പൈതൃകോത്സവം 2023; സെമിനാറുകള്‍ക്ക് ഇന്ന് തുടക്കമാകും

 
poster

കേരളത്തിന്റെ തനത് പരമ്പരാഗത ചുമര്‍ ചിത്രകലയെയും വാസ്തുശില്പ പൈതൃകത്തെയും സംരക്ഷിച്ച് പ്രചരിപ്പിക്കുന്ന കര്‍മ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന പൈതൃകോത്സവം- 2023ലെ സെമിനാറുകള്‍ക്ക് ഇന്ന് (12-09-2023 ചൊവ്വാഴ്ച) തുടക്കമാകും. പൈതൃകോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കോട്ടക്കകം അനന്തവിലാസം കൊട്ടാരമുറ്റത്ത് തയാറാക്കിയ വേദിയില്‍ സാംസ്‌കാരികവും ഫിഷറീസും വകുപ്പു മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും. ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. തുടര്‍ന്നു സെമിനാറുകള്‍ ആരംഭിക്കും. അനന്തവിലാസം കൊട്ടാരമുറ്റത്തെ ഒന്നാം വേദിയില്‍ ചുമര്‍ചിത്രകല സംബന്ധിച്ച സെമിനാറുകളും സമീപത്തുതന്നെയുള്ള ലെവി ഹാളില്‍ സജ്ജമാക്കിയ രണ്ടാം വേദിയില്‍ ആര്‍ക്കിടെക്ചര്‍ സംബന്ധിച്ച സെമിനാറുകളുമാണ് നടക്കുക. 

ചുമര്‍ചിത്രകലാ സെമിനാറിന്റെ ഭാഗമായി രാവിലെ 11.30ന് ആരംഭിക്കുന്ന സെഷനില്‍ 'കണ്‍സര്‍വേഷന്‍ ആന്‍ഡ് പ്രിസര്‍വേഷന്‍ ഓഫ് മ്യൂറല്‍സ്' എന്ന വിഷയത്തില്‍ ദര്‍ശന പഴൂര്‍ പേപ്പര്‍ അവതരിപ്പിക്കും. തുടര്‍ന്ന് 'കേരളീയ ചുമര്‍ ചിത്രങ്ങള്‍' എന്ന വിഷയത്തില്‍ ഡോ കെ.യു. കൃഷ്ണന്റെ പേപ്പര്‍ അവതരണവും നടക്കും. തുടര്‍ന്ന് ഈ രണ്ടു വിഷയങ്ങളിലും ചര്‍ച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. സുരേഷ് കുമാര്‍.എസ് മോഡറേറ്ററാകും. ഉച്ചയ്ക്കു ശേഷ 2.30ന് ആരംഭിക്കുന്ന സെഷനില്‍ കേരളീയ 'ദേവതാ സങ്കല്‍പം ചുമര്‍ ചിത്രകലയില്‍' എന്ന വിഷയത്തില്‍ ഡോ എം.ജി. ശശിഭൂഷണും 'ചിത്രകലയിലെ ഭാരതീയത' എന്ന വിഷയത്തില്‍ എസ്. ഓമനക്കുട്ടനും പേപ്പര്‍ അവതരിപ്പിക്കും. തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയോടെ വേദി ഒന്നിലെ ആദ്യ ദിവസത്തെ സെഷനുകള്‍ പൂര്‍ത്തിയാകും.

രണ്ടാം വേദിയില്‍ നടക്കുന്ന ആര്‍ക്കിടെക്ചര്‍ സെമിനാറിലെ സെഷനുകള്‍ രാവിലെ 11.15ന് ആരംഭിക്കും. 'എസ്സെന്‍സ് ഓഫ് ഇന്ത്യന്‍ ആര്‍ക്കിടെക്ചര്‍' എന്ന വിഷയം അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന സെഷനില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെ ചീഫ് ആര്‍ക്കിടെക്ട് എ.ആര്‍. രാജീവ് ആമുഖമായി സംസാരിക്കും. പ്രൊഫസര്‍ ശരത് സുന്ദര്‍.ആര്‍, വിനോദ്കുമാര്‍.എം.എം എന്നിവര്‍ പേപ്പറുകള്‍ അവതരിപ്പിക്കും. ഉച്ചയ്ക്കു ശേഷമുള്ള സെഷനില്‍ 'സുസ്ഥിര നിര്‍മ്മാണ സാങ്കേതിക വിദ്യ' എന്ന വിഷയത്തിലധിഷ്ഠിതമായാണു പേപ്പറുകള്‍ അവതരിപ്പിക്കുക. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ചെയര്‍മാന്‍ പദ്മശ്രീ ഡോ. ജി.ശങ്കര്‍ ആമുഖമായി സംസാരിക്കും. യൂജിന്‍ നസ്രത്ത് പണ്ടാല, ടി.പി.മധുസൂദനന്‍, റോബര്‍ട്ട്.വി.തോമസ്, വി.സുരേഷ് എന്നിവര്‍ പേപ്പറുകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് വൈകിട്ട് 5.30ന് ഗായിക രാജലക്ഷ്മി.ആര്‍.എസിന്റെ നേതൃത്വത്തിലുള്ള ഗസല്‍ സന്ധ്യ അരങ്ങേറും.