സഹകരണ സംഘങ്ങളിലെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾക്ക് കേരള ബാങ്കിന്റെ COBANKസംവിധാനം

 
vasavan

സഹകരണ സംഘങ്ങളിലെ ഉപഭോക്താക്കൾക്ക് കേരള ബാങ്കിലൂടെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കുന്ന COBANK മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ബഹു: സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു. സഹകരണ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് നാന്ദികുറിക്കുന്നതാണ് COBANK മൊബൈൽ ബാങ്കിംഗ് സംവിധാനം എന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.

സുതാര്യവും സുരക്ഷിതവുമായ ഡിജിറ്റൽ സേവനങ്ങൾ അതിവേഗം സാധാരണ ഗ്രാമീണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കേരള ബാങ്ക് സംഘങ്ങളിലെ ഉപഭോക്താക്കൾക്കായി ആവിഷ്കരിച്ച മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനാണ് COBANK മൊബൈൽ ബാങ്കിംഗ് സംവിധാനം.

കേരള ബാങ്കിൽ അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് മറ്റ് വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ഡിജിറ്റൽ സൗകര്യം ഉറപ്പാക്കുന്ന KB പ്രൈം മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷന്റെയും, പ്രാഥമിക സംഘങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കായുള്ള KB പ്രൈം പ്ലസ് മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷന്റെയും ഉദ്ഘാടനം മെയ് മാസം ബഹു: മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.

കേരള ബാങ്കിന്റെ രൂപീകരണ വ്യവസ്ഥകളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ടുവെച്ച സുപ്രധാന വ്യവസ്ഥകളിൽ ഒന്നായ ഏകീകൃത കോർബാങ്കിംഗ് വിജയകരമായി പൂർത്തീകരിച്ചതിന്റെ ഗുണഫലമാണ് ഇന്ന് ഡിജിറ്റൽ സേവനങ്ങൾ കേരള ബാങ്കിലൂടെ എത്തിക്കാൻ സഹായിച്ചത്.

മൊബൈൽ ബാങ്കിംഗ് സൗകര്യം, മറ്റേതൊരു ബാങ്ക് അക്കൗണ്ടിലേക്കും പണം കൈമാറ്റം ചെയ്യുന്നതിനുള്ള സൗകര്യം, KSEB, വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള ബില്ലുകൾ അടയ്ക്കുന്നതിനും ഫോൺ റീചാർജ് ചെയ്യുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. MPIN, TPIN, ബയോമെട്രിക് ഉപയോഗപ്പെടുത്തിയുള്ള സുരക്ഷാ സംവിധാനം COBANK-ന്റെ പ്രത്യേകതയാണ്.

 COBANK പദ്ധതി പ്രകാരം IMPS, NEFT, RTGS സംവിധാനം വഴി പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനുള്ള സൗകര്യം സംഘങ്ങളിലെ ഉപഭോക്താക്കൾക്കും കരഗതമാകുന്നു.

UPI സേവനങ്ങൾ (Google Pay, PhonePe, Paytm) എന്നിവയും ലഭ്യമാകുന്നതാണ്. ഈ സേവനം ഇംഗ്ലീഷ്, മലയാളം ഭാഷകളിലും ലഭ്യമാകുന്നു.

തുടങ്ങി എല്ലാ ആധുനിക ഡിജിറ്റൽ സേവനങ്ങളും കേരള ബാങ്ക് ആവിഷ്കരിച്ച COBANK സംവിധാനത്തിലൂടെ സംഘങ്ങളിലെ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ സൗകര്യം ലഭ്യമാണ്.

അനുബന്ധിച്ച് ഡിജിറ്റൽ സേവനങ്ങൾ ലഭിക്കുന്ന ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളുടെ പ്രതിനിധികളായി കാസർഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് പ്രസിഡന്റ് ശ്രീ. സാബു എബ്രഹാം, സെക്രട്ടറി ശ്രീമതി പി. ലതിക എന്നിവർ കേരള ബാങ്കിന്റെ എടിഎം കാർഡിന്റെ മാതൃക ഏറ്റുവാങ്ങി COBANK പദ്ധതിയിൽ അംഗമായി.

ഉദ്ഘാടന ചടങ്ങിൽ  ബാങ്ക് പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിയ്ക്കൽ, ബഹു: സഹകരണ വകുപ്പ് സെക്രട്ടറി ശ്രീമതി മിനി ആന്റണി ഐ.എ.എസ്, സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻനായർ, ഭരണസമിതി അംഗങ്ങൾ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. പി.എസ്. രാജൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. കെ.സി. സഹദേവൻ, പ്രാഥമിക ബാങ്കുകളുടെ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.