സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇന്ത്യ സഖ്യം; കൊടിക്കുന്നിൽ സുരേഷ് സ്ഥാനാർത്ഥി

 
speaker

കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ ഇൻഡ്യാ സഖ്യത്തിൻ്റെ സ്ഥാനാർത്ഥിയാകും. മൂന്ന് സെറ്റ് നാമനിർദ്ദേശപത്രികൾ കൊടിക്കുന്നിൽ സമർപ്പിച്ചു.

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിൽ ഉറപ്പ് ലഭിക്കാത്തതിനാലാണ് സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളക്കെതിരായി മത്സരിക്കാൻ തീരുമാനിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ സ്പീക്കർ സ്ഥാനത്തേക്ക് ആദ്യമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം, ലോക്സഭാ സ്‌പീക്കർ സ്ഥാനത്തേയ്ക്ക് ഓം ബിർളയുടെ പേരാണ് വീണ്ടും എൻഡിഎ നിർദ്ദേശിച്ചത്. നേരത്തെ മത്സരം ഒഴിവാക്കണമെന്നും ഓം ബിർളയെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ട് രാജ്‌നാഥ് സിംഗ് ഇൻഡ്യ സഖ്യനേതാക്കളെ കണ്ടിരുന്നു.

നാളെയാണ് ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് 12 മണി വരെയാണ് ലോക്സഭ സ്പീക്കർ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക നൽകാനുളള സമയം. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കും. രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തും എന്നാണ് പ്രതീക്ഷ. അക്ഷരമാല ക്രമത്തിൽ മഹാരാഷ്ട്ര മുതൽ പശ്ചിമ ബംഗാൾ വരെയുള്ള സംസ്ഥാനങ്ങളിലെ എംപിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, യൂസഫ് പത്താൻ അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.