ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഭിന്നശേഷി കലാമേളയ്ക്ക് ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഉജ്ജ്വല തുടക്കം കലാമേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

 
cm

ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി കലാമേള സംഘടിപ്പിക്കുവാന്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ ഏറ്റവും ഉചിതമായ വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലാദ്യമായി സംഘടിപ്പിക്കുന്ന സമ്മോഹന്‍ ദേശീയ കലാമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കുട്ടികളെ മുഖ്യധാരയിലെത്തിക്കുവാന്‍ ഇത്തരം മേളകള്‍ അനുചിതമാണ്. ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുവാന്‍ സര്‍ക്കാര്‍ നിരവധി പരിപാടികളാണ് ചെയ്തുവരുന്നത്. ഇതിന്റെ ഭാഗമായി ബാരിയര്‍ ഫ്രീ പദ്ധതി കേരളം നടപ്പിലാക്കി വരികയാണ്. എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ബാംഗ്ലൂരില്‍ നിന്നെത്തിയ പത്തോളം ഭിന്നശേഷിക്കാരുടെ ചക്രക്കസേര നൃത്തത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച്. സദസ്സിനെ പിടിച്ചുകുലുക്കിയ ഉജ്ജ്വല പ്രകടനമായിരുന്നു അവരുടേത്. കാഴ്ച പരിമിതയുയായ തമിഴ്‌നാട് സ്വദേശി ജ്യോതികല തിരുവിതാംകൂറിന്റെ ദേശീയ ഗാനമായിരുന്ന വഞ്ചീശമംഗളം ആലപിച്ചുകൊണ്ട് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.  
സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജ്യോതികലയെ മുഖ്യമന്ത്രി പൊന്നാടയും മെമെന്റോയും നല്‍കി ആദരിച്ചു.  ചടങ്ങില്‍ കടകംപളളി സുരേന്ദ്രന്‍, നാഷണല്‍ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി കെ.ആര്‍ വൈദീശ്വരന്‍ എന്നിവര്‍സംസാരിച്ചു. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതവും മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നന്ദിയും പറഞ്ഞു.  തുടര്‍ന്ന് വിവിധ വേദികളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഭിന്നശേഷി കലാകാരന്മാരുടെ കലാരൂപങ്ങള്‍ അവതരണവും നടന്നു. കലാമേള ഇന്ന് (ഞായര്‍) സമാപിക്കും. സമാപന സമ്മേളനം ഇന്ന് വൈകുന്നേരം 3ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകനും മാജിക് അക്കാദമി രക്ഷാധികാരിയുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തോമസ് ചാഴിക്കാടന്‍ എം.പി, കെ.കെ ശൈലജ ടീച്ചര്‍ എന്നിവര്‍ പങ്കെടുക്കും. സമ്മോഹന്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി തോംസണ്‍ ഐ.എ.എസ് സ്വാഗതവും ഗോപിനാഥ് മുതുകാട് നന്ദിയും പറയും.

pp


സമ്മോഹന്‍ കലാമേളയ്ക്ക് ഇരട്ടിമധുരവുമായി മിറാക്കിള്‍ ഓണ്‍ വീല്‍സിന്റെ വേറിട്ട നൃത്തക്കാഴ്ച

തിരുവനന്തപുരം:  ചക്രക്കസേരയിലെ ജീവിതം പ്രതീക്ഷകളുടെ അവസാനമല്ലെന്ന് തെളിയിച്ച ഉശിരന്‍ പ്രകടനവുമായി ബാംഗ്ലൂരിലെ മിറാക്കില്‍ ഓണ്‍ വീല്‍സ് സമ്മോഹന്‍ ഉദ്ഘാടന വേദിയെ പ്രകമ്പനം കൊള്ളിച്ചു.  ചക്രക്കസേരയില്‍ ഇരുന്നുകൊണ്ട് നര്‍ത്തകര്‍ നടത്തിയ ചടുല നൃത്തം സദസ്സ് കണ്ണിമവെട്ടാതെ കണ്ടിരുന്നു.  വീല്‍ചെയറുകള്‍ മറിച്ചിട്ടും അതിനുമുകളില്‍ കയറി നിന്നും പരിമിതിയോട് പടവെട്ടുന്ന വ്യത്യസ്ത നൃത്തക്കാഴ്ചയാണ് കാണികള്‍ക്ക് സമ്മാനിച്ചത്. കാണികളെ എഴുന്നേറ്റ് നിന്ന് കൈയടിക്കാന്‍ പ്രേരിപ്പിച്ച അപൂര്‍വ നിമിഷങ്ങളും കൊണ്ട് സമ്പന്നമായിരുന്നു വീല്‍ ചെയര്‍ ഡാന്‍സ്. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലാദ്യമായി നടക്കുന്ന ദ്വിദിന കലാമേളയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് മിറാക്കിള്‍ ഓണ്‍ വീല്‍സിന്റെ അപൂര്‍വ പ്രകടനം നടന്നത്. അംഗപരിമിതരും ശ്രവണ സംസാര പരിമിതരുമാണ് സംഘത്തിലുണ്ടായിരുന്നത്. കലാമേളയ്ക്ക് ഏറ്റവും ഉചിതമായ തുടക്കമായിരുന്നുവെന്ന് കാണികള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.