ശാസ്ത്രഗവേഷണത്തിന് ചെലവുചുരുക്കാൻ ഐ-സ്റ്റെമിന്റെ “വി-ലാബ്സ്” അവതരിപ്പിച്ചു

 
pix
ശാസ്ത്രഗവേഷണവും കണ്ടെത്തലുകളും എളുപ്പവും ചെലവുകുറഞ്ഞതുമാക്കുന്നതിനായി വെർട്ടിക്കലി അഗ്രഗേറ്റിങ് ലാബ്സ് അഥവാ “വി-ലാബ്സ്” എന്ന പുതിയ സംവിധാനം അവതരിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ മുഖ്യശാസ്ത്ര ഉപദേഷ്ടാവിന്റെ ഓഫിസിന് കീഴിൽ പ്രവർത്തിക്കുന്ന ഐ-എസ്.ടി.ഇ.എം (ഇന്ത്യൻ സയൻസ്, ടെക്‌നോളജി, ആൻഡ് എഞ്ചിനീറിങ് ഫെസിലിറ്റീസ് മ്യാപ്പ്) ആണ് വി-ലാബ്സ് സജ്ജമാക്കിയിരിക്കുന്നത്. ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം, രാജ്യമെമ്പാടുമുള്ള ഗവേഷകർ, സംരംഭങ്ങൾ, വ്യവസായങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിക്കും. ഈ ശൃംഖലയിലുള്ള ലാബുകളും ഉപകരണങ്ങളും ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഗവേഷണത്തിനായി വിനിയോഗിക്കാം. 

സംസ്ഥാന സർക്കാരിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള എനർജി മാനേജ്‌മെന്റ് സെന്ററിലായിരുന്നു പരിപാടി. കേരള എനർജി മാനേജ്‌മെന്റ് സെന്റർ ജോയിന്റ് ഡയറക്ടർ ദിനേശ് കുമാർ എ.എൻ, രജിസ്ട്രാർ സുഭാഷ് ബാബു, പ്രോജക്ട് ഹെഡ് ജോൺസൻ ഡാനിയേൽ, എനർജി ടെക്‌നോളജിസ്റ്റുകളായ രാജീവ് കെ.ആർ, അനൂപ് സുരേന്ദ്രൻ എന്നിവർക്കൊപ്പം ടീമിലെ മറ്റംഗങ്ങളും ഉദ്‌ഘാടനചടങ്ങിൽ പങ്കെടുത്തു.

ഗവേഷണത്തിന്റെ തുടക്കത്തിൽ ആധുനിക ഉപകരണങ്ങൾ വാങ്ങാൻ  സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും ചെലവാക്കേണ്ടിവരുന്ന ഭീമമായ മൂലധനനിക്ഷേപം ലഘൂകരിക്കാമെന്നതാണ് വി-ലാബ്‌സിന്റെ ഏറ്റവും വലിയ പ്രയോജനം. ഒരേ ഉപകരണങ്ങൾ തന്നെ പല സ്ഥാപനങ്ങൾ വീണ്ടും വീണ്ടും വാങ്ങേണ്ടി വരുന്ന സാഹചര്യവും ഒഴിവാകും. നിലവിൽ ലഭ്യമായ സംവിധാനങ്ങളൊക്കെയും പൂർണതോതിൽ പ്രയോജനപ്പെടുത്തുന്നുണ്ട് എന്നുറപ്പാക്കാനും സാധിക്കും. ഇതിനായി വിവിധ മേഖലകളിലും വിഷയങ്ങളിലുമുള്ള ഉപകരണങ്ങളും ലാബുകളും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർന്നും ഇത്തരം പരിപാടികളും ശില്പശാലകളും സംഘടിപ്പിക്കും. ഗവേഷകർക്ക് അവരുടെ വിഷയവുമായി ബന്ധപ്പെട്ട പഠനത്തിനാവശ്യമുള്ള സൗകര്യങ്ങൾ കണ്ടെത്തി ഉപയോഗിക്കാൻ കഴിയും. പൊതുമേഖലയിലും സ്വകാര്യരംഗത്തുമുള്ള ഗവേഷണസ്ഥാപനങ്ങളെ ഭാവിയിൽ ഒരുമിച്ചുകൊണ്ടുവരാനും കഴിയും. ബയോടെക്‌നോളജി, ഇമ്മ്യൂണോളജി, മെറ്റീരിയൽ സയൻസ്, നാനോ ടെക്‌നോളജി തുടങ്ങി നിരവധി ശാസ്ത്രശാഖകൾ ഇതിലുൾപ്പെടുന്നു.