സർക്കാരിന്റെ ധൂർത്തും ദുർവ്യയവും ജനങ്ങളോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രൻ

 
bjp
കേരളീയം എന്ന പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന ധൂർത്തും ദുർവ്യയവും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളീയം പരിപാടിയിൽ ജനസാന്നിധ്യം ഉറപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ ഇറക്കുന്നത് അധികാര ദുർവ്യയമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ ജീവനക്കാരെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. സർക്കാർ ജീവനക്കാർ ഓഫീസിൽ നിന്നും പുറത്ത് പോവുന്നത് തലസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ താളംതെറ്റിക്കും. വിദ്യാലയങ്ങളിൽ ഉച്ചകഞ്ഞി കൊടുക്കാൻ പോലും പണമില്ലാത്ത സർക്കാർ 27 കോടി പൊടിച്ച് കേരളീയം നടത്തുന്നത് ശുദ്ധ അസംബന്ധമാണ്. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുന്നത് സംസ്ഥാനത്ത് പതിവായിരിക്കുകയാണ്. അദ്ധ്യാപകർക്ക് ഡിഎ നൽകാനും നെൽകർഷകർക്ക് സംഭരിച്ച നെല്ലിന്റെ വില നൽകുവാനും സർക്കാരിന് സാധിച്ചിട്ടില്ല. ജനങ്ങൾ പട്ടിണി കിടന്നാലും തനിക്ക് പ്രശസ്തി കിട്ടിയാൽ മതിയെന്നാണ് പിണറായി വിജയന്റെ നിലപാട്. സംസ്ഥാന വിഹിതം നൽകാത്തതിനാൽ കേന്ദ്ര പദ്ധതികളെല്ലാം കേരളത്തിൽ മുടങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അഴിമതി നടത്തുന്നതിലാണ് ശ്രദ്ധ. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് പിണറായി സർക്കാർ നടത്തുന്നത്. കൊവിഡ് കാലത്ത് നടത്തിയ അഴിമതിയും സർക്കാർ ആശുപത്രികളിൽ നിലവാരമില്ലാത്ത മരുന്നുകൾ നൽകി തട്ടിപ്പ് നടത്തിയതും സർക്കാരിന്റെ മുഷ്യത്വവിരുദ്ധ മുഖം വ്യക്തമാക്കുന്നതാണ്. കെടുകാര്യസ്ഥതയാണ് സർക്കാരിന്റെ മറ്റൊരു സവിശേഷത. 70,000 കോടി രൂപ വൻകിടക്കാരിൽ നിന്നും നികുതി പിരിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടെന്ന സിഎജി റിപ്പോർട്ട് ഇവരുടെ കെടുകാര്യസ്ഥതയുടെ തെളിവാണ്. ഇത് സംസ്ഥാനത്തെ ജിഡിപിയുടെ 24 ശതമാനത്തോളം വരുമെന്നത് സർക്കാരിന്റെ അലംഭാവം വ്യക്തമാക്കുന്നതാണ്. യുഡിഎഫ് സർക്കാരിനെതിരെ നിഴൽ യുദ്ധം മാത്രമാണ് നടത്തുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.