കെ സ്മാർട്ട് ആപ്ലിക്കേഷൻ സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പൂർണതോതിൽ ലഭ്യമായതായി : മന്ത്രി എം ബി രാജേഷ്
സേവനങ്ങള്‍ ഓൺലൈനിൽ ലഭ്യമാക്കുന്ന കെ സ്മാർട്ട് ആപ്ലിക്കേഷൻ സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പൂർണതോതിൽ ലഭ്യമായതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 49 കോടി റെക്കോർഡുകളുടെ ഡേറ്റ പോർട്ടിംഗും ആറായിരത്തോളം ജീവനക്കാരുടെ മാപ്പിംഗും പൂർത്തിയാക്കാനെടുത്ത സമയമാണ് ചില സേവനങ്ങള്‍ വൈകി ലഭ്യമാകാൻ കാരണം. ചില നഗരസഭകളിലെ പഴയ രേഖകളിലെ അവ്യക്തതയും ഡാറ്റാ പോർട്ടിംഗ് വൈകാൻ കാരണമായി. ഈ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി കെ സ്മാർട്ട് ഇന്നലെ മുതൽ പൂർണതോതിൽ ലഭ്യമായിട്ടുണ്ട്.
-ആകെ രജിസ്ട്രേഷൻ, ഡൌൺലോഡ്
കെ സ്മാർട്ടിൽ ഇന്നലെ (ജനുവരി 15) വൈകിട്ട് 5 മണി വരെ 1,00,616 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അൻപതിനായിരത്തിലധികം മൊബൈൽ ആപ്പ് ഡൌൺലോഡുകളും നടന്നിട്ടുണ്ട്.
-സർട്ടിഫിക്കറ്റുകള്‍ അതിവേഗം
22,764 പേരാണ് വിവാഹ-മരണ-ജനന സർട്ടിഫിക്കറ്റിനായി ഇതിനകം അപേക്ഷിച്ചിരിക്കുന്നത്. 24 മണിക്കൂറിനകം തന്നെ മഹാഭൂരിപക്ഷം സർട്ടിഫിക്കറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. അൻപതോളം സർട്ടിഫിക്കറ്റുകള്‍ അപേക്ഷിച്ച് ഒരു മണിക്കൂറിനകവും, ഇരുനൂറിലധികം സർട്ടിഫിക്കറ്റുകള്‍ രണ്ട് മണിക്കൂറിനകവും അപേക്ഷകന് ലഭ്യമാക്കാനായി. കെ സ്മാർട്ട് ലോഞ്ച് ചെയ്ത ആദ്യ ആഴ്ച തന്നെ വിവാഹ-മരണ- ജനന സർട്ടിഫിക്കറ്റുകള്‍ സുഗമമായി ലഭ്യമായിരുന്നു. ഈ സേവനവും ലഭ്യമല്ലെന്ന തരത്തിലുള്ള ഒരു മാധ്യമത്തിന്റെ ആവർത്തിച്ചുള്ള വാർത്തകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.
-ഫീസുകള്‍, പരാതികള്‍
23,627 പേർ വിവിധ ഫീസുകള്‍ ഇതിനകം കെ സ്മാർട്ട് വഴി അടച്ചിട്ടുണ്ട്. നഗരസഭകളിലെ ഫ്രണ്ട് ഓഫീസിലെ ഓൺലൈൻ കിയോസ്കുകളിലൂടെ 9.06 കോടി രൂപയും, ആപ്പ് വഴി 45.86 ലക്ഷം രൂപയുമാണ് ഇങ്ങനെ നഗരസഭകളുടെ ബാങ്ക് അക്കൌണ്ടുകളിലെത്തിയത്. ഇതിൽ 2.47 കോടി രൂപ വസ്തുനികുതിയിനത്തിലാണ് ലഭിച്ചത്. നികുതിയടയ്ക്കലുള്‍പ്പെടെ നഗരസഭകളിലെ സേവനങ്ങളാകെ മുടങ്ങിയെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് ഈ കണക്കുകള്‍. 1021 പൊതുജന പരാതികളാണ് കെ സ്മാർട്ടിലൂടെ ഇതിനകം ലഭിച്ചത്.
-വസ്തുനികുതി അടയ്ക്കാം, തടസമില്ല
സംസ്ഥാനത്തെ എല്ലാ കോർപറേഷനുകളിലും 87 മുൻസിപ്പാലിറ്റികളിൽ 85ലും നികുതിയടയ്ക്കാനുള്ള സൌകര്യം ശനിയാഴ്ച ഉച്ചയോടെ തന്നെ തയ്യാറായിരുന്നു. ഇതിനകം 11,642 കെട്ടിടങ്ങളുടെ വസ്തുനികുതി അടച്ചിട്ടുണ്ട്. ആപ്പ് വഴി 34.79 ലക്ഷം രൂപയും, നഗരസഭകളിലെ ഫ്രണ്ട് ഓഫീസിലെ ഓൺലൈൻ കിയോസ്കുകള്‍ വഴി 2.12 കോടി രൂപയും വസ്തുനികുതിയിനത്തിൽ ലഭിച്ചിട്ടുണ്ട്.
-എവിടെയാണ് പ്രശ്നം
നഗരസഭകളിൽ 2016ൽ പൂർത്തിയാക്കേണ്ടിയിരുന്ന വസ്തുനികുതി പരിഷ്കരണം ഇതുവരെയും പൂർത്തിയാക്കാതിരുന്ന പന്തളം, രാമനാട്ടുകര മുൻസിപ്പാലിറ്റികളിലാണ് വസ്തുനികുതി സേവനം കെ സ്മാർട്ടിൽ ലഭ്യമാക്കാൻ സാധിക്കാത്തത്. ഇത് നഗരസഭകളുടെ വീഴ്ചയാണ്, അത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ രണ്ട് നഗരസഭകളുടെയും വസ്തുനികുതി പരിഷ്കരണം അടിയന്തിരമായി പൂർത്തിയാക്കാനും, അതുവരെ നികുതി അടയ്ക്കാനുള്ള ബദൽ സംവിധാനം ഉറപ്പാക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
-പ്രതിസന്ധിയില്ലാതെ വ്യാപാര ലൈസൻസും
വ്യാപാര ലൈസൻസുകള്‍ പുതുക്കാനുള്ള അപേക്ഷകള്‍ സാധാരണ ഫെബ്രുവരി അവസാനത്തോടെ മാത്രമേ നഗരസഭകള്‍ സ്വീകരിക്കാറുള്ളൂ. ആ സൌകര്യവും ഇതിനകം തന്നെ കെ സ്മാർട്ട് ആപ്ലിക്കേഷനിൽ ലഭ്യമാണ്. ഇത് പരിശോധിക്കാതെയാണ് ഒരു മാധ്യമം ലൈസൻസ് പുതുക്കലും പ്രതിസന്ധിയിലെന്ന വാർത്ത നൽകിയത്. പുതിയ ലൈസൻസ് അപേക്ഷകള്‍ നൽകുന്നതിനുള്ള സംവിധാനവും കെ സ്മാർട്ടിൽ ഉടൻ ലഭ്യമാവും.
-അപേക്ഷിച്ചാലുടൻ പെർമ്മിറ്റ്
ബിൽഡിംഗ് പെർമ്മിറ്റിന് അപേക്ഷിക്കാനുള്ള സൌകര്യവും ദിവസങ്ങള്‍ക്ക് മുൻപ് തന്നെ കെ സ്മാർട്ടിൽ ലഭ്യമാണ്. കെ സ്മാർട്ടിൽ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പരിശീലനം ലൈസൻസ്ഡ് സൂപ്പർവൈസർമാർക്ക് നൽകിയിട്ടുണ്ട്. എല്ലാ സംഘടനാ പ്രതിനിധികള്‍ക്കും സംസ്ഥാന തലത്തിൽ പരിശീലനം പൂർത്തിയാക്കി, സംഘടനകളുടെ നേതൃത്വത്തിൽ ജില്ലാ തലത്തിലുള്ള പരിശീലനം അന്തിമഘട്ടത്തിലാണ്. കെ സ്മാർട്ട് ഉപയോഗിച്ച് ഏളുപ്പത്തിൽ കൈകാര്യം ചെയ്യാനാകുന്നുവെന്നതാണ് എല്ലാ സംഘടനകളും അറിയിച്ചിരിക്കുന്നത്. അപേക്ഷിച്ചാലുടൻ തന്നെ പെർമ്മിറ്റ് ലഭ്യമാകുന്നുണ്ട്. ഈ രംഗത്ത് പ്രവർത്തിക്കുന്ന ചില സ്വകാര്യ കമ്പനികളും കെ സ്മാർട്ടിനെതിരെ വ്യാജമായ പ്രചാരണം അഴിച്ചുവിടുന്നുണ്ട്.
-രേഖകളിൽ പൊരുത്തക്കേടുകളെങ്കിലും നികുതി അടയ്ക്കാം
സഞ്ചയ സോഫ്റ്റ്വെയറിലെ പൊരുത്തക്കേടുകള്‍ മൂലം നികുതിയടയ്ക്കാനുള്ള സൌകര്യം വൈകുമെന്ന പ്രചരണവും വസ്തുതകളുടെ പിൻബലത്തിലല്ല. നിലവിൽ നികുതിയടയ്ക്കുന്ന എല്ലാവർക്കും തുടർന്നും നികുതി അടയ്ക്കുന്നതിന് യാതൊരു തടസവുമുണ്ടാകില്ല. ലെഗസി ഡാറ്റാ മാനേജ്മെന്റ് സിസ്റ്റം എന്ന പേരിൽ ഈ രേഖകളിൽ തിരുത്തൽ വരുത്താനുള്ള നടപടികള്‍ സമാന്തരമായി നടത്തുന്നതാണ്.
-പഴയ ഫയലുകള്‍ ഡിജിറ്റൈസ് ചെയ്യേണ്ട
കെ സ്മാർട്ട് നിലവിൽ വരുന്നതിന് മുൻപ് നിലവിലുണ്ടായിരുന്ന ഫയലുകള്‍ അന്നുണ്ടായിരുന്ന രീതിയിൽ തന്നെ കൈകാര്യം ചെയ്യാനാണ് നിർദേശിച്ചിട്ടുള്ളത്. ജനുവരി ഒന്നുമുതലുള്ള ഫയലുകള്‍ മാത്രമാണ് കെ സ്മാർട്ടിലൂടെ കൈകാര്യം ചെയ്യുന്നത്. ഈ വസ്തുത മനസിലാക്കാതെയും തെറ്റായ പ്രചാരണം അഴിച്ചുവിടുകയാണ്.
-പെൻ നമ്പറില്ലാത്ത താത്കാലിക ജീവനക്കാരും കെ സ്മാർട്ടിൽ
താത്കാലിക ജീവനക്കാർക്ക് പെൻ നമ്പറോ, ജി പെൻ നമ്പറോ ഇല്ലാത്തതിനാൽ ഒന്നാം ഘട്ടത്തിൽ കെ സ്മാർട്ടിൽ ഉള്‍പ്പെടുത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇവർക്ക് താത്കാലിക പെൻ നമ്പർ നൽകി ഉള്‍പ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഒന്നോ രണ്ടോ ദിവസത്തിനകം നടപടി പൂർത്തിയാകും.
-വാടക ഈടാക്കാനും സംവിധാനം സജ്ജം
നഗരസഭകളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക ഈടാക്കുന്നതിന് നിലവിൽ യാതൊരു തടസവുമില്ല. എല്ലാ നഗരസഭകളിലും ഈ സൌകര്യം മുൻപ് തന്നെ ലഭ്യമാക്കിയിരുന്നു.
-ജീവനക്കാരുടെ മുന്നൊരുക്കവും പരിശീലനവും പിന്തുണയും
നഗരസഭകളിലെ പകുതിയോളം ജീവനക്കാർക്കുള്ള ഒന്നാം ഘട്ട പരിശീലനം നേരിട്ട് ഇൻഫർമേഷൻ കേരളാ മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച ജീവനക്കാർ അതാത് നഗരസഭകളിലെ മറ്റ് ഉദ്യോഗസ്ഥർക്ക് ആദ്യ ഘട്ട പരിശീലനം നൽകിക്കഴിഞ്ഞു. എല്ലാ വിഷയവും കൈകാര്യം ചെയ്യുന്നതിന് വിപുലമായ വീഡിയോ ട്യൂട്ടോറിയൽ സൌകര്യവും ജീവനക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഇൻഫർമേഷൻ കേരളാ മിഷന്റെ ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ തത്സമയ സഹായം പൂർണസമയം നേരിട്ട് ലഭ്യമാക്കിയിട്ടുണ്ട്. നഗരസഭകളിൽ കുറഞ്ഞത് നാലുപേരെയും കോർപറേഷനുകളിൽ പത്തുപേരെയും ഇങ്ങനെ വിന്യസിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ഓൺലൈനിൽ പിന്തുണ ഉറപ്പാക്കാൻ ജില്ലാ- സംസ്ഥാന തലത്തിൽ വാർറൂമും സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും സഹായം ഉറപ്പാക്കാൻ സൌകര്യം ഒരുക്കിയിട്ടുണ്ട്.
-പഞ്ചായത്തിൽ നിന്നെത്തിയവരെച്ചൊല്ലി
ഏകീകരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ജീവനക്കാർ നഗരസഭകളിലേക്ക് മാറിയെത്തിയതിനാൽ ഓൺലൈൻ സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്ന വാദം വസ്തുതകള്‍ മനസിലാക്കാതെയാണ്. പഞ്ചായത്തുകളിൽ രണ്ട് വർഷമായി സേവനങ്ങള്‍ ഐഎൽജിഎംഎസ് വഴി ഓൺലൈനിലാണ് ലഭ്യമാക്കുന്നത്. ഐഎൽജിഎംഎസിന്റെ പരിഷ്കരിച്ച പതിപ്പായ കെ സ്മാർട്ട് ഉപയോഗിക്കാൻ ഈ ജീവനക്കാർക്ക് കൂടുതൽ പ്രാവീണ്യമുണ്ട് എന്നതാണ് പരിശോധനയിൽ മനസിലാകുന്നത്. വകുപ്പ് ഏകീകരണത്തോട് എതിർപ്പുള്ളവരും കെ സ്മാർട്ട് അട്ടിമറിക്കാൻ ആഗ്രഹിക്കുന്നവരുമായ ചില ശക്തികളുടെ താത്പര്യത്തിന് അറിഞ്ഞോ അറിയാതെയോ ഒരു മാധ്യമം കൂട്ടുനിൽക്കുകയാണ്.
പ്രാഥമികമായ ചില പ്രശ്നങ്ങള്‍ പരിഹരിക്കാൻ രണ്ട് ആഴ്ചക്കാലം വേണ്ടിവരുമെന്ന് ജനുവരി ഒന്നിന് നടന്ന ഉദ്ഘാടനത്തിലും, തൊട്ടുമുൻപ് നടന്ന വാർത്താസമ്മേളനത്തിലും മന്ത്രിയെന്ന നിലയിൽ വിശദീകരിച്ചതാണ്. രണ്ടാഴ്ച പിന്നിടുമ്പോള്‍ കെ സ്മാർട്ട് കാര്യമായ പരാതികളില്ലാതെ മുന്നോട്ടുപോകുന്നുവെന്നാണ് മനസിലാക്കുന്നത്. വസ്തുതകള്‍ ഇതായിരിക്കെ കെ സ്മാർട്ടിനെതിരെ നടത്തുന്ന ആസൂത്രിതമായ കുപ്രചരണം രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ളതാണ്. കെ സ്മാർട്ടിന് പകരം ഒരു ചൈനീസ് ആപ്പ് ഉപയോഗിച്ച്, സൌകര്യങ്ങള്‍ ലഭ്യമല്ലെന്ന് റിപ്പോർട്ട് ചെയ്യുന്ന തരത്തിലേക്കും പരിഹാസ്യമായ ചില വാർത്തകള്‍ കടന്നു. അഴിമതി പൂർണമായി ഇല്ലാതാകുന്നതോടെ അസ്വസ്ഥരാകുന്ന ചെറിയ ന്യൂനപക്ഷം ജീവനക്കാരും ഈ പ്രചാരണത്തിന് പിന്നിലുണ്ട്. മെച്ചപ്പെട്ട സേവനം വേഗത്തിൽ ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കെ സ്മാർട്ടിനെ പൊതുവിൽ മികച്ച നിലയിലാണ് കേരളം സ്വീകരിച്ചത്. കൂടുതൽ മികച്ച സേവനങ്ങളൊരുക്കി കെ സ്മാർട്ടിനെ സർക്കാർ മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി എം ബി രാജേഷ്