ഇടിഞ്ഞു.
കുനിയാൻ പറഞ്ഞാൽ മുട്ടിലിഴയുന്ന മാധ്യമങ്ങളെ താലോലിച്ചു. നിർഭയത്തോടെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളെ അടിച്ചമർത്തി. ആ നിലയാണ് രാജ്യത്ത് ഉണ്ടായത്. സംഘപരിവാറിന് അനുകൂലമല്ലാത്ത വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകരെ കയ്യൂക്കുപയോഗിച്ച് വേട്ടയാടുന്നത് രാജ്യം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്.
കേരളത്തിലെ ചില മാധ്യമങ്ങൾക്കും അത്തരം വേട്ടയാടൽ ഉണ്ടായിട്ടുണ്ട്. ഒരനുഭവംനോക്കാം. 2020 ജനുവരി മാസത്തിൽ ഡൽഹിയിൽ നടന്ന മുസ്ലിം വിരുദ്ധ കലാപം റിപ്പോർട്ട് ചെയ്ത കുറ്റത്തിന് രണ്ട് ചാനലുകളുടെ ലൈസൻസ് എടുത്തു കളയുന്ന സ്ഥിതിയുണ്ടായി. ഇതിൽ ഒരു ചാനൽ തങ്ങളുടെ ഡൽഹി ബ്യൂറോയിലെ റിപ്പോർട്ടറെ ബലി കൊടുത്തുകൊണ്ട് കേന്ദ്ര ഭരണകൂടത്തിനും സംഘപരിവാറിനും മുന്നിൽ നട്ടെല്ല് വളച്ചു മാപ്പു പറഞ്ഞു. രണ്ടാമത്തെ ചാനൽ സുപ്രീം കോടതി വരെ പൊരുതി. പിന്നീട് സുപ്രീം കോടതി ഇടപെട്ട് ലൈസൻസ് പുനസ്ഥാപിച്ചു. ഈ വിഷയത്തിൽ കേരളത്തിലെ മാധ്യമങ്ങളിൽ ആരൊക്കെ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ചു മുന്നോട്ടുവന്നു?
2022 ജൂലൈ 4 ന് കോഴിക്കോട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ചില മലയാള മാധ്യമ സ്ഥാപന മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത് വിമർശിക്കപ്പെട്ടപ്പോൾ, 'മാധ്യമ വ്യവസായത്തിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാനായിരുന്നു' യോഗം എന്നാണ് അതിൽ പങ്കെടുത്ത മാധ്യമങ്ങൾ വാർത്ത നൽകിയത്. എന്നാൽ പാർലമെൻറിൽ ചോദ്യം വവന്നപ്പോൾ, 'വിവിധ കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് മാധ്യമങ്ങൾക്ക് അവബോധം നൽകാനാണ് യോഗം വിളിച്ച' തെന്നായിരുന്നു അനുരാഗ് താക്കൂറിൻറെ മറുപടി. ബിജെപി ഭരണത്തിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതായി. സംഘപരിവാർ ഭരണകൂടത്തിൻറെ സ്തുതിപാഠകരായി മാറാത്ത എല്ലാ മാധ്യമങ്ങളെയും വേട്ടയാടുന്നത് തുടരുകയാണ്. ഇത്തരം വിഷയങ്ങൾ കൂടി ചർച്ച ചെയ്ത് തീരുമാനമെടുക്കാനുള്ളതാണ് ഈതെരഞ്ഞെടുപ്പ് എന്നതാണ് ബി ബി സി യുടെ അനുഭവം ഓർമ്മപ്പെടുത്തുന്നത്.