തിരുവനന്തപുരം മലയോര മേഖലകളിൽ ശക്തമായ മഴ; ചെങ്കോട്ട സംസ്ഥാന പാതയിൽ വെള്ളക്കെട്ട് രൂക്ഷം

 
rain

ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്ന് തിരുവന്തപുരം- ചെങ്കോട്ട സംസ്ഥാനപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ചുള്ളിമാനൂർ മുതൽ പാലോട് വരെയാണ് വെള്ളം കയറിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി മഴ നിർത്താതെ പെയ്യുകയാണെന്നും പല ഭാഗങ്ങളിലും വെള്ളം കയറിയതായും പ്രദേശവാസികൾ പറഞ്ഞു. ഇളവട്ടം- തുറുപ്പുഴ മേഖലയിലെ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. ഒഴുക്കുള്ള വെള്ളക്കെട്ട് രൂപപ്പെട്ടതുക്കൊണ്ടുതന്നെ അപകട സാദ്ധ്യത കണക്കിലെടുത്ത് വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചു വിടുകയാണെന്നും ഈ പ്രദേശങ്ങളിൽ മുമ്പും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു വെള്ളക്കെട്ട് ആദ്യമായാണ് രൂപപ്പെടുന്നതെന്ന് നാട്ടുകാർ അറിയിച്ചു.

അതേസമയം അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി മേഖലയിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.