നിങ്ങള്‍ക്ക് ഇഷ്ടമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ഇത് സി.പി.എം സംസ്ഥാന കമ്മിറ്റിയല്ല, കേരള നിയമസഭയാണ്;

മുഖ്യമന്ത്രിയെ ഭയന്ന് സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നു; തെറ്റ് ചെയ്താല്‍ സ്പീക്കറും വിമര്‍ശിക്കപ്പെടും
 
v d

2016 ഒക്ടോബര്‍ 20-ന് ശ്രദ്ധക്ഷണിക്കലിന് ലിസ്റ്റ് ചെയ്ത വിഷയം അടിയന്തിര പ്രമേയമായി അനുവദിക്കുന്നത് ശരിയായ കീഴ് വഴക്കമല്ലെന്ന വാദം അന്നത്തെ പാര്‍ലമെന്ററികാര്യ മന്ത്രി ഉന്നയിച്ചിരുന്നു. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കാനുള്ള അവസരം അന്ന് രാവിലെ മാത്രമെ പ്രതിപക്ഷത്തിന് ലഭിക്കുകയുള്ളെന്നും സുപ്രധാന വിഷയങ്ങള്‍ കാര്യപരിപാടിയില്‍ വന്നിട്ടുണ്ടെങ്കിലും അത് അടിയന്തിരപ്രമേയമായി വന്നാല്‍ അടിയന്തിര പ്രമേയത്തിന് പരിഗണന നല്‍കണമെന്നാണ് അന്ന് സ്പീക്കര്‍ നല്‍കിയ റൂളിങ്. ഒരേ വിഷയത്തില്‍ രണ്ട് നോട്ടീസുകള്‍ വന്നാല്‍ അടിയന്തിര പ്രമേയത്തിന് പ്രാമുഖ്യം നല്‍കണമെന്ന് സ്പീക്കറായിരുന്ന എം വിജയകുമാറും റൂളിങ് നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ അവകാശങ്ങളില്‍ സ്പീക്കര്‍ കൈകടത്തിയാല്‍ അതുമായി സഹകരിക്കാന്‍ സാധിക്കില്ല. ഇത് കേരളത്തിന്റെ നിയമസഭയാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയല്ല. സംസ്ഥാന കമ്മിറ്റിയില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള തീരുമാനങ്ങളെടുക്കാം. അത് നിയമസഭയില്‍ അനുവദിക്കാനാകില്ല.

ഇന്നലെയും സ്പീക്കറിന്റെ ഭാഗത്ത് നിന്നും നീതി നിഷേധമുണ്ടായി. ആദ്യ രണ്ട് ദിവസങ്ങളില്‍ സഭയില്‍ ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ച്ചായായ മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിര പ്രമേയങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സ്പീക്കര്‍ അതിന് കൂട്ടുനില്‍ക്കുകയാണ്. ഒരു ചോദ്യം വന്നാല്‍ റൂള്‍ 50 പാടില്ലെന്ന റൂളിങ് പുനപരിശോധിക്കണം. റൂള്‍ 50 സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസാണ്. ചോദ്യങ്ങള്‍ വിവരശേഖരണത്തിന് വേണ്ടിയുള്ളതാണെന്ന് മുന്‍കാലങ്ങളിലെ സ്പീക്കര്‍മാര്‍ റൂളിങ് നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുന്നതും ചോദ്യങ്ങള്‍ ഉയരുന്നതും ഇഷ്ടമല്ല. പ്രതിപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട സ്പീക്കര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധാര്‍ഷ്ട്യത്തിനും അഹങ്കാരത്തിനും കൂട്ടുനില്‍ക്കുകയാണ്. സഭ സ്തംഭിപ്പിക്കാതെ ബഹിഷ്‌ക്കരിക്കുന്നത് ദൗര്‍ബല്യമായി കരുതരുത്. നിങ്ങളെ പോലെ സ്പീക്കറുടെ ഡയസില്‍ ഇരച്ചുകയറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നിയമസഭാ ചരിത്രത്തില്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമായി ഈ ദിവസം മാറുമെന്നതില്‍ സംശയമില്ല.

പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്

നിയമസഭയില്‍ തുടര്‍ച്ചയായ രാണ്ടാം ദിനവും സ്പീക്കര്‍ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. ആദ്യ രണ്ട് ദിവസവും പ്രതിരോധത്തിലായ സര്‍ക്കാര്‍ അടിയന്തിരപ്രമേയ ചര്‍ച്ചകളെ ഭയക്കുകയാണ്. ഭീതികൊണ്ടാണ് നിസാരമായ കാരണങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിച്ചത്. ചോദ്യോത്തവേളയില്‍ ചോദ്യം വന്നെന്നു പറഞ്ഞാണ് ഇന്ന് അടിയന്തിര പ്രമേയ നോട്ടീസ് നിഷേധിച്ചത്. ചോദ്യമോ ശ്രദ്ധക്ഷണിക്കലോ സബ്മിഷനോ വന്നതു കൊണ്ട് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കരുതെന്ന് രണ്ട് സ്പീക്കര്‍മാരുടെ റൂളിങ് നിലവിലിരിക്കെയാണ് അതേ കാരണം പറഞ്ഞ് നോട്ടീസ് നിഷേധിച്ചത്. കോടതിയുടെ പരിഗണനയിലുള്ള കേസ് ആണെന്നതാണ് രണ്ടാമത് പറഞ്ഞ കാരണം. കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളവുമായി ബന്ധപ്പെട്ട കേസ് 2022 മുതലുണ്ട്. 2023 ഫെബ്രുവരി 15- ന് പുറത്തിറക്കിയ ഉത്തരവിനെയാണ് അടിയന്തിര പ്രമേയത്തിലൂടെ ചോദ്യം ചെയ്തത്.

പ്രതിപക്ഷ നേതാവ് ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്പീക്കറെ മോശമായി പരാമര്‍ശം നടത്തിയെന്നാണ് പറയുന്നത്. ഐ.ജി.എസ്.ടിയില്‍ നിന്നും പണം നഷ്ടപ്പെടുന്നുവെന്നത് പ്രത്യേക വിഷയമായാണ്. അതാണ് പ്രതിപക്ഷം കൊണ്ടുവന്നത്. ആ വിഷയത്തിന് ഇപ്പോഴും പ്രസക്തിയുമുണ്ട്. ഇപ്പോഴും സംസ്ഥാനത്തിന് നികുതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ പിന്നെ സ്പീക്കര്‍ പറഞ്ഞ റൂള്‍സ് ഓഫ് പ്രൊസീജിയറിലെ 52(3)  എങ്ങനെ നിലനില്‍ക്കും? മുഖ്യമന്ത്രി ഭയപ്പെടുത്തിയതു കൊണ്ടാണ് നോട്ടീസ് അവതരിപ്പിക്കാനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചോദ്യങ്ങളെ ഭയമാണ്. അതുകൊണ്ടാണ് സി.പി.എം സംസ്ഥാന കമ്മിറ്റി യോഗമല്ല ഇത് കേരള നിയമസഭയാണെന്ന് പറയേണ്ടി വന്നത്. 10 മിനിട്ട് കൊണ്ട് അടിയന്തിര പ്രമേയ അവതരണം നിര്‍ത്തണമെന്നാണ് ഈ സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള തീരുമാനം. കോടിയേരി ബാലകൃഷ്ണന്റെ കാലത്ത് അടിയന്തിര പ്രമേയത്തിന് 20 മിനിട്ടിലധികം സമയം എടുത്തിട്ടുണ്ട്. എന്നാല്‍ അവര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഇതൊന്നും പറ്റില്ലെന്നാണ് പറയുന്നത്. പ്രതിപക്ഷത്തിന്റെ വായമൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് അംഗീകരിക്കാനാകില്ല. ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും. മുഖ്യമന്ത്രിയെ ഭയന്ന് സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ശരിയല്ല. ദൈവം തെറ്റു ചെയ്താലും ചോദിക്കും, പിന്നെയാണോ സ്പീക്കര്‍? സ്പീക്കര്‍ വിമര്‍ശനത്തിന് അതീതനൊന്നുമല്ല. തെറ്റ് ചെയ്താല്‍ സ്പീക്കറും വിമര്‍ശിക്കപ്പെടും.


കെ.എസ്.ആര്‍.ടി.സി സംബന്ധിച്ച വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടിയാണെന്നാണ് ഗതാഗതമന്ത്രി പറയുന്നത്. ശമ്പളം മുഴുവനും മാസാദ്യം തന്നെ തരുന്നത് എന്തിനാണെന്നാണ് മന്ത്രി ചോദിച്ചത്. ഒരു സര്‍ക്കാരും ചോദിക്കാത്ത ചോദ്യമാണിത്. കുട്ടികള്‍ക്കുള്ള കണ്‍സഷനും പൂര്‍ണമായും റദ്ദാക്കാനുള്ള ശ്രമം നടക്കുകയാണ്. കണ്‍സഷന്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. വയലാര്‍ രവിയുടെയും എ.കെ ആന്റണിയുടെയും നേതൃത്വത്തില്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്‍ ആലപ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള  ബോട്ട് ചാര്‍ജ് ഒരണയാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നടത്തിയ ഒരണാസമരത്തിന്റെ 65-ാം വാര്‍ഷികത്തിലാണ് കണ്‍സഷന്‍ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നത്. കുട്ടികളുടെ അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന ഇവര്‍ എന്ത് ഇടത്പക്ഷമാണ്? മനഃപൂര്‍വമായി ദ്രോഹിക്കുകയാണ്. വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന അവകാശം എടുത്തു കളയാനാണെങ്കില്‍ ഇവിടെ എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാര്‍?

കെ.എസ്.ആര്‍.ടി.സി തനത് ഫണ്ടില്‍ നിന്നും വാങ്ങിയ ബസുകള്‍ സ്വിഫ്റ്റ് കമ്പനിക്ക് വാടകയ്ക്ക് കൊടുത്തുകയാണ്. എന്നിട്ടും വാടക കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് കൊടുക്കുന്നു. സ്ഥിര ജോലിക്കാരുള്ള കെ.എസ്.ആര്‍.ടി.സിയെ ഇല്ലാതാക്കി കരാര്‍ തൊഴിലാളികള്‍ മാത്രമുള്ള സ്വിഫ്റ്റ് കമ്പനിയെ ലാഭത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് തീവ്രവലതുപക്ഷ നിലപാടാണ്. കരാര്‍ നിയമനത്തിന് മോദി ശ്രമിക്കുന്നെന്ന് പറഞ്ഞ് രണ്ട് ദിവസം പണിമുടക്കിയവരാണ് അതേ നയം കേരളത്തിലും നടപ്പാക്കുന്നത്. പതിനായിരം പേര്‍ക്ക് വി.ആര്‍.എസ് നല്‍കുമെന്നതാണ് പുതിയ തീരുമാനം. യു.ഡി.എഫ് കാലത്ത് 45000 ജീവനക്കാരുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സിയില്‍ ഇപ്പോള്‍ 25000 ജീവനക്കാര്‍ മാത്രമാണുള്ളത്. ഇതില്‍ നിന്നുമാണ് 10000 പേരെ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പൊതുമേഖലയിലുള്ള പൊതുഗതാഗത സംവിധാനത്തെ പൂര്‍ണമായും തകര്‍ത്ത് കരാര്‍ ജീവനക്കാരുള്ള കമ്പനിയുണ്ടാക്കനാണ് ശ്രമിക്കുന്നത്. എന്നിട്ടാണ് ഇടതുപക്ഷമാണെന്ന് മേനി നടിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഗതാഗത സൗകര്യമൊരുക്കുന്നതും കുട്ടികള്‍ക്കുള്ള കണ്‍സഷനും സര്‍ക്കാരിന്റെ ബാധ്യതയാണ്.

സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് ഐ.ജി.എസ്.ടിയില്‍ നിന്നുള്ള കോടികള്‍ നഷ്ടമായത്. ഒരു ജോലിയും ചെയ്യാതെ വെറുതെ ഇരിക്കുകയാണ്. അതുകൊണ്ടാണ് ഇന്നലെ ഐ.ജി.എസ്.ടി സംബന്ധിച്ച അടിയന്തിര പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യാന്‍ ധന മന്ത്രി തയാറാകാതിരുന്നത്. ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ലാത്തതു കൊണ്ടാണ് അവതരണാനുമതി പോലും നല്‍കാത്തത്.