അന്താരാഷ്ട്ര കാൻസർ പ്രതിരോധ ഉച്ചകോടി; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഉത്ഘാടനം ചെയ്തു

 
gov

രാജ്യാന്തര കാൻസർ വിദഗ്ധരുമായി സഹകരിച്ച് കേരളത്തിലെ ക്യാൻസർ രം​ഗത്ത് പ്രവർത്തിക്കുന്ന സ്വസ്തി ഫൌണ്ടേഷന്‍ അടക്കമുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന "പ്രിവന്റീവ് ക്യാൻസർ സമ്മിറ്റ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഉത്ഘാടനം ചെയ്തു.കേരളത്തിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്ന ഒരു കാൻസർ സ്‌ക്രീനിംഗ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന ഒരു സംരംഭമായ കാൻസർ സേഫ് കേരള പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാന്‍ ഈ ഉച്ചകോടിക്ക് കഴിയുമെന്നതില്‍ സന്തോഷമുണ്ടെന്നും സ്വസ്തി ഫൗണ്ടേഷന്‍ പാരിസ്ഥിതിക സംരക്ഷണത്തിൽ നിരന്തരമായ ഇടപെടലുകൾ കൂടാതെ ക്യാൻസർ ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും കാൻസർ രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നത് അഭിനന്ദനാര്‍ഹമാണെന്നും തിരുവനന്തപുരത്തെ ഹോട്ടൽ ഫോർട്ട് മാനറിൽ നടന്നു വരുന്ന 3 ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.

വിദേശത്തുനിന്നുള്ള രണ്ട് വിദഗ്ധരിൽ ഡോ.എംവി പിള്ള ഓങ്കോളജിയിലെ വിസ്മയിപ്പിക്കുന്ന പരിജ്ഞാനം കൊണ്ടും നർമ്മബോധം കൊണ്ടും ഒരുപക്ഷേ കേരളത്തിലെ ഭൂരിഭാഗം ആളുകൾക്കും അറിയാമെന്നും മാതൃഭാഷയായ മലയാളത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹത്തെയും അത് അമേരിക്കയിൽപ്പോലും പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം ആരംഭിച്ച പരിപാടികളെയും ഗവര്‍ണര്‍ പ്രശംസിച്ചു. 

റഷ്യയിലെ പെട്രോവ് ഓങ്കോളജി  സെൻറർ ഡയറക്ടർ ഡോ.എഎം ബല്യേവ് മുഖ്യ പ്രഭാഷണം നടത്തി. രാവിലെ  9.30 നു ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ  മോഹനൻ കുന്നുമ്മേൽ കാൻസർ ഉച്ചകോടി സമ്മേളനത്തിന്റ ലക്ഷ്യവും പ്രവർത്തനവും അവതരിപ്പിച്ച ഉച്ചകോടിയില്‍ തോമസ് ജഫേഴ്സൺ സർവ്വകലാശാലയിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ എംവി പിള്ള മുഖ്യ പ്രഭാഷണം നടത്തി.ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടികെഎ നായർ, മുൻ ചീഫ് സെക്രട്ടറിയും സ്വസ്തി ഫൗണ്ടേഷന്റെ ഉപദേശക സമിതി അംഗവുമായ ജിജി തോംസൺ,സോമതീരം ആയുര്‍വേദ ഗ്രൂപ്പ്‌ ചെയര്‍മാനും സ്വസ്തി ഫൗണ്ടേഷന്റെ ഉപദേശക സമിതി അംഗവുമായ  ബേബി മാത്യു സോമതീരം,സ്വസ്തി ഫൗണ്ടേഷന്‍ ട്രസ്റ്റി എസ് ഗോപിനാഥ് ഐപിഎസ്, കുക്കു പരമേശ്വരന്‍, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.കെ.കെ. മനോജൻ, ദീപിക ദിനപത്രം ചെയർമാൻ ശ്രീ ഫ്രാൻസിസ് ക്ലീറ്റസ്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ. രഘു ചന്ദ്രൻ നായർ, സ്വസ്തി ഹീലിംഗ് ഹാൻഡ്‌സ് ചെയർമാൻ ഡോ.ചന്ദ്രമോഹൻ കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

29ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുഖ്യമന്ത്രി കാൻസർ സുരക്ഷിത കേരളം "പദ്ധതി പ്രഖ്യാപിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തും.