കേരളം ഭരിക്കുന്നത് ബി.ജെ.പിയെ ഭയമുള്ള ഭീരുക്കള്‍; സി.പി.എം മത്സരിക്കുന്നത് ബി.ജെ.പിയെ പരാജയപ്പെടുത്താനല്ല:പ്രതിപക്ഷ നേതാവ്

കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാന്‍; പിണറായിയും സി.പി.എമ്മും പൗരത്വ നിയമത്തെ കുറിച്ച് മാത്രം സംസാരിക്കുന്നത് സി.എ.എ കേസുകള്‍ പിന്‍വലിക്കാത്തതും സര്‍ക്കാരിനെതിരായ ജനരോഷവും ബി.ജെ.പി- സി.പി.എം ബാന്ധവവും മറച്ചുവയ്ക്കാന്‍; രാഷ്ട്രപതിക്കെതിരെ കോടതിയെ സമീപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട്
 
 
V D

ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ മയ്യത്തെടുക്കുമെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും പാര്‍ട്ടി വക്താവുമായ എ.കെ ബാലന്‍ പറയുന്നത്. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പിന്നെ ആര് ജയിക്കുമെന്നാണ് ബാലന്‍ പറയുന്നത്? പത്തോ പതിനെട്ടോ സീറ്റില്‍ മാത്രം മത്സരിക്കുന്ന സി.പി.എം അല്ലല്ലോ ജയിക്കുന്നത്. ബി.ജെ.പി ജയിക്കുമെന്നാണ് സി.പി.എം നേതാവ് പറയുന്നത്. സി.പി.എം നേതാക്കളെല്ലാം ബി.ജെ.പിക്ക് സ്‌പേസ് ഉണ്ടാക്കിക്കൊടുക്കാനുള്ള തിരക്കിലാണ്. ബി.ജെ.പി നിരവധി സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തുമെന്നും മിടുക്കരായ സ്ഥാനാര്‍ത്ഥികളുണ്ടെന്നുമാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞത്. ഇപ്പോള്‍ രാജ്യത്ത് തന്നെ കോണ്‍ഗ്രസിന്റെ മയ്യത്തെടുക്കാന്‍ പോകുകയാണെന്നാണ് മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗം പറഞ്ഞിരിക്കുന്നത്. ബി.ജെ.പിയെ ഭയന്നാണ് കേരളത്തിലെ സി.പി.എം നില്‍ക്കുന്നത്. അന്വേഷണം ഉണ്ടാക്കിയ അനിശ്ചിതത്വത്തെ തുടര്‍ന്നുള്ള ഭയം കൊണ്ടാണ് പിണറായി വിജയന്‍ അനുയായികളെക്കൊണ്ട് ബി.ജെ.പിയെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകള്‍ പുറപ്പെടുവിപ്പിക്കുന്നത്. സി.പി.എം മത്സരിക്കുന്നത് പാര്‍ട്ടിയുടെ അംഗീകാരവും ചിഹ്നവും സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നാണ് എ.കെ ബാലന്‍ പറയുന്നത്. അംഗത്വമില്ലെങ്കില്‍ ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയുമൊക്കെ ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരുമെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പറയുന്നത്. കേരളത്തില്‍ മാത്രം അവശേഷിക്കുന്ന സി.പി.എം വംശനാശം നേരിടുകയാണ്. ഇവര്‍ മത്സരിക്കുന്നത് ബി.ജെ.പിയെ പരാജയപ്പെടുത്താനല്ല. അംഗീകാരവും കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാന്‍ സി.പി.എം മത്സരിക്കുമ്പോള്‍, വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ താഴെയിറക്കി അധികാരത്തിലേറാനാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരുമെന്ന് അണികളെ ബോധ്യപ്പെടുത്തേണ്ട ഗതികേടിലേക്ക് സി.പി.എം നേതാക്കള്‍ അധപതിച്ചു. 

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും എതിരെ സുപ്രീം കോടതിയെ സമീപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. ഇത്രയും കാലം ഇവര്‍ എവിടെയായിരുന്നു? നേരത്തെ കേന്ദ്ര 57600 കോടി തരാനുണ്ടെന്നാണ് പറഞ്ഞതെങ്കിലും കേസ് നല്‍കിയപ്പോള്‍ കടം എടുക്കാന്‍ അനുവദിക്കണമെന്ന് മാത്രമാണ് കോടതിയില്‍ ആവശ്യപ്പെട്ടത്. 13700 കോടി രൂപ കോടതിയില്‍ പോയില്ലെങ്കിലും കിട്ടും. കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇപ്പോള്‍ നല്‍കിയിരിക്കുന്ന കേസും തിരഞ്ഞെടുപ്പ് സ്റ്റണ്ടും ഗിമ്മിക്കും മാത്രമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്രവുമായി സമരത്തിലാണെന്ന് കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 

കര്‍ണാടകയില്‍ എന്‍.ഡി.എ ഘടകകക്ഷിയായ ജനാതാദള്‍ എസ് ഇപ്പോഴും മന്ത്രിസഭയില്‍ തുടരുന്നത് എന്തുകൊണ്ടാണ്? ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് മന്ത്രി കൃഷ്ണന്‍ കുട്ടിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും പുറത്താക്കാത്തത്. കൃഷ്ണകുട്ടിയും മാത്യൂ ടി. തോമസും കര്‍ണാടകത്തില്‍ പോയാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രചരണം നടത്തേണ്ടി വരും. സി.പി.എം നേതാക്കള്‍ ബി.ജെ.പി നേതാക്കളുമായി ബിസിനസ് പാര്‍ട്ണര്‍ഷിപ്പും രഹസ്യ ചര്‍ച്ചകളും നടത്തുന്നു. ബി.ജെ.പി ഭയത്തില്‍ സംസ്ഥാന ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതൊക്കെ ചെയ്യിക്കുന്നത്. ഇത്രയും വലിയൊരു ഗതികേടിലാണ് സി.പി.എം എത്തിനില്‍ക്കുന്നത്. 

പൗരത്വ നിയമ പ്രക്ഷോഭത്തിനെതിരായ കേസുകള്‍ അഞ്ച് കൊല്ലമായിട്ടും പിന്‍വലിക്കാതിരുന്നതും ബി.ജെ.പിയെ സന്തോഷിപ്പിക്കുന്നതിനാണ്. അതേ പിണറായി വിജയനാണ് ഇപ്പോള്‍ പൗരത്വ നിയമത്തെ കുറിച്ച് സംസാരിക്കുന്നത്. എല്ലാ കാലത്തും കോണ്‍ഗ്രസാണ് പൗരത്വ നിയമത്തെ എതിര്‍ത്തത്. പിണറായി വിജയന്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും പ്രതിപക്ഷം ഉത്തരം നല്‍കിയിട്ടുണ്ട്. എന്നിട്ടും മാസപ്പടി ഉള്‍പ്പെടെയുള്ള അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ ഉത്തരം നല്‍കുന്നില്ല. അപകടരമായ നിലയിലേക്കാണ് സി.പി.എം- ബി.ജെ.പി ബാന്ധവം പോകുന്നത്. അവര്‍ ഒന്നിച്ചു നിന്നാലും ഒരു സീറ്റില്‍ പോലും അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിയെ അനുവദിക്കില്ല. കേരളത്തില്‍ ബി.ജെ.പി സി.പി.എം വളരെ വ്യക്തമാണ്. ബി.ജെ.പിക്ക് ഇല്ലാത്ത സ്‌പേസാണ് സി.പി.എം ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നത്. സി.പി.എം മുന്‍ എല്‍.എല്‍.എ യെച്ചൂരിയെയും കാരാട്ടിനെയും കാണാതെ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേദ്ക്കറിനെ സന്ദര്‍ശിച്ചിട്ടും നടപടിയെടുക്കാന്‍ ധൈര്യമില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം. ബി.ജെ.പിയെ ഭയമുള്ള ഭീരുക്കളാണ് കേരളം ഭരിക്കുന്നത്. 

ബംഗാളില്‍ നാലും അഞ്ചും സ്ഥാനത്താണ് സി.പി.എം സ്ഥാനാര്‍ത്ഥികള്‍. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആ പാര്‍ട്ടിയാണ് കോണ്‍ഗ്രസിന്റെ മയ്യത്തെടുക്കാന്‍ നടക്കുന്നത്. ഞങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും കൊല്ലുകയും ജയിലിലാക്കുകയും ചെയ്യുന്ന ക്രൂരന്മാരുടെ പാര്‍ട്ടിയാണ് കേരളത്തിലെ സി.പി.എം. മുഖ്യമന്ത്രി എന്തിനാണ് ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മധ്യസ്ഥത വഹിച്ച ശ്രീ എമ്മിന് ഭൂമി പതിച്ച് കൊടുത്തത് എന്തിനാണ്? ഇതിനൊന്നും മറുപടിയില്ല. എന്നിട്ടാണ് ബി.ജെ.പിയുടെ ബി ടീമായി സി.പി.എം പ്രവര്‍ത്തിക്കുന്നത്. സ്വയം കൃതാനാര്‍ത്ഥമാണ് സി.പി.എം തകര്‍ന്നത്. കേരളത്തില്‍ സി.പി.എമ്മിന്റെ കാലനായി പിണറായി വിജയന്‍ മാറും. തീവ്ര വലതുപക്ഷ വ്യതിയാനത്തിലേക്ക് പിണറായി പോയി. ഇടതല്ല, ബൂര്‍ഷ്വാ പാര്‍ട്ടിയായി സി.പി.എം മാറി. ബി.ജെ.പിയുടെ മറ്റൊരു ഫാഷിസ്റ്റ് പതിപ്പായി സി.പി.എം മാറി. അവരുടെ അംഗീകാരം നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ പണിയല്ല. 

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് സി.പി.എം നേതാക്കള്‍ക്കെതിരായ എല്ലാ കേന്ദ്ര അന്വേഷണങ്ങളും നിലച്ചു. കരുവന്നൂര്‍, മാസപ്പടി കേസുകളിലും ഇപ്പോള്‍ ഒരു അന്വേഷണവുമില്ല. പിണറായി വിജയനെയും കുടുംബത്തെയും സി.പി.എമ്മിനെയും ബി.ജെ.പി ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്. എ.കെ ബാലന്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് വിരുദ്ധത പറഞ്ഞ് ബി.ജെ.പിയെ സന്തോഷിപ്പിക്കുകയാണ്. ബി.ജെ.പിയും സി.പി.എമ്മും അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുകയാണ്. കൊടകര കുഴല്‍പ്പണ കേസില്‍ ഒരു ബി.ജെ.പി നേതാവിനെതിരെയും കേസില്ല. ആര്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നത്? പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടു വന്നതാണോ? ആര്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് പറഞ്ഞാല്‍ കേരളത്തിലെ ബി.ജെ.പി അധ്യക്ഷന്‍ അകത്താകും. പിണറായി വിജയനാണ് അന്ന് സഹായിച്ചത്. അതേ സുരേന്ദ്രനാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് പറയുന്നത്. സുരേന്ദ്രന്‍ ജയരാജന്റെ പ്രസ്താവനയ്ക്ക് നന്ദി പറയുകയാണ്. കോണ്‍ഗ്രസ് വിരുദ്ധതയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവുമാണ് ഇവരെ ഒന്നാക്കുന്നത്. 

പൗരത്വ പ്രക്ഷോഭങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന വാക്ക് പാലിക്കാത്തതെ ബി.ജെ.പിക്കൊപ്പം ചേര്‍ന്നത് മറച്ചു വയ്ക്കാനും സര്‍ക്കാരിന് എതിരായ ജനരോഷം മറയ്ക്കാനും ബി.ജെ.പി- സി.പി.എം ബാന്ധവം മറച്ചുവയ്ക്കാനുമാണ് പിണറായി വിജയന്‍ പൗരത്വ നിയമത്തെ കുറിച്ച് മാത്രം തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സംസാരിക്കുന്നത്. മാസപ്പടിയെ കുറിച്ച് ചോദിച്ചാല്‍ ചെവി കേള്‍ക്കാന്‍ പാടില്ലേയെന്ന് ചോദിക്കും. എല്ലാവരെയും വിമര്‍ശിക്കുന്ന പൊതുമരാമത്ത് മന്ത്രിയും മാസപ്പടിയെ കുറിച്ച് ചോദിച്ചാല്‍ നാവ് ഉപ്പിലിട്ട് വയ്ക്കും. മിണ്ടില്ല.


തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഴുത്ത് ഞെരിച്ച് കൊല്ലുന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ്. ഡിസംബറില്‍ നല്‍കിയ രണ്ടാം ഗഡു മുഴുവനായി നല്‍കിയില്ല. ട്രഷറി നിയന്ത്രണം വന്നതോടെ നല്‍കിയ തുക പൂര്‍ണമായും ചെലവഴിക്കാനുമായില്ല. ഡിസംബറില്‍ നല്‍കേണ്ട മൂന്നാം ഗഡു ഇപ്പോഴാണ് നല്‍കിയത്. അപ്പോഴേക്കും ട്രഷറി നിയന്ത്രണം വന്നു. ഇതോടെ ആ പണം ചെലവാക്കാനാകില്ല. 22 -ന് ശേഷം ഒരു ബില്ലും നല്‍കേണ്ടെന്ന് നിര്‍ദ്ദേശിച്ച് 21 ന് ഉത്തരവിറക്കി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാര്‍ച്ച് 31 അര്‍ധരാത്രി കഴിഞ്ഞും ബില്ലുകള്‍ സ്വീകരിക്കുമായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന് പറയാന്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ല. കോടിക്കണക്കിന് രൂപയാണ് കരാറുകാര്‍ക്ക് നല്‍കാനുള്ളത്. അടുത്ത മാസത്തേക്ക് ശമ്പളം നല്‍കാന്‍ പോലും സാധിക്കാത്ത ദയനീയ സ്ഥിതിയിലാണ് സംസ്ഥാനം.