ജപ്തി ചെയ്ത വീട്ടിലുള്ള സാധനങ്ങൾ ഉടമക്ക് മടക്കി നൽകണം: മനുഷ്യാവകാശ കമ്മീഷൻ

 
state human

 വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് ജപ്തി ചെയ്ത വീടിനുള്ളിലുള്ള സർട്ടിഫിക്കേറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ ഉടമക്ക് തിരികെ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.


വീട്ടുടമയ്ക്ക് പാർടൈം സ്വീപ്പർ തസ്തികയിൽ ഫെബ്രുവരി 27 ന് നടക്കേണ്ട ഇന്റർവ്യൂവിന് ഹാജരാക്കേണ്ട സർട്ടിഫിക്കേറ്റ് ഉൾപ്പെടെയുള്ളവ ബാങ്ക് ജപ്തി ചെയ്ത വീട്ടിനുള്ളിലാണ്. സർട്ടിഫിക്കേറ്റ് ഹാജരാക്കിയില്ലെങ്കിൽ ജോലി ലഭിക്കില്ലെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.


കാനറാ ബാങ്ക് കിളിമാനൂർ ശാഖാ മാനേജർ പരാതി പരിഹരിച്ച ശേഷം ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. കേസ് അടുത്ത മാസം കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.


2024 ജനുവരി 24 നാണ് ബാങ്ക് വീട് ജപ്തി ചെയ്തത്. വീട്ടു സാധനങ്ങളും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ജപ്തിചെയ്ത വീട്ടിനുള്ളിലാണ്. കിളിമാനൂർ വെള്ളല്ലൂർ വിളവൂർക്കോണം സ്വദേശി രാമദാസും സജിതയും സമർപ്പിച്ച പരാതിയിലാണ് നടപടി.