അതിഥി പോർട്ടൽ രജിസ്‌ട്രേഷന് തുടക്കമായി; ക്യാമ്പുകളിലെ പരിശോധനയും തുടരുന്നു

 
pix

എല്ലാ  അതിഥിതൊഴിലാളികളെയും തൊഴിൽവകുപ്പിന് കീഴിൽ  രജിസ്റ്റർ ചെയ്യുന്ന നടപടികൾക്ക് സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനത്തൊട്ടാകെ  5706  തൊഴിലാളികളാണ് അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. വരും ദിവസങ്ങളിൽ രജിസ്‌ട്രേഷൻ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് ലേബർ കമ്മിഷണർ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും.  മറ്റു വകുപ്പുകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായം തേടുമെന്നും കമ്മിഷണർ  പറഞ്ഞു. തിരുവനന്തപുരത്തെ നിർമ്മാണസ്ഥലത്ത്് സംഘടിപ്പിച്ച രജിസ്‌ട്രേഷൻ ക്യാമ്പ് സന്ദർശിച്ചുകൊണ്ടാണ് കമ്മിഷണർ ഇക്കാര്യം പറഞ്ഞത്. അതിഥിപോർട്ടൽ രജിസ്‌ട്രേഷനോട്്്  തൊഴിലാളികളും തൊഴിലുടമകളും കരാറുകാരും ക്രിയാത്മക സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അതിഥിതൊഴിലാളി രജിസ്ട്രേഷൻ കൂടുതൽ എളുപ്പമാക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള അതിഥി മൊബൈൽ ആപ്പ് അന്തിമഘട്ടത്തിലാണ്. അതിഥി ആപ്പ് നിലവിൽ വരുന്നതോടെ ക്യാമ്പുകളും നിർമ്മാണസ്ഥലങ്ങൾക്കും തൊഴിൽ വകുപ്പ് ഓഫീസുകൾക്കും പുറമേ ഓരോ അതിഥിതൊഴിലാളിയിലേക്കും നേരിട്ടെത്തുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുകയെന്നും കമ്മിഷണർ വ്യക്തമാക്കി.


  
  അതിഥിതൊഴിലാളികൾക്കും , അവരുടെ കരാറുകാർ,തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം .  athidhi.lc.kerala.gov.in     എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. പോർട്ടലിൽ പ്രാദേശിക ഭാഷകളിൽ നിർദ്ദേശങ്ങൾ ലഭ്യമാണ്. നൽകിയ വ്യക്തിവിവരങ്ങൾ എൻട്രോളിംഗ് ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തി  തൊഴിലാളിക്ക്  ഒരു യുണീക് ഐഡി  അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകും. 
സംസ്ഥാനത്തെ  എല്ലാ ലേബർ ക്യാമ്പുകളും പരിശോധിച്ച്് പ്രവർത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ അടിയന്തിര നിർദ്ദേശത്തെ തുടർന്ന്് ഓഗസ്റ്റ് 2 ന് തുടങ്ങിയ   പരിശോധനയും നടപടികളും തുടരുകയാണ്. ഇതിനോടകം 425 ക്യാമ്പുകളിലും വർക്ക് സൈറ്റുകളിലുമാണ് പരിശോധന പൂർത്തിയാക്കിയത്്.  ഇവിടെ 11229 തൊഴിലാളികൾ ജോലിചെയ്യുന്നതായി കണ്ടെത്തി. 
കരാർ തൊഴിലാളി നിയമം, ഇതരസംസ്ഥാനതൊഴിലാളി നിയമം, ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ട് എന്നിവ പ്രകാരം നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെയും രജിസ്ട്രേഷനില്ലാതെയുമുള്ള പ്രവർത്തനങ്ങൾ,കൃത്യമായ രജിസ്റ്ററുകൾ സൂക്ഷിക്കാത്ത സാഹചര്യം, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയുമായി ബന്ധപ്പെട്ട് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നോട്ടീസും 
 വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാർപ്പിച്ചിരിക്കുന്ന തൊഴിലാളികളെ മാറ്റിപാർപ്പിക്കുന്നതിന് നിർദ്ദേശവും നൽകി. പരിശോധന വരും ദിവസങ്ങളിലും തുടരും.