വിപ്ലവനായകന് ആശംസകളുമായി കേരളം

 
v s
കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ കാതലായ ഇടപെടലുകൾ നടത്തിയ സമാനതകളില്ലാത്ത പോരാളി   സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് ഇന്നു നൂറാം പിറന്നാൾ. സി.പി.എമ്മിലെ ജീവിച്ചിരിക്കുന്ന ഏക സ്ഥാപക നേതാവാണ് വി.എസ്. പൊതുപ്രവർത്തനത്തിൽ നിന്നും ഏതാനും വർഷങ്ങളായി അവധി എടുത്ത വി.എസ് നിലവിൽ തിരുവനന്തപുരം ബാർട്ടൻഹിൽ ‘വേലിക്കകത്ത്’ വീട്ടിൽ വിശ്രമ ജീവിതത്തിലാണ്. ഇപ്പോൾ തിരുവനന്തപുരത്ത് മകൻ ഡോ. വി.എ. അരുണ്‍കുമാറിന്‍റെ വസതിയിലാണു താമസം. പതിവുപോലെ കേക്ക് മുറിച്ചുള്ള ലളിതമായ ആഘോഷമാണു വി.എസിന്‍റെ കുടുംബാംഗങ്ങൾ ഒരുക്കിയിട്ടുള്ളത്.

2019 ഒക്ടോബറിൽ പുന്നപ്ര വയലാർ രക്തസാക്ഷിത്വ ദിനാചരണത്തിൽ പങ്കെടുത്ത് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വി.എസിനെ പിറ്റേന്ന് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവി.എസിനെ കാണാൻ സന്ദർശകർക്ക് അനുവാദമില്ല. നൂറിന്‍റെ നിറവിൽ നിൽക്കുന്ന വി.എസിന്‍റെ പിറന്നാൾ സിപിഎം ആഘോഷമാക്കുകയാണെന്ന പ്രത്യേകതയുമുണ്ട്.

പിറന്നാൾ നിറവിൽ പ്രിയനേതാവിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. വി.എസിന്‍റേത് ആധുനിക കേരള ചരിത്രത്തിനൊപ്പം സഞ്ചരിച്ച ജീവിതമാണെന്നാണ് പിണറായി വിജയൻ അഭിപ്രായപ്പെട്ടത്.കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വി.എസ്. അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്ന് നൂറാം പിറന്നാൾ ആശംസാ സന്ദേശത്തിൽ പിണറായി വിജയൻ പറഞ്ഞു.

ഐക്യകേരളം രൂപപ്പെടുന്നതിനു മുന്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെല്ലാമെതിരേ ഉജ്വലമായ സമരങ്ങൾ അദ്ദേഹം നയിച്ചു. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരേ നിലകൊണ്ടിട്ടുള്ള നേതാവാണ് വി.എസ്.

v s 1923 ഒക്ടോബര്‍ 23 ന് ആലപ്പുഴയിലെ പുന്നപ്രയില്‍ ജനനം. നാലാം വയസ്സുമുതല്‍ അമ്മയിലാത്ത ബാലന്‍. അവഗണനയും കഷ്ടപ്പാടും നേരിട്ട വിദ്യാലയ ജീവിതം. അന്നേ തുടങ്ങിയതാണ് പോരാട്ടം എങ്കിലും ഏഴാംക്ലാസില്‍ പഠിപ്പുനിന്നു. അച്ഛന്‍ ശങ്കരന്‍ മരിക്കുമ്പോള്‍ വി.എസിന് പതിനൊന്ന് വയസ്സ്.പിന്നെ  അച്ഛന്റെ സഹോദരിയുടെ സംരക്ഷണയിലായി. പിന്നെ ചേട്ടനൊപ്പം തുന്നല്‍ ജോലിക്കിറങ്ങി. വൈകാതെ കയര്‍ ഫാക്ടറിയില്‍ തൊളിലാളിയായി. കുട്ടനാട്ടിലെയും അമ്പലപ്പുഴയിലെയും കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനെത്തിയ എ.കെ.ജിയെയും എ.വി. കുഞ്ഞമ്പുവിനെയും അക്കാലത്താണ് അടുത്തറിഞ്ഞത്. പി. കൃഷ്ണപ്പിളള കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുനയിച്ചു. വൈകാതെ  സര്‍ സി.പി. രാമസ്വാമി അയ്യര്‍ക്കെതിരായ പുന്നപ്ര വയലാര്‍ സമരം. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം പൂഞ്ഞാറിലേക്ക് പോയ വി.എസ്. പൊലീസ് പിടിയിലായി. കൊടിയമര്‍ദ്ദനമേറ്റു. കാല്‍വെളളയില്‍ ബയണറ്റ് തുളഞ്ഞുകയറി.

1940ൽ 17-ാം വയസിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വി.എസ്. പിന്നീട് സിപിഎം കെട്ടിപ്പടുക്കുന്നതിലും അതിനെ വലിയ രാഷ്‌ട്രീയ ശക്തിയാക്കി ഉയർത്തിയെടുക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചു.

1964ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഭിന്നിപ്പുണ്ടായപ്പോൾ ദേശീയ കൗണ്‍സിലിൽനിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച 32 പേരിൽ ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി.എസ്. സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും അദ്ദേഹം ഉയർന്നു.

v sജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം തീവ്രമായ സമരോത്സുകത പ്രകടിപ്പിച്ചു. തന്‍റെ ജീവിതത്തിലുടനീളം നിസ്വവിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തത്. അതുകൊണ്ടുതന്നെ വി.എസിന് നൂറു വയസു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങൾക്കും പുരോഗമന പ്രസ്ഥാനങ്ങൾക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്‍റെയും അഭിമാനത്തിന്‍റെയും അവസരമാണ്. വി.എസിന് പിറന്നാൾ ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

അധ്വാനിക്കുന്ന ജനവിഭാഗത്തിനു വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമാണ് വി.എസിന്‍റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശരിയായ ദിശാബോധത്തോടെ പാർട്ടിയെ നയിച്ച നേതൃനിരയിൽ സുപ്രധാന സ്ഥാനമാണ് അദ്ദേഹത്തിനുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു.