ഇ - ഗവേണൻസ് നടപ്പാക്കുന്നത് സഹകരണ മേഖല പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും: ചീഫ് സെക്രട്ടറി

 
CS

സഹകരണ മേഖലയിൽ ഇ - ഗവേണൻസ് നടപ്പാക്കുന്നത് വഴി കൂടുതൽ കാര്യക്ഷമവും ഉപകാരപ്രദവുമായ രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനാകുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് പറഞ്ഞു. മറൈൻ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോയുടെ ഭാഗമായി ഇ - ഗവേണൻസ് സഹകരണ മേഖലയിൽ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ വകുപ്പുകളെല്ലാം ഡിജിറ്റൽ ആക്കുന്നതു വഴി ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ പ്രാപ്തമാകും. സഹകരണ മേഖലയും കേരള ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കിങ് മേഖലയും ഈ രീതി പിന്തുടരുന്നത് സഹകാരികളിൽ വിശ്വാസ്യത വർധിപ്പിക്കാൻ സഹായിക്കുമെന്നും  വിവര വിനിമയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ എല്ലാ മേഖലയിലെ പ്രവർത്തനങ്ങളും വേഗത്തിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ജാർഖണ്ഡ്  കൃഷി, മൃഗ സംരക്ഷണം സഹകരണ വകുപ്പ് ഗവ.സെക്രട്ടറി പി. അബൂബക്കർ സിദ്ധിഖി അധ്യക്ഷത വഹിച്ചു.  ജാർഖണ്ഡ് ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് സഹകരണ മേഖലയിൽ കേരളം മാതൃകയാണെന്നും ഈ രംഗത്ത് ഇ - ഗവേണൻസ് നടപ്പാക്കുന്നതോടെ ലോക രാജ്യങ്ങൾക്കിടയിൽ കേരളം ശ്രദ്ധിക്കപ്പെടുമെന്നും അബൂബക്കർ സിദ്ധിഖി 
പറഞ്ഞു.

കേരള നബാർഡ് സി.ജി.എം  ഡോ.ജി.ഗോപകുമാരൻ നായർ,കേരള ബാങ്ക് സി.ഇ.ഒ പി.എസ് രാജൻ, ഫോർട്ട്‌കൊച്ചി സഹകരണ ബാങ്ക് പ്രസിഡന്റും  മുൻ മേയറുമായ കെ.ജെ.സോഹൻ, യു.എൽ.സി.സി.എസ്. ഐ.ടി.സെൽ സി.ഇ.ഒ. മുരളി ഗോപാൽ, മണ്ണാർക്കാട് റൂറൽ എസ്.സി.ബി സെക്രട്ടറി എം.പുരുഷോത്തമൻ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി.വി സുഭാഷ്  എന്നിവർ  പങ്കെടുത്തു.

സഹകരണ മേഖല നേരിടുന്ന നിരവധി ന്യൂനതകൾ പരിഹരിക്കാൻ ഈ രംഗത്ത് ഇ - ഗവേണൻസ് നടപ്പാക്കുന്നത്തോടെ സാധിക്കുംമെന്നും  സാധാരണ ജനങ്ങൾക്കുകൂടി പ്രാപ്യമാകുംവിധം വിവര സാങ്കേതിക വിദ്യ സോഫ്റ്റ്‌വെയറുകൾ ഈ രംഗത്ത് ഉപയോഗിക്കാനായാൽ സമൂഹ്യവും സാമ്പത്തികവുമായ ലാഭവും വകുപ്പിന് ലഭ്യമാകുമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.