ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളിലുണ്ടാകുന്ന അരക്ഷിതത്വം പരിഹരിക്കും: വനിത കമ്മിഷന്‍

 
women

ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളില്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ  പരിഹരിക്കുന്നതിനായി കൂടുതല്‍ ഇടപെടലുകള്‍ നടത്തുമെന്ന് കേരള വനിത കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അംഗം.


     ഇന്നത്തെ കാലത്ത് നിരവധി സ്ത്രീകളാണ് ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നത്. ഇത് പരിഹരിക്കുന്നതിനായി ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നും വാര്‍ഡ് തല ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തി ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളെ കേള്‍ക്കുവാനും അവരുടെ പ്രശ്‌നങ്ങള്‍ സ്ത്രീപക്ഷ കാഴ്ചപ്പാടോടുകൂടി നിന്ന് പരിഹരിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും കമ്മിഷന്‍ അംഗം പറഞ്ഞു.  വസ്തു തര്‍ക്കം, വിവാഹേതര ബന്ധങ്ങള്‍, സ്വത്ത് തര്‍ക്കം തുടങ്ങിയവയായിരുന്നു അദാലത്തില്‍ പരിഗണനയ്ക്കു വന്ന മറ്റ് പരാതികള്‍. 


    സിറ്റിങ്ങില്‍ 64 പരാതികള്‍ പരിഗണിച്ചു. 16 കേസുകള്‍ തീര്‍പ്പാക്കുകയും എട്ട് എണ്ണത്തില്‍ പോലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഒരു പരാതി ജാഗ്രതാ സമിതിക്ക് കൈമാറി. ബാക്കി 39 കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കുന്നതിനായി മാറ്റി. 


    അഡ്വ. ജീനു എബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, അഡ്വ. ബിജി മോള്‍,  സഖി വണ്‍ സ്റ്റോപ്പ് കൗണ്‍സിലിംഗ് സെന്റര്‍ അംഗങ്ങള്‍, വനിത കമ്മിഷന്‍ ജീവനക്കാരായ ശരത്കുമാര്‍, രാജേശ്വരി തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.