കെ വിദ്യ റിമാൻഡിൽ; രണ്ടു ദിവസം കസ്റ്റഡിയിൽ വിട്ടു
വ്യാജരേഖ കേസില്‍ കെ വിദ്യയെ മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് കോടതി ജൂലൈ ആറുവരെ റിമാന്‍ഡ് ചെയ്തു. അഗളി പോലീസ് രജീസ്റ്റര്‍ ചെയ്ത കേസില്‍ വിദ്യയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിലും വിട്ടു. ജാമ്യാപേക്ഷ 24ന് പരിഗണിക്കും.
അന്വേഷണവുമായി സഹകരിക്കാന്‍ വിദ്യ തയ്യാറായില്ലെന്ന് പ്രോസീക്യൂഷന്‍ കോടതിയെ അറിയിച്ചു.എന്നാല്‍ ഒളിവില്‍ പോയില്ലെന്നു പ്രതിഭാഗം വാദിച്ചു. സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. പോലീസ് കണ്ടെത്തണമായിരുന്നു. നോട്ടീസ് നല്‍കിയാല്‍ ഹാജരാകുമായിരുന്നു. മാധ്യമങ്ങളുടെ താല്പര്യത്തിനു വേണ്ടിയാണു പോലീസ് പ്രവര്‍ത്തിക്കുന്നത്. തീവ്രവാദ കേസുകള്‍ കൈകാര്യം ചെയ്യും പോലെയാണ് പോലീസ് നടപടി. മീഡിയയെ തൃപ്തിപ്പെടുത്താനാണ് പോലീസ് ഇങ്ങനെ ചെയ്തത് തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തിയാണു കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിര്‍ത്തത്.
ഒറിജിനല്‍ രേഖകള്‍ കണ്ടെത്താനാണ് കസ്റ്റഡി ആവശ്യം എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഈ ആവശ്യം അംഗീകരിച്ചാണ് രണ്ട് ദിവസത്തേക്ക് വിദ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. സുപ്രീം കോടതി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പോലീസ് മാധ്യമങ്ങള്‍ക്ക് വേണ്ടി തുള്ളിയെന്ന് വിദ്യയുടെ അഭിഭാഷകന്‍ ആരോപിച്ചു. ഹൈക്കോടതി ഈ കേസില്‍ എന്ത് നിലപാട് എടുക്കും എന്നതിന് പോലും പോലീസ് കാത്തിരുന്നില്ല. വിദ്യയെ വേട്ടയാടിയത് മുന്‍ എസ് എഫ് ഐക്കാരി ആയത് കൊണ്ടാണെന്നും വിദ്യയുടെ അഭിഭാഷകന്‍ പറഞ്ഞു.
എന്നാൽ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഒളിയിടം പൊലീസ് വ്യക്തമാക്കിയില്ല. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്ത് നിന്നാണ് ഇന്നലെ രാത്രി വിദ്യയെ അഗളി പൊലീസ് പിടികൂടിയത്. എന്നാൽ ആരുടെ വീട്ടിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കിയില്ല.
ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് വിദ്യ പൊലീസിന് മൊഴി നൽകിയിരുന്നു. മഹാരാജാസിൻറെയെന്നല്ല ഒരു കോളജിൻറെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നായിരുന്നു ചോദ്യംചെയ്യലിൽ വിദ്യയുടെ നിലപാട്. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാൻ അവസരം ലഭിച്ചത്. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
അതേസമയം, വിദ്യ ഒളിവിൽ താമസിച്ചതിൽ സിപിഎമ്മിന് പങ്കില്ലെന്ന് പേരാമ്പ്ര ഏരിയ സെക്രട്ടറി പറഞ്ഞു. എവിടെയാണ് ഒളിച്ചിരുന്നതെന്ന് പറയേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. ഒളിവിൽ കഴിയുന്നത് വലിയ സംഭവമല്ല. ജാമ്യം കിട്ടുന്നതുവരെ ചിലപ്പോൾ ഒളിവിൽ കഴിയേണ്ടി വരും. പൊലീസ് ഒളിച്ചുകളിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലെ ചില വീടുകളിലാണ് വിദ്യ ഒളിവിൽ താമസിച്ചതെന്ന് വിവരം പുറത്തു വന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.