കേരള ഗവര്‍ണ്ണര്‍ സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ചത് ബിജെപി അജണ്ട പുറത്താകുമെന്ന ഭയം കാരണം: കെ.സി.വേണുഗോപാല്‍ എംപി

 
vanu

ബിജെപി അജണ്ട പുറത്താകുമെന്ന ഭയം കാരണമാണ് കേരള ഗവര്‍ണ്ണര്‍ സുപ്രീം കോടതി നടപടിയെ വെല്ലുവിളിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.കോഴിക്കോട് ഡിസിസി ഓഫിസായ ലീഡര്‍ കെ. കരുണാകരന്‍ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സുപ്രീംകോടതി വിധിക്കെതിരെ കേരളാ ഗവര്‍ണര്‍  രംഗത്ത് വന്നു എന്നത് നിര്‍ഭാഗ്യകരമാണ്. നിയമനിര്‍മാണത്തിന് പാര്‍ലമെന്റിനുള്ള അധികാരത്തെക്കുറിച്ച് വാചാലനാവുന്ന കേരള ഗവര്‍ണര്‍ നിയമസഭയുടെ അധികാരത്തെ മാനിക്കുന്നില്ല.ഗവര്‍ണര്‍ നിയമസഭകളുടെ അധികാരങ്ങള്‍ തടഞ്ഞുവയ്ക്കുന്നത് വിരോധാഭാസമാണ്. പാര്‍ലമെന്റിനെ മഹത്വവത്കരിക്കുന്ന കേരളഗവര്‍ണ്ണര്‍ നിയമസഭയെ അടിച്ചുതാഴ്ത്തുകയാണ്.ഗവര്‍ണ്ണര്‍മാരെ ഉപയോഗിച്ച് നരേന്ദ്രമോദി രാഷ്ട്രീയം കളിക്കുകയാണ്. നിയമനിര്‍മ്മാണത്തെ ഗവര്‍ണ്ണര്‍മാര്‍ നോക്കുകുത്തിയാക്കി മാറ്റി. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പിന്‍വാതിലിലൂടെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് സുപ്രീംകോടതി വിധി വന്നത്. ഇത് സംഘപരിവാറിനെതിരായുള്ള രജത രേഖയാണ്. 

ബില്ലുകളില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ബാധ്യസ്ഥനായ ഗവര്‍ണ്ണര്‍ അതു ചെയ്യുന്നില്ല. ഒറ്റപ്പെട്ട ബില്ലുകളാണെങ്കില്‍ മനസിലാക്കാം. നിരവധി ബില്ലുകളാണ് കാലങ്ങളായി കെട്ടിക്കിടക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ അന്തസ് തകര്‍ക്കുകയാണ്. ഈ ഭരണഘടനാ ലംഘനമാണ് സുപ്രിം കോടതി ചൂണ്ടിക്കാണിച്ചത്. എന്നാല്‍ സുപ്രിം കോടതിക്ക് ഗവര്‍ണമാരുടെ കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് കേരള ഗവര്‍ണര്‍ പറയുന്നത്. പാര്‍ലമെന്റ് പരിഗണിക്കേണ്ട വിഷയമാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. പാര്‍ലമെന്റിനെ അംഗീകരിക്കുന്ന കേരള ഗവര്‍ണര്‍ എന്തുകൊണ്ട് നിയമസഭയെ അംഗീകരിക്കുന്നില്ലെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു. 

ഇ.ഡി, സിബിഐ, ഇലക്ഷന്‍ കമ്മിഷന്‍ തുടങ്ങി എല്ലാ ഏജന്‍സികളെയും ദുരുപയോഗം ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍. സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ വഖഫ് നിയമഭേദഗതിയെ ആയുധമാക്കുകയാണ് ബിജെപി. ബിജെപിയുടെ ഓരോ നിയമനിര്‍മ്മാണങ്ങളും ഓരോ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ളവയാണ്. കര്‍ണാടകയിലും  ഉത്തരാഖണ്ഡിലും അവര്‍ ഭരിച്ചിരുന്നപ്പോള്‍ അത് മതപരിവര്‍ത്തന നിയമ ബില്ലിന്റെ രൂപത്തിലാണ് കൊണ്ട് വന്നത്. ഛത്തീസ്ഗഡിലും മദ്യപ്രദേശിലും രാജസ്ഥാനിലുമൊക്കെ അവര്‍ ലക്ഷ്യം വച്ചത് ക്രിസ്ത്യന്‍ വിഭാഗങ്ങളെയാണ്.

 കേരളത്തിലെ മുസ്ലീങ്ങളെയും ക്രൈസ്തവരെയും തമ്മിലടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വഖഫ് നിയമഭേദഗതി ബില്‍ അവതരിപ്പിച്ചത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് എന്ത് നിലപാടെടുത്തു എന്നത് വ്യക്തമാണ്. പത്ത് വോട്ടുകള്‍ക്ക് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവില്ല എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. കേരളത്തിലെ ദേവസ്വം ബോര്‍ഡിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനായി വോട്ട് ചെയ്യാനുള്ള അവകാശം ഹിന്ദു എംഎല്‍എമാര്‍ക്ക് മാത്രമാണെന്നിരിക്കെ, ശ്രീമാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന്റെ നടത്തിപ്പ് അവകാശം ഹിന്ദുക്കള്‍ക്ക് മാത്രമാണെന്നിരിക്കെ വഖഫ് ബോര്‍ഡില്‍ മാത്രം അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തുന്നതിലെ യുക്തി എന്താണ്? 
ഭരണഘടന ഉറപ്പ് നല്കുന്ന് മത സ്വാതന്ത്ര്യം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം നീക്കങ്ങള്‍ സംഘപരിവാര്‍ നടത്തുന്നത്. അടുത്ത ഇര ക്രിസ്ത്യാനികളാണ് എന്ന സൂചനയാണ് ഓര്‍ഗനൈസര്‍ ക്രൈസ്തവ പള്ളികളുടെ സമ്പത്തുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനമെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

മുനമ്പത്തെ ഭൂമി ഏത് സാഹചര്യത്തിലും അവിടെ താമസിക്കുന്നവര്‍ക്ക് ലഭിക്കാന്‍ ആവശ്യമായ ഏത് പോരാട്ടത്തിനും ഒപ്പം നില്ക്കാന്‍ ഐക്യ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണ്. പക്ഷേ ആ വിഷയം ഉയര്‍ത്തി ക്രിസ്ത്യാനിയെയും മുസ്ലീമിനെയും തമ്മിലടിപ്പിച്ച് ന്യൂനപക്ഷ അവകാശങ്ങളെ കവര്‍ന്നെടുക്കാം എന്ന സംഘപരിവാര്‍ ഉദ്ദേശത്തിന് കൂട്ടുനില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഞങ്ങള്‍ ആ ബില്ലിനെ എതിര്‍ത്തത്. സംഘപരിവാറിന്റെ ഇത്തരം അജണ്ടകളെ കൃത്യമായി തുറന്ന് കാണിച്ചതിന്റെ ദേഷ്യമാണ് എമ്പുരാന് നേരെ തീര്‍ക്കുന്നത്. സംഘപരിവാറിന്റെ ഇത്തരം ഹീന ശ്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സന്ധിയില്ലാത്ത പോരാട്ടം നടത്തുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.


എഐസിസിയുടെ അഹമ്മദാബാദ്  സമ്മേളനം കോണ്‍ഗ്രസിനും ഇന്ത്യന്‍ രാഷ്ട്രീയത്തിനും കൃത്യമായ ദിശാബോധം നല്കി. ആശയപരമായും സംഘടനാപരമായും പാര്‍ട്ടിയെ ശക്തമാക്കാന്‍ സാഹിക്കുന്നതായി.  ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉള്‍ക്കൊണ്ടുള്ള മാറ്റങ്ങള്‍ ഉണ്ടാകും. അഖിലേന്ത്യാ സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയത്തിലെ ആശയങ്ങള്‍ താഴെത്തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകരിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തിക്കണം.ബിജെപി എങ്ങനെയാണ് രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളെ തകര്‍ക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.