ഗാന്ധിജിയുടേത് ആത്മജ്ഞാനത്തിലൂടെ നേടിയ നൈതികബലം :ഗവര്‍ണര്‍

 
gov

ബ്രിട്ടനെന്ന വന്‍ സാമ്രാജ്യശക്തിയില്‍ നിന്ന് ആയുധരഹിതമായ പോരാട്ടത്തിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാന്‍ ഗാന്ധിജിക്ക് പ്രാപ്തിയേകിയത് ശാരീരിക ബലമോ സമ്പദ്ബലമോ അല്ല, മറിച്ച്, നൈതികബലമായിരുന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.


ഗാന്ധി ജയന്തി പ്രമാണിച്ച് കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തുന്ന നാലുമാസത്തെ പ്രത്യേക ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം കേരള രാജ് ഭവനില്‍ നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍.


'ആത്മജ്ഞാനം കൈവരിച്ച ഒരാള്‍ക്കേ നൈതികബലം ആര്‍ജ്ജിക്കാനാവൂ. അവരെയാണ് ഭാരതീയപാരമ്പര്യം ധീരര്‍ എന്ന് വിശേഷിപ്പിക്കുന്നത്. എന്തുസ‌ഭവിച്ചാലും ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാത്തവരും വൈവിദ്ധ്യത്തില്‍ ഐക്യം കാണാനുള്ള മാനസികവികാസവുമുള്ളവരുമാണ് ധീരര്‍. ആ ഗണത്തില്‍പ്പെട്ടയാളായിരുന്നു ഗാന്ധിജി - അദ്ദേഹം പറഞ്ഞു.

ലോകമെങ്ങും ജീവിതലക്ഷ്യമായിക്കാണുന്നത് ആനന്ദത്തെയാണ്. എന്നാല്‍, ഭാരതീയസങ്കല്‍പത്തില്‍ ജീവിതലക്ഷ്യം ജ്ഞാനാന്വേഷണമാണ്. അതില്‍ വിജയിച്ച ആത്മജ്ഞാനി ആയിരുന്നു ഗാന്ധിജി.

ഹാര്‍വാഡില്‍ അദ്ധ്യാപകനായ മുന്‍ പാക് നയതന്ത്രജ്ഞന്‍ ഈയിടെ നല്‍കിയ ഒരു അഭിമുഖത്തിലെ പരാമര്‍ശം ഗവര്‍ണര്‍ എടുത്തുപറഞ്ഞു. "അമേരിക്കയില്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും വരുന്ന തന്റെ വിദ്യാര്‍ത്ഥികളില്‍ 99 ശതമാനത്തിനും ഗാന്ധിയും അദ്ദേഹം ഉയര്‍ത്തിക്കാട്ടിയ മൂല്യങ്ങളും പരിചിതമാണ്. എന്നാല്‍, ജിന്നയെ അറിയുന്നവര്‍ ഒരു ശതമാനത്തില്‍ താഴയാണെന്നാണ് ആ പ്രഫസര്‍ പറഞ്ഞത് . ജനതയെ ഒരുമിപ്പിക്കുന്നവരെയാണ് കാലം ഓര്‍ക്കുക എന്നാണ് ഇത് തെളിയിക്കുന്നത്' - ഗവര്‍ണര്‍ പറഞ്ഞു.


ഖാദി പ്രചരണത്തിന് ഫൈസല്‍ ഖാനെയും ദേശഭക്തിഗാനപ്രചാരണത്തിന് വി കെ മോഹനെയും ചടങ്ങില്‍ ആദരിച്ചു.


ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍നായര്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ ഗാന്ധി സ്മരക നിധി ചെയര്‍മാന്‍ പ്രൊഫ് എന്‍ രാധാകൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍, ശരച്ചന്ദ്രപ്രസാദ്, നൂറുല്‍ ഇസ്ലാം സര്‍വകലാശാല പ്രോ ചാന്‍സലര്‍ ഫൈസല്‍ ഖാന്‍, രവി പാലത്തിങ്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സബര്‍മതി മ്യൂസിക് ഗ്രൂപ്പ് ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.