തിരുവനന്തപുരത്ത് നൂറു കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി ; നാലു പേർ കസ്റ്റഡിയിൽ

 
medicen

തിരുവനന്തപുരത്ത് കടത്തിക്കൊണ്ടു വന്ന നൂറു കിലോയോളം കഞ്ചാവ് എക്‌സൈസ് പിടികൂടി. നാലു പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കണ്ണേറ്റുമുക്കില്‍ വെച്ചാണ് കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്.  ഇന്നോവ കാറിലുണ്ടായിരുന്ന സ്ത്രീ ഓടിരക്ഷപ്പെട്ടു. 

വിഷ്ണു , അഖില്‍, രതീഷ്, കരിങ്കടമുകള്‍ രതീഷ് എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് അതിര്‍ത്തി കടന്നാണ് കാര്‍ തിരുവനന്തപുരത്തേക്ക് എത്തിയത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാലു ദിവസം മുമ്പാണ് കാര്‍ വാടകയ്ക്ക് എടുത്തതെന്ന് വാഹന ഉടമ എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. 

എക്‌സൈസ് സംഘം കാര്‍ വളഞ്ഞപ്പോള്‍ ഒരു പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ അടക്കം നാലു പേരെ എക്‌സൈസ് പിടികൂടി. പ്രതികള്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന സ്ത്രീയാണ് രക്ഷപ്പെട്ടത്. 

ആന്ധ്രയില്‍ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടു വന്നിരുന്ന സംഘമാണ് പിടിയിലായതെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കി. ചെക്‌പോസ്റ്റുകളിലും മറ്റും പരിശോധന മറികടക്കുന്നതിനായി, സ്ത്രികളെയും ഒപ്പം കൂട്ടി കുടുംബം പോകുന്നപോലെയാണ് സംഘം പോയി വന്നിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.