കാസർഗോഡ് - മംഗലാപുരം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിലുള്ള സീസൺ ടിക്കറ്റ് അനുവദിച്ചു.

 
മാന്യ KSRTC  യാത്രക്കാരെ

 കാസർഗോഡ് ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണ്ണാടക സംസ്ഥാനത്തിലെ വിവിധ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക്  സീസൺ ടിക്കറ്റ് മാതൃകയിൽ യാത്രാ കൺസഷൻ സൗകര്യം കെ.എസ്.ആർ.ടി.സി ബസ്സുകളിലും ഏർപ്പെടുത്തി. ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു നിയമസഭയിൽ  പ്രഖ്യാപനം നടത്തിയതിന്റെ  അടിസ്ഥാനത്തിലാണ്  കാസർഗോഡ് - മംഗലാപുരം സെക്ടറിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി.യുടെ ഭരണസമിതി  കാസർഗോഡ് - മംഗലാപുരം റൂട്ടിൽ വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കുന്നതിനായി 30% നിരക്കിളവിൽ സീസൺ ടിക്കറ്റ് നൽകി വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നത്.


വിദ്യാർത്ഥികൾക്ക് ഇത് പ്രകാരം പ്രത്യേക RFID കാർഡ്  നൽകും.  ഒരു കലണ്ടർ മാസം 20 ദിവസം യാത്ര ചെയ്യാവുന്ന നിരക്കിൽ 30 ദിവസം യാത്ര അനുവദിക്കുന്ന തരത്തിൽ 30% നിരക്കിളവ് ആണ് നൽകുക.  ആദ്യ തവണ മാത്രം കാർഡ് വിലയായി 100 രൂപ നൽകണം. തുടർന്ന് 100 രൂപ മുതൽ 2000 രൂപ വരെ റീ ചാർജ് ചെയ്യുന്ന വിധത്തിലാണ് കാർഡ് നൽകുന്നത്.  ഓരോ യാത്രയുടെ തുകയും 30% ഡിസ്കൗണ്ടിൽ കുറവ് ചെയ്യുന്ന വിധത്തിൽ വേണ്ട ക്രമീകരണങ്ങൾ ഇ.റ്റി.എം.ലും കാർഡിലും ക്രമീകരിക്കും.

വിദ്യാർത്ഥി RFID കാർഡ് കൈമാറ്റം ചെയ്യാതിരിക്കാനായി വിദ്യാർത്ഥിയുടെ ഐ.ഡി കാർഡ് നമ്പരും ഫോട്ടോയും RFID കാർഡിൽ രേഖപ്പെടുത്തിയാകും നൽകുക.  

വിദ്യാർത്ഥികൾ അവരുടെ  ഐ.ഡി കാർഡ് കൂടി യാത്രാവേളയിൽ കൈവശം കരുതണം.    RFID കാർഡുകൾക്ക് യൂണിറ്റ് തലത്തിൽ അപേക്ഷ സ്വീകരിച്ച്, കാർഡുകൾ ആദ്യഘട്ടത്തിൽ ചീഫ് ഓഫീസ് മുഖാന്തിരവും തുടർന്ന് യൂണിറ്റ് മുഖാന്തിരവുമാണ് നൽകുക