വരുന്ന മൂന്നു ദിവസം സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ മഴ കനക്കും, ജാഗ്രതാനിർദേശം

 
rain
തെക്കു കിഴക്കൻ അറബിക്കടലിൽ സമുദ്രനിരപ്പിൽ നിന്ന് 6 കിലോമീറ്റർ ഉയരത്തിൽ അന്തരീക്ഷ ചുഴി രൂപപ്പെട്ടിട്ടുള്ളതിനാൽ തെക്കൻ, മധ്യ ജില്ലകളിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. ഇടിയോടു കൂടെയുള്ള കനത്ത മഴയാണ് തെക്കൻ കേരളത്തിന്റെ കിഴക്കൻ മലയോര മേഖലകളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് പ്രതീക്ഷിക്കേണ്ടത്. ശക്തമായ മിന്നൽ സാധ്യതയുള്ളതിനാൽ കിഴക്കൻ മലയോര മേഖലകളിലേക്ക് അനാവശ്യ യാത്രകൾ നടത്തുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കാണ് കൂടുതൽ മഴ സാധ്യത. നിലവിലെ വിലയിരുത്തൽ പ്രകാരം പകൽ സമയങ്ങളിൽ കൂമ്പാരമേഘങ്ങൾ രൂപം കൊള്ളാൻ സാധ്യതയുള്ളതിനാൽ മഴയുടെ തീവ്രത വർധിച്ചേക്കാം. ചുരുങ്ങിയ അളവിൽ വലിയ തോതിൽ മഴ ലഭിക്കുകയും, പെയ്യുന്ന മഴ ചില മേഖലകൾ കേന്ദ്രീകരിച്ചു കൂടുതൽ സമയം നിന്നു പെയ്യുകയും ചെയ്യാം. ഇത് നഗര പ്രദേശങ്ങളിൽ വെള്ളകെട്ടുകൾക്കും കിഴക്കൻ മേഖലകളിൽ മണ്ണിടിച്ചിൽ, മലവെള്ളപാച്ചിൽ പോലുള്ളവക്കും കാരണമായേക്കുമെന്ന് മുന്നറിയിപ്പുണ്ട്.