ഞാന്‍ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറയണം; മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത് എന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബു

ദ്ധി ജനങ്ങള്‍ക്കുണ്ട്; കേസെടുത്താലും അഴിമതി ആരോപണങ്ങളില്‍ നിന്ന് പിന്‍മാറില്ല
 
 
V D

മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് എനിക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിന് ഉത്തരവ് നല്‍കിയിട്ടാണ് പോയത്. 2020-ല്‍ ഇതേ വിഷയം വന്നപ്പോള്‍ ധൈര്യമുണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഞാന്‍ വെല്ലുവിളിച്ചിട്ടുണ്ട്. അതേ ഞാന്‍ തന്നെ വിജിലന്‍സ് അന്വേഷണം തെറ്റാണെന്ന് പറയുന്നതില്‍ അനൗചിത്യമുണ്ട്. അന്വേഷണം നടക്കട്ടെ. നേരത്തെ ഇതേ പരാതി വന്നപ്പോള്‍ പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ട് മുഖ്യമന്ത്രിയുടെ തന്നെ അറിവോടെ വിജിലന്‍സ് തള്ളിക്കളഞ്ഞതാണ്. പ്രോസിക്യൂഷന്‍ അനുമതി ചോദിച്ച് സ്പീക്കര്‍ക്ക് കത്ത് കൊടുത്തപ്പോഴും നിയമസഭ സെക്രട്ടേറിയറ്റ് നിയമപരമായ പരിശോധനകള്‍ നടത്തി ആവശ്യം തള്ളിക്കളഞ്ഞു. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചു. അന്ന് എനിക്ക് ഒരു നോട്ടീസ് പോലും അയയ്ക്കാതെ അഡ്മിഷന്‍ സ്‌റ്റേജില്‍ തന്നെ ഹൈക്കോടതി പരാതി തള്ളിക്കളഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് പരാതിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. അവിടെയും ഒരു നോട്ടീസ് പോലും അയയ്ക്കാതെ പരാതി തള്ളി. മൂന്ന് വര്‍ഷമായിട്ടും ഒരു കേസും എടുക്കാതെ ഇപ്പോള്‍ കേസുമായി മുന്നോട്ട് പോകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. 

മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ഒരു ലക്ഷം ഡോളര്‍ നല്‍കുന്ന ആളെ അടുത്തിരുത്തിയും അന്‍പതിനായിരം നല്‍കുന്നയാളെ തൊട്ടപ്പുറത്ത് ഇരുത്തിയും 25000 ഡോളര്‍ നല്‍കുന്നവനെ മുന്നിലിരുത്തിയും പണമില്ലാത്തവനെ പുറത്ത് നിര്‍ത്തിയും മുഖ്യമന്ത്രി നടത്തുന്ന പരിപാടിയും ലോകകേരള സഭയുടെ പേരില്‍ അമേരിക്കയില്‍ നടത്തിയ അനധികൃത പണപ്പിരിവും പ്രതിപക്ഷം എതിര്‍ത്തിരുന്നു. ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാതെ മുഖ്യമന്ത്രിയുടെ അറിവോടെയാണ് കോടിക്കണക്കിന് രൂപയുടെ പിരിവ് നടത്തുന്നത്. അനധികൃത പിരിവിനെ വിമര്‍ശിച്ചപ്പോഴാണ് സി.പി.എമ്മിന്റെ മുഖപത്രം എനിക്കെതിരായ കേസ് പൊക്കിക്കൊണ്ട് വന്ന് അന്വേഷണം പ്രഖ്യാപിപ്പിച്ചത്. ഒരു ദുരന്തം ഉണ്ടായ സ്ഥലത്ത് എങ്ങനെയാണ് ദുരിതാശ്വാസം പ്രവര്‍ത്തനം നടത്തേണ്ടതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടായിരിക്കും ഈ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിക്കുക. ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കും. 


മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനെതിരായ നിലനില്‍ക്കാത്ത കേസില്‍ വിജിലന്‍സ് കേസെടുക്കുന്നതിലൂടെ മുഖ്യമന്ത്രി എത്രത്തോളം ചെറുതായെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകും. അദാനി കേസില്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതും അദ്ദേഹത്തിനെതിരെ കേസെടുത്തതും. അതുപോലെയാണ് പിണറായി വിജയനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിനെതിരെയും നിയമപരമായി നില്‍ക്കാത്ത കേസെടുത്ത് വിരട്ടാന്‍ നോക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതെല്ലാം ചെയ്യുന്നത്. കേസെടുത്തെന്ന വാര്‍ത്ത കേട്ടപ്പോള്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പേടിച്ചു പോയെന്ന് അമേരിക്കയില്‍ നിന്നും പിണറായി വിളിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ പറയണമെന്നൊരു അഭ്യര്‍ത്ഥനയുണ്ട്. പേടിച്ചെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് സന്തോഷമാകും. എത്രത്തോളം വൈര്യനിര്യാതന ബുദ്ധിയും അസഹിഷ്ണുതയുമാണ് മുഖ്യമന്ത്രിക്കെന്നതിന്റെ എറ്റവും വലിയ തെളിവാണിത്. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ അഴിമതി ആരോപണങ്ങളില്‍ നിന്നും ഞങ്ങള്‍ പിന്‍മാറില്ല. 

എല്ലാ എം.എല്‍.എമാര്‍ക്കും വിദേശത്ത് പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് വേണം. പലരും അത് എടുക്കാറില്ല. പക്ഷെ ഈ തീരുമാനം സര്‍ക്കുലര്‍ വഴി നിയമസഭാ സ്പീക്കര്‍ അറിയിച്ചതിന് ശേഷം വി.ഡി സതീശന്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ഇല്ലാതെ വിദേശത്തേക്ക് പോയിട്ടില്ല. അതിന്റെ എല്ലാ ഫയലുമുണ്ട്. സി.പി.എമ്മിന്റെ മുഴുവന്‍ എം.എല്‍.എമാരും പോയിരിക്കുന്നത് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ഇല്ലാതെയാണ്. എനിക്കെതിരെ പലതും പറയുമെന്ന് അറിയാവുന്നത് കൊണ്ട് എല്ലാ വിദേശ യാത്രകളിലും പൊളിറ്റിക്കല്‍ ക്ലിയറന്‍സ് എടുത്തിട്ടുണ്ട്. 81 തവണ വിദേശത്ത് പോയെന്നതാണ് മറ്റൊരു ആരോപണം. പാസ്‌പോര്‍ട്ട് മുഖ്യമന്ത്രിയെ ഏല്‍പ്പിക്കാമെന്നും അതിന്റെ പകുതി തവണയെങ്കില്‍ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ ഈ പണി നിര്‍ത്താമെന്നും നിയമസഭയില്‍ പറഞ്ഞിട്ടുള്ളതാണ്. 


പുനര്‍ജ്ജനി പദ്ധതിക്ക് വേണ്ടി ഒരു പണപ്പിരിവും നടത്തിയിട്ടില്ല. നാട്ടില്‍ ഒരു അക്കൗണ്ട് പോലുമില്ല. ഡോണറെയും ബെനിഫിഷറിയെയും ഞങ്ങള്‍ തന്നെ കണ്ടെത്തും. ഡോണര്‍ നേരിട്ട് വന്ന് വീട് വച്ചില്ലെങ്കില്‍ ഞങ്ങളുടെ പാനലില്‍ നിന്നുള്ള കരാറുകാരനെ പണി ഏല്‍പ്പിക്കും. കരാറുകാരന് ഘട്ടം ഘട്ടമായി ഡോണര്‍ പണം നല്‍കും. ആയിരക്കണക്കിന് തയ്യല്‍ മെഷീനുകളാണ് മണ്ഡലത്തില്‍ വിതരണം ചെയ്തത്. കോവിഡ് കാലത്ത് മരുന്ന് വിതരണം ഉള്‍പ്പെടെ നടത്തി. വിദേശത്ത് ഞാനും സ്പീക്കറും പങ്കെടുത്ത പരിപാടിയില്‍ വികാരപരമായി സംസാരിച്ചു പോയി. പ്രളയത്തില്‍ ഏറ്റവും അധികം വീടുകള്‍ നഷ്ടപ്പെട്ടത് എന്റെ മണ്ഡലത്തിലായിരുന്നു. തൊട്ടുപിന്നാലെ ആസാദ് മൂപ്പന്‍ 25 വീടുകള്‍ വച്ച് തരാമെന്ന് പറഞ്ഞു. ആസ്റ്റര്‍ ഹോംസ് നിര്‍മ്മിച്ച വീടുകള്‍ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. ഡി.പി വേള്‍ഡും വീട് വച്ചു നല്‍കി. കൊച്ചിയിലെ റോട്ടറി ക്ലബ്ബുകളെല്ലാം ചേര്‍ന്ന് തൊണ്ണൂറോളം വീടുകള്‍ നിര്‍മ്മിച്ചു. വിദേശ മലയാളികകളും സഹായിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒന്നരക്കോടിയുടെ മെഡിസിന്‍ വന്നിട്ടുണ്ട്. എറണാകുളത്തെ എല്ലാ ആശുപത്രികളും പറവൂര്‍ മണ്ഡലത്തില്‍ ഒരാഴ്ചത്തെ ക്യാമ്പ് നടത്തിയിട്ടുണ്ട്. ഒന്നര ലക്ഷം പേരെയാണ് അന്ന് പ്രളയം ബാധിച്ചത്. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ സര്‍ക്കാരിനെ സഹായിക്കുകയാണ് ചെയ്തത്. അതാണ് എന്റെ ധൈര്യം. വിജിലന്‍സ് റിപ്പോര്‍ട്ട് കൊടുക്കുമ്പോള്‍ ഇതൊരു മോഡല്‍ റീബില്‍ഡാണെന്ന റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷ.


മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൈനീസ് കേബിളാണ് കെ ഫോണിന് വരുത്തിയതെന്നും ചൈനീസ് എന്ന് കേള്‍ക്കുമ്പോള്‍ നിലവാരം കുറഞ്ഞതാണെന്ന് തോന്നുന്നത് അറിവില്ലായ്മ കൊണ്ടാണെന്നുമാണ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ കെ ഫോണിന് ചൈനീസ് കേബിളാണ് വരുത്തിയതെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സമ്മതിച്ചു. പക്ഷെ കഴിഞ്ഞ ദിവസം ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കെ ഫോണ്‍ എം.ഡി പറഞ്ഞത്, ഗുഡ്ഗാവില്‍ നിര്‍മ്മിക്കുന്ന എല്‍.എസ്. കേബിള്‍സിന്റെയും ചെന്നൈയില്‍ നിര്‍മിക്കുന്ന സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ് ലിമിറ്റഡിന്റെയും കേബിളുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ്. പക്ഷെ മുഖ്യമന്ത്രിയുടെ ഒഫീസ് സമ്മതിക്കുന്നത് ചൈനീസ് കേബിളെന്നാണ്. അപ്പോള്‍ എം.ഡിക്കെതിരെ നടപടി എടുക്കുമോ?  കേബിള്‍ നിലാവാരം കുറഞ്ഞതാണെന്ന് പ്രതിപക്ഷമല്ല, കെ ഫോണിലെ പാട്ണറായ കെ.എസ്.ഇ.ബിയാണ് പറഞ്ഞത്. ഇന്ത്യന്‍ നിര്‍മ്മിത കേബിള്‍ ഉപയോഗിക്കണമെന്നും കെ.എസ്.ഇ.ബിയാണ് നിര്‍ദ്ദേശിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗപ്പെടുത്തുന്നത് കൊണ്ടാണ് ഇന്ത്യന്‍ നിര്‍മ്മിത കേബിളുകള്‍ ഉപയോഗിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ തന്നെ കരാറില്‍ ഉള്‍പ്പെടുത്തിയത്. അത് ലംഘിച്ചാണ് നിലാവാരം കുറഞ്ഞ കേബിള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തത്. അതിനെ തള്ളിക്കൊണ്ടാണ് കെ.എസ്.ഐ.റ്റി.എല്‍ ചൈനീസ് കേബിള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ചൈനീസ് കേബിള്‍ വരുത്തുക മാത്രമല്ല ചെയ്തത്, അതില്‍ എല്‍.എസ് കേബിള്‍സിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച് കൊടുക്കുകയും ചെയ്തു. ഓഡിറ്റിങ് നടത്തുന്ന സി.എ.ജിയോടാണ് കേബിളിന് ഗുണനിലവാരമില്ലെന്ന് കെ.എസ്.ഇ.ബി പറഞ്ഞിരിക്കുന്നത്. വന്‍ അഴിമതിയാണ് ഇതിന് പിന്നില്‍ നടന്നത്. 


പരീക്ഷാ വിവാദത്തില്‍ കുറ്റക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കാട്ടാക്കടയില്‍ ആള്‍മാറാട്ടം നടത്തിയ എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി സെക്രട്ടറിയെയും അറസ്റ്റ് ചെയ്തിട്ടില്ല. നാടിനെ ഞെട്ടിച്ച കൃത്രിമത്വം നടത്തിയ നേതാക്കള്‍ വെറുതെ നടക്കുകയാണ്. ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്താലും എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യില്ല. അത് ഇരട്ട നീതിയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത തകര്‍ത്ത സംഭവമാണത്. മഹാരാജാസിലെ പ്രിന്‍സിപ്പല്‍ മാറി മാറി അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്‍.ഐ.സി റിസള്‍ട്ട് വകുപ്പ് മേധാവിമാര്‍ പരിശോധിച്ച ശേഷമെ മഹാരാജാസിന്റെ വൈബ് സൈറ്റില്‍ പ്രസിദ്ധീകരിക്കൂ. നിരന്തരമായി എന്‍.ഐ.സി തെറ്റ് വരുത്തുമെങ്കില്‍ എസ്.എഫ്.ഐ നേതാവിന്റെ റിസള്‍ട്ട് വന്നപ്പോള്‍ എന്തുകൊണ്ടാണ് അത് പരിശോധിക്കാതെ മഹാരാജാസിന്റെ വെബ് സൈറ്റില്‍ ഇട്ടത്? ഈ ചോദ്യത്തിന് പ്രിന്‍സിപ്പല്‍ മറുപടി പറയണം. അതേ സംസ്ഥാന സെക്രട്ടറി തന്നെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുക്കുന്നതിനുള്ള എല്ലാ സഹായവും ചെയ്തതും. കൃത്രിമത്തിന് കൂട്ട് നില്‍ക്കാത്തത് കൊണ്ട് സി.പി.എം സംഘടനയില്‍പ്പെട്ട ഒരു അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയാണ് അഭിപ്രായം മാറ്റിച്ചത്. പി.എസ്.സി പരീക്ഷയുടെ ക്രെഡിബിലിറ്റി പോലും എസ്.എഫ്.ഐക്കാര്‍ ഇല്ലാതാക്കി. കൗണ്‍സിലറായി ജയിച്ച പെണ്‍കുട്ടിയുടെ പേര് മാറ്റി ഏരിയാ നേതാവിനെ തിരുകിക്കയറ്റുകയും വാഴക്കുല തീസിസ് കൊടുക്കുകയും ചെയ്തത് എസ്.എഫ്.ഐ നേതാക്കലാണ്. 

കാലടി സര്‍വകലാശാകളില്‍ പി.എച്ച്.ഡി പ്രവേശനത്തിന് സംവരണമുണ്ട്. സംവരണം അട്ടിമറിച്ചെന്ന റിപ്പോര്‍ട്ട് നല്‍കിയിട്ടും കണ്ണടച്ചു. വി.സിയുടെ ഓഫീസില്‍ സ്വാധീനം ചെലുത്തിയ നേതാക്കള്‍ ആരാണെന്ന് അന്വേഷിക്കണം. പി.ജിക്ക് പഠിക്കുമ്പോള്‍ തന്നെ മഹാരാജാസില്‍ പഠിപ്പിക്കുകയായിരുന്നെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തത് ആരാണ്? ഈ നാട്ടില്‍ എന്തും നടക്കുമോ? അവര്‍ തന്നെ പൊലീസ് സ്റ്റേഷനും കോടതിയും തീരുമാനവും ആകുകയാണ്. കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല. പൊലീസിന്റെ കയ്യും കാലും കെട്ടിയിരിക്കുകയാണ്. ഏത് നേതാക്കളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്? ഇത്രയും നാണംകെട്ട കേസുകളില്‍ പോലും നടപടി എടുക്കാതിരിക്കുന്നത്, കേരളത്തില്‍ എന്തും നടത്താമെന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ല. ഉന്നത വിദ്യാഭ്യാസരംഗത്തെ ഒന്നാകെ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിച്ചിരിക്കുകയാണ്. 

വി.സി രാഷ്ട്രീയ ഇടപെടലുകള്‍ക്ക് അനുസരിച്ചാണ് പി.എച്ച്.ഡി പ്രവേശന പട്ടിക ഇറക്കിയത്. സംവരണം അട്ടിമറിച്ചെന്ന് എസ്.സി എസ്.ടി കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കാട്ടക്കടയില്‍ തിരുത്തിയ പ്രതിയും വ്യാജരേഖ ചമച്ച പ്രതിയുമൊക്കെ ഈ നാട്ടിലുണ്ട്. പക്ഷെ അവരെ പൊലീസ് പിടിക്കില്ല. ചോദ്യം ചെയ്യാന്‍ പോലും വിളിച്ചിട്ടില്ല. ഒരു അന്വേഷണവും നടക്കുന്നില്ല. ഈ രണ്ട് കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം ചെയ്യും.