ജി.എസ്.ഐ ഡാറ്റാ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് സഹായകരം : മന്ത്രി പി.രാജീവ്
ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ (ജി.എസ്.ഐ ) തയ്യാറാക്കിയ ദേശീയ ഭൗമ-രസതന്ത്ര ഭൂപടവിവരങ്ങള്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്് സഹായകരമാണെന്ന് മന്ത്രി പി.രാജീവ്. സംസ്ഥാന മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ സാങ്കേതി വിദ്യ പ്രയോജനപ്പെുടുത്തും. നാഷണല്‍ ജിയോകെമിക്കല്‍ മാപ്പിംഗിലൂടെ വിപുലമായ വിവരശേഖരണം നടത്തിയതിന് ജി.എസ്.ഐ യെ മന്ത്രി അഭിനന്ദിച്ചു. ഈ വിവരങ്ങള്‍ ഖനന- ധാതു പര്യവേക്ഷണ മേഖലകളെ ശ്കതിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജി.എസ്.ഐ കേരള യൂണിറ്റ് സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജി.എസ്.ഐ അഡീഷണല്‍ ഡയറക്ടര്‍ ജനറലും ദക്ഷിണ മേഖലാ മേധാവിയുമായ സി.എച്ച.വെങ്കിടേശ്വര റാവു, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ഡി.ജയപ്രസാദ് . ജി.എസ്.ഐ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.വി.അമ്പിളി എന്നിവര്‍ സംസാരിച്ചു
ധാതുപര്യവേക്ഷണത്തിലെ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ചും ഡാറ്റാ ഉപയോഗത്തെ കുറിച്ചുമായിരുന്നു ഏകദിന ശില്പശാല. ദശീയ ഭൗമ-രസതന്ത്ര ഭൂപടവിവരങ്ങളുടെ ബഹു ഉപയോഗവും ദേശീയ ഭൗമശാസ്ത്ര ഡാറ്റാ ശേഖരമടങ്ങിയ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ചും ശില്പശാല ചര്‍ച്ച ചെയ്തു.
കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സംഘടിപ്പിക്കുന്ന ശില്പശാല ജി.എസ്.ഐ വര്‍ഷങ്ങളായി ശേഖരിച്ച ദേശീയ ഭൗമ-രസതന്ത്ര ഭൂപടവിവരങ്ങളുടെ (നാഷണല്‍ ജിയോകെമിക്കല്‍ മാപ്പിംഗ് -എന്‍.ജി.സി.എം) ഉപയോഗം സംബന്ധിച്ച ബോധവത്ക്കരണം ലക്ഷ്യമാക്കിയുള്ളതായിരുന്നു. ദേശീയ ഭൗമശാസ്ത്ര ഡാറ്റാ ശേഖരം (നാഷണല്‍ ജിയോ സയന്‍സ് ഡാറ്റാ റിപ്പോസിറ്ററി- എന്‍.ജി.ഡി.ആര്‍) അടങ്ങിയ പോര്‍ട്ടലിലെ (https://geodataindia.gov.in) വിവരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചും ശില്പശാല വിശദീകരിച്ചു. 2001 മുതല്‍ ജി.എസ്.ഐ രാജ്യത്തിന്റെ സമഗ്ര ഭൗമ-രസതന്ത്ര ഭൂപടം തയ്യാറാക്കുന്ന യജ്ഞത്തിലാണ്. ഓക്‌സൈഡുകള്‍, ട്രേസ് എലമെന്റ്‌സ് , അപൂര്‍വ ഭൂമി മൂലകങ്ങള്‍ തുടങ്ങിയ രാസ ഘടകങ്ങള്‍ അടയാളപ്പെടുത്തിയ രാജ്യത്തിനൊന്നാകെ ബാധകമായ ഒരു ഭൗമരസതന്ത്ര- ഭൂപടം 2024 മാര്‍ച്ചോടെ പൂര്‍ത്തിയാവുകയാണ്. 2023 ഡിസംബറില്‍ സജജമാക്കിയ കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ മുന്‍നിര പരിപാടിയായ എന്‍.ജി.ഡി.ആര്‍, സ്ഥലസംബന്ധിയായ വിവരങ്ങള്‍ ലഭിക്കുന്നതിനും
പങ്കിടുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള ഒരു സമഗ്ര ഇന്റര്‍നെറ്റ് അധിഷ്ടിത വേദിയാണ്.
ജി.എസ്.ഐ യുടെ എന്‍.ജി.സി.എം പദ്ധതി, എന്‍.ജി.സി.എം ഡാറ്റാ കൈകാര്യം ചെയ്യല്‍, ജി.എസ്.ഐ യുടെ 'ഭൂകോശ്' പോര്‍ട്ടലില്‍ നിന്ന് എന്‍.ജി.സി.എം ഡാറ്റാ ലഭ്യമാക്കലും പ്രയോഗവും , എന്‍.ജി.ഡി.ആര്‍ പോര്‍ട്ടലും ഡാറ്റാ ലഭ്യതയും തുടങ്ങിയ വിഷയങ്ങളില്‍ ശില്പശാലയില്‍ വിദ്ഗ്ധര്‍ സംസാരിച്ചു.
ധാതു പര്യവേക്ഷണം, ഭൂവിനിയോഗം, കൃഷി, വനവത്ക്കരണം, പരിസ്ഥിതി നിയന്ത്രണം, തുടങ്ങിയ മേഖലകളില്‍ ദേശീയ ഭൗമ-രസതന്ത്ര ഭൂപടവിവരങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ച് , ഈ രംഗങ്ങളില്‍ ഭാഗഭാക്കായുള്ളവര്‍, ഭൗമ ശാസ്ത്രജഞര്‍,നയരൂപ കര്‍ത്താക്കള്‍ എന്നിവര്‍ക്കിടയിലുള്ള പര്യാലോചനകള്‍ക്കും സംവാദങ്ങള്‍ക്കും ശില്പശാല വേദിയൊരുക്കി