കെ.എ.ഫ്രാൻസിസ് മാധ്യമ പുരസ്കാരം മുഹമ്മദ് സാബിത്തിന്

 
photro

മലയാള മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ  ഇൻ ചാർജും കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡന്റുമായിരുന്ന കെ.എ.ഫ്രാൻസിന്റെ സ്മരണാർത്ഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിനു മാതൃഭൂമി ഓൺലൈനിലെ കണ്ടന്റ് റൈറ്റർ യു.എം. മുഹമ്മദ് സാബിത് അർഹനായി.

മനോരമ ഓൺലൈനിലെ അരുണിമ ജയൻ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹയായി.

ദിനപത്രം, ടിവി എന്നിവയോടു ചേർന്നു പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങളിൽ
2023 ൽ  പ്രസിദ്ധീകരിച്ച മികച്ച റിപ്പോർട്ടുകളാണു പുരസ്കാരത്തിനു പരിഗണിച്ചത്. കൂടാതെ മറ്റ് ഓൺലൈൻ മീഡിയകളിൽ പ്രവർത്തിക്കുന്ന കെയുഡബ്ല്യുജെ അംഗങ്ങളുടെ എൻട്രികളും സ്വീകരിച്ചു.

25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.

കോവിഡ് കാലത്തിനുശേഷം കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം, പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ അധികം കടന്നുവരാത്ത സോഷ്യല്‍ മീഡിയകളിലെ ലൈവ് സ്ട്രീമിങ്, ഓണ്‍ലൈന്‍ വഴിയുള്ള ലഹരിവില്പന, ലൈംഗിക ചൂഷണം, ഓണ്‍ലൈന്‍ ഗെയിമിങ്, ഓണ്‍ലൈന്‍ ചൂതാട്ടം തുടങ്ങിയവയേക്കുറിച്ചും കുട്ടികളില്‍ വര്‍ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍, ആത്മഹത്യ, കാണാതാകല്‍ തുടങ്ങിയവയെക്കുറിച്ചും മാതൃഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ച അന്വേഷണ പരമ്പരയാണു മുഹമ്മദ് സാബിത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്.  

അണ്ഡം ശീതീകരിച്ചു സൂക്ഷിച്ച് ഇഷ്ടമുള്ളപ്പോൾ ഗർഭധാരണം സാധിക്കുന്ന രീതി കേരളത്തിലും വ്യാപകമാകുന്നുവെന്നതു സംബന്ധിച്ചുള്ള റിപ്പോർട്ടാണ് അരുണിമ ജയനെ പ്രത്യേക പരാമരശത്തിന് അർഹയാക്കിയത്.
രാജ്യാന്തരതലത്തിൽ തുടങ്ങി ഇപ്പോൾ ഇന്ത്യയിലും കേരളത്തിലും വ്യാപകമാകുന്ന അണ്ഡശീതീകരണത്തന്റെ ശാസ്ത്രീയപരവും സാമൂഹികവുമായ വശങ്ങളെ വാർത്ത വിശകലനം ചെയ്തു.

മുതിർന്ന മാധ്യമ പ്രവർത്തകനും തിരുവനന്തപുരം പ്രസ്ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം മുൻ ഡയറക്ടറുമായ ഋഷി കെ.മനോജ്, ദീപിക കർഷകൻ എഡിറ്റർ ഇൻ ചാർജ് ജിമ്മി ഫിലിപ്, മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ എ.കെ.രവീന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണു പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്.