ഓണം കളറാക്കാൻ "കരകുളം കാർണിവൽ 2023' ആഗസ്റ്റ് 14 മുതൽ

 
abi

ഓണത്തെ വരവേൽക്കാൻ കരകുളം ഗ്രാമ പഞ്ചായത്തിന്‍റെ   "കരകുളം കാർണിവൽ 2023' ന് ഓഗസ്റ്റ് 14 ന് തുടക്കമാകും. മന്ത്രി ജി. ആർ അനിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വി. ജോയി എം. എൽ. എ, മാങ്കോട് രാധാകൃഷ്ണൻ, കരകുളം കൃഷ്ണൻ പിള്ള എന്നിവർ സംസാരിക്കും. വിവിധ കലാപരിപാടികളും
സെമിനാറുകളും മേളയുടെ ഭാഗമായി നടത്തുന്നുണ്ട്. കരകുളം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്

ആഗസ്റ്റ് 15 മുതൽ നടക്കുന്ന വിവിധ സെമിനാറുകളിൽ മന്ത്രിമാരായ എം. ബി രാജേഷ്, ജി. ആർ അനിൽ, പി. പ്രസാദ്, വി അബ്ദുറഹ്മാൻ എന്നിവരും ഐ. ബി സതീഷ് എം. എൽ എ, ജി. സ്റ്റീഫൻ എം. എൽ.എ,ഡി. കെ മുരളി എം. എൽ. എ, മേയർ ആര്യ രാജേന്ദ്രൻ,  ഡോ. ടി. എം . തോമസ് ഐസക്, ഡോ. ടി.എൻ. സീമ, മുല്ലക്കര രത്നാകരൻ, വി. കെ മധു, പി. കെ. രാജു, ഏഴാച്ചേരി രാമചന്ദ്രൻ, മുരുകൻ കാട്ടാക്കട, വിനോദ് വൈശാഖി, ശ്രീജ എന്നിവരും പങ്കെടുക്കും.

 പെറ്റ് & അക്വാഷോയാണ് ഇത്തവണത്തെ മേളയുടെ പ്രധാന ആകർഷണം.
പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ,ഹെഡ്ജ് ഹോഗ് കീരി, അപൂർവ ഇനം തത്തകൾ, വിവിധയിനം കോക്കറ്റൂ പക്ഷിയിനങ്ങൾ, അരോണ സ്വർണ്ണമത്സ്യങ്ങൾ
എന്നിവയാണ് പെറ്റ് ഷോയിലെ പ്രധാന ആകർഷണങ്ങൾ.
നറുക്കെടുപ്പിൽ വിജയിക്കുന്ന കാണികൾക്ക് അപൂർവയിനം ഓമനമൃഗങ്ങളും വർണ്ണ മത്സ്യങ്ങളും സമ്മാനമായി നേടാനുള്ള അവസരവുമുണ്ട്.

മേളയുടെ ഭാഗമായി വിവിധ വ്യാപാര - വിപണന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. നാടൻ മിഠായികൾ, കോഴിക്കോടൻ ഹൽവ, ഒരു വീടിനും കുടുംബത്തിനുമാവശ്യമായ സാധന സാമഗ്രികൾ, വിവിധയിനം വിത്തിനങ്ങൾ, ജീവിതശൈലീ ഉപകരണങ്ങൾ, തുടങ്ങിയവ വിലക്കുറവിൽ ഈ മേളയിൽ നിന്നും വാങ്ങാം.കേരളത്തിലങ്ങോളമിങ്ങോളമുള്ള തനത് രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള, പായസ മേള എന്നിവയും ഒരുക്കിയിട്ടുണ്ട്.

 24ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനവും ഘോഷയാത്രയും ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ഒ. എസ്. അംബിക, വി. ശശി എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർമാൻ എസ് എസ് രാജലാൽ, ജനറൽ കൺവീനർ യു. ലേഖാ റാണി എന്നിവർ അറിയിച്ചു.