ഇന്ത്യ കായിക രംഗത്ത് ആഗോള ശക്തി: കേന്ദ്ര സ്പോർട്സ് സെക്രട്ടറി

22 മത് ബൈനിയൽ കോൺഫറൻസ് കേന്ദ്ര കായിക സെക്രട്ടറി സുജാത ചതുർവേദി ഉദ്ഘാടനം ചെയ്തു.
 
pix

 ഇന്ത്യ അന്താരാഷ്ട്രതലത്തിൽ കായിക ശക്തിയായി മാറിയെന്ന്  കേന്ദ്ര സ്പോർട്സ് സെക്രട്ടറി സുജാത ചതുർവേദി ഐഎഎസ് പറഞ്ഞു. ലക്ഷ്മീഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനും സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും  ഇന്റർനാഷണൽ സൊസൈറ്റി ഫോർ കംപാരിറ്റീവ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്‌പോർട്സും സംയുക്തമായി സംഘടിപ്പിക്കുന്ന 


22-ാമത്  ബൈനിയൽ കോൺഫറൻസ്  സുജാത ചതുർവേദി 
ഉദ്ഘാടനം ചെയ്തു. സ്പോർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ മേഖലയിലെ അന്താരാഷ്ട്ര സഹകരണമാണ് ഇന്ത്യൻ കായിക മേഖലയെ ആഗോളതലത്തിൽ പ്രശസ്തമാക്കിയതെന്ന് കേന്ദ്ര സ്പോർട്സ് സെക്രട്ടറി പറഞ്ഞു. ഇന്ത്യയിൽ ഇതാദ്യമായി നടക്കുന്ന കോൺഫറൻസ് വിജയമാക്കുന്നതിൽ സായിയും എൽ എൻ സി പി ഇ യും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും പറഞ്ഞു. ബൈനിയൽ കോൺഫറൻസ് 
സായി എൽ എൻ സിപിയെ സംബന്ധിച്ച് ചരിത്ര നിമിഷമെന്ന്  പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ  ഡോ. ജി കിഷോർ വ്യക്തമാക്കി. ISCPES പ്രസിഡണ്ട് പ്രൊഫ. റോസ ലോപ്പസ് ഡി അമിക്കോ ചടങ്ങിൽ അധ്യക്ഷത  വഹിച്ചു . ആഗോള തലത്തിൽ വലിയ സ്വാധീനം ചെലുത്താൻ ബൈനിയൽ കോൺഫറൻസിന് കഴിയുന്നുവെന്നും തിരുവനന്തപുരത്ത് നടക്കുന്ന കോൺഫറൻസിന് കായിക രംഗത്തെ ഉന്നമനത്തിന് ഉതകുമെന്നും റോസ ലോപ്പസ് വ്യക്തമാക്കി. 
പിഇഎഫ്ഐയുടെ സെക്രട്ടറി ജനറലും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഗവേണിംഗ് ബോഡി അംഗവുമായ ഡോ. പിയൂഷ് ജെയിൻ,  നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ ഉഷ എസ് നായർ എന്നിവർ സംസാരിച്ചു. 
 കോൺഫറൻസ് ൻ്റെ ഭാഗമായി നടന്ന സാംസ്കാരിക പരിപാടി ശ്രീ കടകംപള്ളി സുരേന്ദ്രൻ എം എൽ എ നിർവഹിച്ചു. തുടർന്ന് കഥകളി, മോഹിനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്യം, സോപാനസഗീതം എന്നീ കലാപരിപാടികൾ അരങ്ങേറി. 
മുൻ ഇന്ത്യൻ വോളിബോൾ താരവും മുൻ കേരള പോലീസ് ഐജിയുമായ എസ് ഗോപിനാഥ് , ഒളിംപ്യൻ കെ എം ബീനാ മോൾ , ഇന്ത്യൻ ബാസ്ക്കറ്റ് ബോൾ താരം ഗീതു അന്ന ജോസ് അടക്കമുള്ള കായിക രംഗത്തെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. SAI LNCPE അസിസ്റ്റന്റ് പ്രൊഫസർ ഡോ. സഞ്ജയ് പ്രജാപതി നന്ദി രേഖപ്പെടുത്തി.