ബുദ്ധിമാന്ദ്യമുള്ള മകളുമായി താമസിച്ച വീട് തകർന്നു: പുനരധിവസിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 
state human

ബുദ്ധിമാന്ദ്യമുള്ള  മകളുമായി നിർദ്ധന കുടുംബം താമസിച്ചിരുന്ന  വീട് കുന്നിടിഞ്ഞ് വീണ് തകർന്ന സാഹചര്യത്തിൽ കുടുംബത്തെ പുനരധിവസിപ്പിക്കാൻ അനുകമ്പാപൂർവമായ നടപടികൾ റവന്യു വകുപ്പിൻ്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 

റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. കാട്ടാക്കട കള്ളിക്കാട് ആടുവള്ളി സുമംഗലാഭവനിൽ മോഹൻകുമാറിൻ്റെ കുടുംബത്തെ പുനരധിവസിപ്പിക്കണമെന്നാണ് നിർദ്ദേശം.

ദുരന്തനിവാരണ വകുപ്പ് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  കുടുംബത്തെ വാടക വീട്ടിലേക്ക് മാറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. സ്ഥലത്ത് 12 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലും സംരക്ഷണ ഭിത്തി നിർമ്മിച്ചാൽ അപകടാവസ്ഥ ഒഴിവാക്കാം. 1,25,000 രൂപ പരാതിക്കാരന് ദുരിതാശ്വാസം നൽകിയിട്ടുണ്ട്.. മണ്ണിടിച്ചിൽ  തടയുന്നതിന് സംരക്ഷണം ഒരുക്കാൻ ദുരന്ത പ്രതികരണ നിധിയിൽ വ്യവസ്ഥയില്ല. സ്വകാര്യ ഭൂമിയിൽ സംരക്ഷണഭിത്തി  നിർമ്മിക്കാനും കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അപകട സ്ഥിതി  നില നിൽക്കുന്നതിനാൽ കുടുംബത്തെ പഴയ സ്ഥലത്ത് പുനരധിവസിപ്പിക്കാൻ കഴിയില്ല. വിഷയത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ഉത്തരവ് ആവശ്യപ്പെട്ട്  ജില്ലാ കളക്ടറേറ്റിൽ നിന്നും സർക്കാരിലേക്ക് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 നവംബർ ഒന്നിനാണ് വീടിന് മുകളിൽ കുന്നിടത്ത് വീണ് പൂർണമായും തകർന്നത്.

പരാതിക്കാരുടെ ജീവിതം ദയനീയമാണെന്ന് റിപ്പോർട്ടിൽ പറയുന്നു . ദുരന്തങ്ങൾ ഒഴിവാക്കണം. ആപത്തും ഭയവുമില്ലാതെ ജീവിക്കാൻ അവസരം നൽകണം. ജില്ലാ കളക്ടർ നൽകിയ കത്തിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി മാനുഷിക പരിഗണന നൽകി കാലതാമസം കൂടാതെ നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.