കിലയിലെ അനധികൃത നിയമനങ്ങൾ: ശിവൻകുട്ടി രാജിവെക്കണം: കെ.സുരേന്ദ്രൻ

 
bjp
കിലയിൽ 11 അനധികൃത നിയമനങ്ങൾ നടത്തിയ മന്ത്രി വി.ശിവൻകുട്ടി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പിൻവാതിലിലൂടെ ഇഷ്ടക്കാരെ തിരികി കയറ്റിയ ശിവൻകുട്ടി സത്യപ്രതിഞ്ജാ ലംഘനമാണ് നടത്തിയത്. മുൻകൂർ അനുമതി വാങ്ങാതെ നിയമനം പാടില്ലെന്ന 2019ലെ മന്ത്രിസഭാ തീരുമാനമാണ് ശിവൻകുട്ടി തെറ്റിച്ചത്. ശിവൻകുട്ടി കിലാ ചെയർമാനായിരുന്ന കാലയളവിലെ നിയമനങ്ങൾ എല്ലാം പുനപരിശോധിക്കണം. വഞ്ചിയൂരിലെ ഡിവൈഎഫ്ഐ നേതാവ് സൂര്യ ഹേമൻ്റെ നിയമനത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. വിവിധ മന്ത്രിമാർ നടത്തുന്ന ബന്ധുനിയമനങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമാണ്. അനധികൃതമായി നിയമിച്ച എല്ലാവരെയും ഉടൻ പിരിച്ചുവിടാൻ സർക്കാർ തയ്യാറാവണം. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനത്തിന് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയാണ് പിൻവാതിൽ നിയമനങ്ങൾ വരുത്തി വയ്ക്കുന്നത്. ജോലിക്ക് അർഹരായ യുവാക്കളോടുള്ള കൊടും ചതിയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.