തൊഴിലിടങ്ങളിലെ പീഡനം: പരാതിക്കാരെ മാനസികമായി തകര്‍ക്കുന്നുവെന്ന് അഡ്വ: പി. സതീദേവി
തൊഴിലിടങ്ങളിലെ സ്ത്രീപീഡനങ്ങളെക്കുറിച്ച് പരാതി നല്കുന്ന സ്ത്രീകളെ പിന്നീട് മാനസികമായും വൈകാരികമായും തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായി വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ: പി. സതീദേവി. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.
കുടുംബപശ്ചാത്തലത്തിലുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഇത്തവണ കൂടുതലും പരിഗണനയ്ക്ക് വന്നത്.അതേസമയം തൊഴിലിടങ്ങളിലെ സ്ത്രീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിരവധി പരാതികളുമുണ്ട്. തൊഴിലിടത്തില്‍ സ്ത്രീ അനുഭവിക്കുന്ന പീഡനവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതിന്റെ പേരില്‍ പരാതിക്കാരിയെ മാനസികമായും വൈകാരികമായും തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റം അധകാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായി കാണുന്നു. അത് സര്‍ക്കാര്‍ സംവിധാനത്തിലും ഈ പ്രവണത കാണുന്നുണ്ട്. തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട് ഇന്റേണല്‍ കമ്മിറ്റി നടത്തിയിട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എതിര്‍കക്ഷിക്കെതിരെ വര്‍ഷങ്ങളായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന പ്രശ്നവും ഇൗ അദാലത്തില്‍ കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ വൈമനസ്യം കാട്ടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ത്രീ വിരുദ്ധമായ ഒരു മനോഭാവം തൊഴിലിടങ്ങളില്‍ കാണുന്നുവെന്നാണ് ഇതിലൂടെ മനസിലാവുന്നതെന്ന് വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.
സോഷ്യല്‍മീഡിയയിലും മറ്റും സ്ത്രീകളെ അധിക്ഷേപിക്കുന്നതുമായ ബന്ധപ്പെട്ട പരാതികളുമുണ്ട്. എല്ലാ ജില്ലകളിലും അത്തരത്തിലുള്ള പരാതികള്‍ കൂടുതലായി വരുന്നുണ്ട്. ഈ പരാതികളില്‍ പോലീസിന്റെ സൈബര്‍ സെല്ലിനോട് കേസ് രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദ്ദേശിക്കാറുള്ളത്. സൈബര്‍ സെല്ലുകള്‍ വളരെ എഫക്ടീവായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. വാട്സ്ആപ് സന്ദേശങ്ങള്‍, സോഷ്യല്‍ മീഡിയയിലൂടെയുള്ള പോസ്റ്റുകള്‍, മറ്റു തരത്തിലുള്ള വീഡിയോകള്‍ എന്നിവ സംബന്ധിച്ച് പരാതി കിട്ടിയാല്‍ വളരെ പെട്ടെന്നുതന്നെ നിജസ്ഥിതി കണ്ടെത്താനും കുറ്റക്കാരെ തിരിച്ചറിയാനും സഹായിക്കുന്ന സാങ്കേതിക വിദ്യ ഉള്‍പ്പെടെ ലഭ്യമാക്കിക്കൊണ്ട് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുംവിധം പോലീസിന്റെ സൈബര്‍ സെല്ലിനെ സജ്ജമാക്കേണ്ടതുണ്ടെന്നും വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ: പി. സതീദേവി പറഞ്ഞു.
ഇന്നലെ 150 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 43 കേസുകള്‍ പരിഹരിച്ചു. രണ്ട് പരാതികളില്‍ റിപ്പോര്‍ട്ട് തേടുകയും മൂന്നെണ്ണം കൗണ്‍സിലിംഗിന് അയക്കുകയും ചെയ്തു. 102 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. കേരള വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ: പി. സതീദേവി, അംഗങ്ങളായ അഡ്വ: ഇന്ദിരാ രവീന്ദ്രന്, അഡ്വ: എലിസബത്ത് മാമ്മന്‍ മത്തായി, ഡയറക്ടര്‍ ഷാജി സുഗുണന് ഐ.പി.എസ്., സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്, അഭിഭാഷകരായ രജിതാ റാണി, സൗമ്യ, സരിത കൗണ്‍സിലര്‍ സിബി എന്നിവര്‍ അദാലത്തില്‍ പരാതികള്‍ കേട്ടു. രണ്ടുദിവസമായി നടന്ന അദാലത്തില്‍ ആകെ 300 കേസുകളാണ് പരിഗണിച്ചത്. 108 കേസുകളില്‍ പരിഹാരം കാണാനായി. 10 പരാതികളില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആറെണ്ണം കൗണ്‍സിലിംഗിന് വിട്ടിട്ടുണ്ട്.
--