നിയമം അനുശാസിക്കുന്ന വിധത്തില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണം: വനിതാ കമ്മിഷന്‍

 
women

സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് പൊതുവായ ജാഗ്രത സമൂഹത്തിനുണ്ടാകണം. 

    തൊഴിലിടത്തില്‍ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ തടയുന്നതിന്റെ ഭാഗമായ ഇന്റേണല്‍ കമ്മറ്റികള്‍ പോഷ് ആക്ട് അനുശാസിക്കുന്ന വിധം രൂപീകരിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. 
    തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ മൂലം കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകളുടെ പരാതികളും അദാലത്തില്‍ പരിഗണിച്ചു. ഇത്തരം പരാതികളില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ഇന്റേണല്‍ കമ്മറ്റികളോടു പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശിക്കാറുള്ളത്. എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മറ്റികള്‍ ഫലപ്രദമായി പ്രവര്‍ത്തനക്ഷമം ആയിട്ടില്ലെന്നാണ് വനിതാ കമ്മിഷന് ലഭിച്ചിട്ടുള്ള പരാതികളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടുമ്പോള്‍ വ്യക്തമാകുന്നത്. പോഷ് ആക്ട് നിയമം വന്നിട്ട് 10 വര്‍ഷം പിന്നിട്ടിരിക്കുന്ന സമയമാണിത്. എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം തൊഴില്‍ സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ക്കുണ്ട്. 
    സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഉള്‍പ്പെടെ പരാതി പരിഹരിക്കപ്പെടും എന്ന ധാരണയിലേക്ക് സ്ത്രീകള്‍ എത്തിയിട്ടില്ല. സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് അകത്തു തന്നെ ഇന്റേണല്‍ കമ്മറ്റികള്‍ ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ആത്മവിശ്വാസത്തോടെ അതിന്റെ ഭാഗമായ നടപടികള്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയും. പലപ്പോഴും പരാതി സംബന്ധിച്ച് വിശദീകരണം ചോദിക്കുമ്പോള്‍ മാത്രമാണ് ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കപ്പെടുന്നത്. എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും പരാതി പരിഹാര സംവിധാനം ഉണ്ടാകണമെന്നത് ഉറപ്പുവരുത്താനുള്ള കര്‍ശനമായ ഇടപെടല്‍ ഉണ്ടാവണം. പത്തില്‍ കുറവ് ജീവനക്കാരാണ് സ്ഥാപനത്തില്‍ ഉള്ളതെങ്കില്‍, പോഷ് ആക്ട് സംബന്ധമായ പരാതി സ്വീകരിക്കുന്നതിനുള്ള അധികാരം ജില്ലാ കളക്ടര്‍ അധ്യക്ഷനായ ലോക്കല്‍ കംപ്ലയിന്റ് കമ്മിറ്റിക്കാണ്. ജില്ലാ കളക്ടര്‍ മുന്‍കൈയെടുത്ത് ഈ സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. പത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണെങ്കില്‍ ആ സ്ഥാപനത്തില്‍ തന്നെ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണം.     
    ഗാര്‍ഹിക ചുറ്റുപാടിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയതില്‍ ഏറെയും. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, ഭര്‍ത്തൃ മാതാപിതാക്കള്‍ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഗാര്‍ഹിക ചുറ്റുപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമാകുകയും വലിയ തോതില്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. 
    കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന പരാതികളിലെ കക്ഷികളെ കൗണ്‍സിലിംഗിന് വിടാറുണ്ട്. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലും അടുത്ത ബന്ധുക്കള്‍ തമ്മിലുമുള്ള സംഭാഷണങ്ങള്‍ പോലും അസഭ്യങ്ങള്‍ വിളിച്ചു പറയുന്ന നിലയിലേക്ക് എത്തുന്നുണ്ട്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പരാതിയായി എത്തുന്നുണ്ട്. ഒറ്റയ്ക്ക് സ്ത്രീകള്‍ താമസിക്കുന്ന വീടുകളില്‍ അരക്ഷിതമായി കഴിയേണ്ടുന്ന സ്ഥിതി ഉണ്ട്. സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് പൊതുവായ ജാഗ്രത സമൂഹത്തിനുണ്ടാകണം. സമൂഹത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ ഇതിന് ഉതകുന്ന മാറ്റം ഉണ്ടാകേണ്ടതുണ്ട്. കുടുംബ ജീവിതത്തില്‍ മൊബൈല്‍ ഉപയോഗം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതു സംബന്ധിച്ച പരാതിയും അദാലത്തില്‍ പരിഗണിച്ചു. വിവാഹ ബന്ധം തകരുന്നതിലേക്ക് വഴിവയ്ക്കുന്ന രീതിയില്‍ മൊബൈല്‍ ഉപയോഗിച്ചുള്ള ചാറ്റിംഗ് ചെന്നെത്തുന്നു എന്നതു സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. 
    വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, സിഐ ജോസ് കുര്യന്‍, എസ്‌ഐ അനിത റാണി, കൗണ്‍സിലര്‍ സിബി, വനിതാ കമ്മിഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആകെ 45 കേസുകള്‍ അദാലത്തില്‍ പരിഹരിച്ചു. 19 കേസുകള്‍ റിപ്പോര്‍ട്ടിനായി അയച്ചു. നാലു കേസുകള്‍ കൗണ്‍സിലിംഗിന് നിര്‍ദേശിച്ചു. 182 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ആകെ 250 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്.