തൊഴിൽ അവകാശ സംരക്ഷണ പ്രഖ്യാപനത്തോടെ അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് സമാപനം

തൊഴിലാളികളുടെ അവകാശങ്ങൾക്ക് കോൺക്ലേവ് ഊന്നൽ നൽകി.

 
b
 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ

തൊഴിൽ അവകാശങ്ങൾ സാമൂഹികവും സാമ്പത്തീകവുമായ നീതിക്കും  സമൂഹപുരോഗതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ  അഭിവാജ്യ അടിസ്ഥാനഘടകമാണെന്നതടക്കം തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന പ്രഖ്യാപനത്തോടെ ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ് സമാപിച്ചു.   ഡിജിറ്റൽ സാങ്കേതിക എ ഐ വിപ്ലവം  പരമ്പരാഗത തൊഴിൽമേഖലകളിൽ സൃഷ്ടിക്കുന്ന വെല്ലുവിളികളും, അവസരങ്ങളും ആവശ്യപ്പെടുന്ന തരത്തിലുള്ള നൈപുണ്യ വികസനത്തിന് തൊഴിലാളികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പദ്ധതികളും ഇതിനോടകം തന്നെ കേരളം ആവിഷ്‌കരിച്ചു കഴിഞ്ഞതായി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.  തൊഴിലാളികളുടെ നൈപുണ്യവികസനത്തിനൊപ്പം വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് അതിനനുസൃതമായ തൊഴിൽ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതും സർക്കാർ ഉറപ്പുവരുത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

എല്ലാ തൊഴിലാളികളുടെയും അവകാശവും ക്ഷേമവും സംരക്ഷിക്കുന്നതിന് കേരളം എന്നും നിലകൊള്ളുന്നുവെന്ന് ചടങ്ങിൽ അധ്യക്ഷൻ ആയിരുന്ന തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക സംരക്ഷണ നടപടികൾക്കും തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും പ്രഥമപരിഗണന നൽകുന്ന തരത്തിൽ ഈ കോൺക്ലേവിൽനിന്നും ഉയർന്നുവന്ന ആശയങ്ങൾ എങ്ങനെ നടപ്പിലാക്കാനാകുമെന്ന് സർക്കാർ പരിശോധിക്കും. ഒട്ടേറെ വിലപ്പെട്ട ആശയങ്ങളാണ് കോൺക്ലേവിൽ നിന്നും ലഭിച്ചതെന്നും കോൺക്ലേവിന് തുടർച്ചകളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന സമാപന സമ്മേളനത്തിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി കോൺക്ലേവ് പ്രഖ്യാപനം അവതരിപ്പിച്ചു. കോൺക്ലേവിന്റെ പരിഛേദമെന്ന നിലയിൽ വിവിധ വിഷയങ്ങൾ പ്രഖ്യാപനത്തിൽ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളം ഐ എൽ ഒ മുന്നോട്ട് വെക്കുന്ന മൂല്യങ്ങളും തത്വങ്ങളും എന്നും ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും ഐ എൽ ഒയുമായി തുടർന്നും ആഴത്തിലുള്ള സഹകരണം പ്രതീക്ഷിക്കുന്നതായും ഡിക്ലറേഷൻ വ്യക്തമാക്കുന്നു.

തൊഴിലാളികളുടെ അവകാശങ്ങൾ പൊതുചർച്ചയുടെ ഭാഗമാക്കണം. ലിംഗ ജാതി മത സാമൂഹിക വിഭാഗ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളോടുമുള്ള കരുതലും പരിരക്ഷയുമാണ് കേരളത്തിന്റെ വികസന പാതയെ വേർതിരിച്ചു നിർത്തുന്നത്. പുരോഗതിയുടെ പാതയിൽ ഒരു വ്യക്തിയും പിന്നാക്കം പോകരുതെന്നാണ് ലക്ഷ്യം.  ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണ ബില്ലിന്റെ പൂർത്തീകരണത്തിലേക്ക് കേരളസർക്കാർ നീങ്ങികൊണ്ടിരിക്കുകയാണ്. ഇത് രാജ്യത്ത് ആദ്യത്തേതാണെന്നും കോൺക്ലേവ് ഡിക്ലറേഷൻ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സർക്കാരിന്റെ ലേബർ കോഡുകൾ പോരാട്ടങ്ങളിലൂടെ നേടിയ തൊഴിലാളികളുടെ അവകാശങ്ങളെ ചുരുക്കുകയും കോടതിവിധികളിലൂടെ നേടിയ അവകാശങ്ങളെ റദ്ദു ചെയ്യുന്നതായും തൊഴിലാളി തൊഴിലുടമാ പ്രതിനിധികൾ തൊഴിൽ സമ്മേളനങ്ങളിൽ ഈ വിഷയം വ്യാപകമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നും കോൺക്ലേവ് നിരീക്ഷിച്ചു. വിവിധ സർക്കാർ പരിപാടികളുടെ ഭാഗമായ സ്‌കീം -കമ്മ്യൂണിറ്റി വർക്കർമാരെ  തൊഴിലാളികളായി കണക്കാക്കണം.പരിചരണ സ്‌കീം തൊഴിലാളികൾക്ക് ന്യായമായ പ്രതിഫലം നൽകണം.പരമ്പരാഗത വ്യവസായങ്ങളിലെ ആരോഗ്യകരവും അർഹിക്കുന്ന പ്രതിഫലത്തിനുമായ തൊഴിലാളികളുടെ അവകാശങ്ങൾക്ക് കോൺക്ലേവ് ഊന്നൽ നൽകി.

ഗിഗ് പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും മാന്യമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും ആഗോള നിയന്ത്രണ ക്ഷേമ ചട്ടക്കൂട് മനസ്സിലാക്കുന്നതിനും ഐ എൽ ഒയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനൊപ്പം അഖിലേന്ത്യാ ചട്ടക്കൂട് ഉറപ്പുവരുത്താൻ ദേശീയതലത്തിൽ കേരളം ഈ വിഷയം ഏറ്റെടുക്കും. കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളും ഉപജീവന മാർഗങ്ങളും സംരക്ഷിക്കേണ്ടതിന്റെ ഭാഗമായി കുടിയേറ്റത്തിന്റെയും കുടിയേറ്റ തൊഴിലാളികളുടെയും വിശദാംശങ്ങൾ സ്ഥിതിവിവര പഠനത്തിന് വിധേയമാക്കണം. 

തൊഴിലാളി വർഗത്തിന്റെ  സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ഉറപ്പാക്കുന്നതിന് ശാസ്ത്രീയമായ സ്ഥിതിവിവരകണക്കുകളുടെ ആവശ്യകതയും തൊഴിലാളി അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനുമായി  സംസ്ഥാന, ദേശീയ സർക്കാരുകൾക്ക് നിരവധി നയ നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കുന്ന അവകാശ പ്രഖ്യാപനവും കോൺക്ലേവ് ഡിക്ലറേഷൻ മുന്നോട്ട് വെയ്ക്കുന്നു. 

തിരുവനന്തപുരത്ത് നടന്ന സമാപന സമ്മേളനത്തിൽ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി കെ രാമചന്ദ്രൻ, പ്ലാനിംഗ് ആന്റ് ഇക്കണോമിക് ബോർഡ് അഡീ. ചീഫ് സെക്രട്ടറി പുനീത്കുമാർ,ലേബർ സെക്രട്ടറി അജിത് കുമാർ, ലേബർ കമ്മിഷണർ ഡോ കെ വാസുകി, എംപ്ലോയ്‌മെന്റ് ഡയറക്ടർ വീണാമാധവൻ എന്നിവർ സംബന്ധിച്ചു.