ഇന്ത്യ-ശ്രീലങ്ക സൗഹൃദ സൈക്ലിംഗ് യാത്ര
രണ്ടാഴ്ചത്തെ തീവ്രപരിശീലനം പൂർത്തിയാക്കി ഇന്ത്യ-ശ്രീലങ്ക സംയുക്ത എൻ.സി.സി സൈക്ലിംഗ് പര്യവേക്ഷണസംഘം കൊളംബോയിലേക്ക് പുറപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളിയിലും വള്ളിക്കാവിലെ അമൃത വിശ്വവിദ്യാപീഠത്തിലുമായാണ് സംഘം പരിശീലനം പൂർത്തിയാക്കിയത്.
'മൈത്രി സേതു യാത്ര' എന്ന പേരിലുള്ള പര്യവേക്ഷണം നവംബർ 15ന് കൊളംബോയിൽ ഫ്ലാഗ് ഓഫ് ചെയ്യും. ഇരു രാജ്യങ്ങളിൽ നിന്നുമായി 24 എൻ.സി.സി കേഡറ്റുകൾ പങ്കെടുക്കുന്ന യാത്രയിൽ രണ്ടുമാസത്തിനുള്ളിൽ 3,500 കിലോമീറ്റർ സൈക്കിൾ ചവിട്ടും. കൊളംബോയിൽനിന്ന് ന്യൂഡൽഹി വരെയാണ് യാത്ര. 2027 ജനുവരിയിൽ നടക്കുന്ന എൻ.സി.സി പ്രധാനമന്ത്രി റാലിയിൽ പ്രധാനമന്ത്രി യാത്രാസംഘത്തെ സ്വീകരിക്കും.
നാഷണൽ കേഡറ്റ് കോർപ്സ് സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര സൈക്ലിംഗ് പര്യവേക്ഷണമാണിത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നാഗരിക, സാംസ്കാരിക ബന്ധങ്ങളും സൗഹൃദവും ശക്തിപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം.
കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ കേണൽ അരുൺ കാർത്തിക്കാണ് സംയുക്ത സംഘത്തിന്റെ നേതൃത്വം. ലെഫ്റ്റനന്റ് കമാൻഡർ രാഹുൽ ദാസ് സൈക്ലിംഗ് ടീമിനെ നയിക്കും.
ശ്രീലങ്കയിൽ 11 ദിവസംകൊണ്ട് കൊളംബോയിൽനിന്ന് ജാഫ്നയിലേക്ക് 500 കിലോമീറ്ററോളം സംഘം സഞ്ചരിക്കും. തുടർന്ന് ഇന്ത്യയിലെത്തുന്ന സംഘം പുതുച്ചേരിയിലെ കാരയ്ക്കലിൽനിന്ന് ആഭ്യന്തര പര്യവേക്ഷണം ആരംഭിക്കും. രാജ്യത്തെ 11 സംസ്ഥാനങ്ങളിലൂടെയും കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കടന്നുപോകുന്നതാണ് യാത്ര.
