കേരളീയം;ഇതുവരെ കണ്ടിട്ടില്ലാത്ത മഹാ സർഗോത്സവം:മന്ത്രി സജി ചെറിയാൻ

 
saji

മുമ്പൊരിക്കലും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഹാ സർഗോത്സവമാണ് കേരളീയത്തിൽ അരങ്ങേറുന്നതെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ.നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിലെ സാംസ്‌കാരിക പരിപാടികൾ കനകക്കുന്നു പാലസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി. 

ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ കേരളം ആർജിച്ച നേട്ടങ്ങളെ നിരവധി വേദികളിലെ സർഗ സന്ധ്യകളായി കേരളീയം 2023 ആവിഷ്‌കരിക്കും. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള കലാപരിപാടികൾ കേരളീയത്തിൽ അരങ്ങേറും.എല്ലാപരിപാടികളിലേക്കും പ്രവേശനം പൂർണമായും സൗജന്യമാണ്.

നാലു പ്രധാന വേദികൾ,രണ്ടു നാടകവേദികൾ,പന്ത്രണ്ട് ഉപവേദികൾ,പതിനൊന്ന് തെരുവു വേദികൾ, സാൽവേഷൻ ആർമി സ്‌കൂൾ മൈതാനം എന്നിങ്ങനെ മുപ്പത് ഇടങ്ങളിലാണ് കലയുടെ മഹോത്സവം നടക്കുക. സെൻട്രൽ സ്റ്റേഡിയം,നിശാഗന്ധി,ടാഗോർ തിയേറ്റർ, പുത്തരിക്കണ്ടം മൈതാനം എന്നിവയാണ് പ്രധാന വേദികൾ.സെനറ്റ് ഹാളിൽ നാടകങ്ങളും ഭാരത് ഭവന്റെ മണ്ണരങ്ങിൽ കുട്ടികളുടെ നാടകോത്സവവും നടക്കും.

 വിവേകാനന്ദ പാർക്ക്,കെൽട്രോൺ കോമ്പൗണ്ട്, ടാഗോർ ഓപ്പൺ എയർ ഓഡിറ്റോറിയം,ഭാരത് ഭവൻ, വിമൺസ് കോളേജ്,ബാലഭവൻ,പഞ്ചായത്ത് അസോസിയേഷൻ ഹാൾ,സൂര്യകാന്തി,മ്യൂസിയം റേഡിയോ പാർക്ക്,എസ് എം വി സ്‌കൂൾ,യൂണിവേഴ്‌സിറ്റി കോളേജ്,ഗാന്ധി പാർക്ക് എന്നിവയാകും ഉപവേദികൾ. സെൻട്രൽ സ്‌റ്റേഡിയത്തിൽ ഏഴു ദിവസവും മറ്റു വേദികളിൽ നവംബർ ഒന്നു മുതൽ ആറു വരെയുമാണ് കലാ സന്ധ്യകൾ നടക്കുക.സെൻട്രൽ സ്‌റ്റേഡിയത്തിൽ ശോഭനയുടെ 'സ്വാതി ഹൃദയം' എന്ന നൃത്ത സന്ധ്യ നവംബർ ഒന്നിനു നടക്കും.രണ്ടാം ദിവസം ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപും നടനും എം.എൽ.എയുമായ മുകേഷും തമ്മിലുള്ള അശ്വമേധത്തിന്റെ പശ്ചാത്തലത്തിൽ 140 കലാകാരന്മാർ അണിനിരക്കുന്ന 'കേരളപ്പെരുമ'എന്ന മെഗാ ഷോയും നടക്കും.കെ.എസ്.ചിത്രയുടെ ഗാനമേള,സ്റ്റീഫൻ ദേവസ്സിയും മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും ഒരുമിക്കുന്ന മ്യൂസിക്കൽ മെഗാ ഷോ,മുരുകൻ കാട്ടാക്കടയുടെ നേതൃത്വത്തിൽ അരങ്ങേറുന്ന 'മ'ഷോ എന്ന മെഗാ കാവ്യ മേള,സൂര്യ കൃഷ്ണമൂർത്തിയുടെ സംവിധാനത്തിലുള്ള 'പൂർവ മാതൃകകളില്ലാത്ത നാട്ടറിവുകൾ' എന്ന നാടൻ കലാമേള, ഭിന്നശേഷിക്കാരായ കുട്ടികളും ഗോപിനാഥ് മുതുകാടും ചേർന്നവതരിപ്പിക്കുന്ന 'എംപവർ വിത് ലൗ',ലക്ഷ്മി ഗോപാലസ്വാമി,രാജശ്രീ വാര്യർ,ജയപ്രഭാ മേനോൻ,ഡോ. നീനാ പ്രസാദ്,പാരീസ് ലക്ഷ്മി,രൂപാ രവീന്ദ്രൻ തുടങ്ങിയവരുടെ നൃത്ത സന്ധ്യകൾ,മൾട്ടി മീഡിയ റിയാലിറ്റി ഷോ,മലയാളപ്പുഴ,മലയാള കവിതകളുടെ അഖണ്ഡ നൃത്തധാര 'കാവ്യ കേരളം',ജി.എസ്.പ്രദീപ് നയിക്കുന്ന ആയിരത്തോളം കലാലയ വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന അറിവുത്സവം 'വിജ്ഞാന കേരളം - വിജയ കേരളം',ഇന്ത്യൻ 'നേവി'യുടെ ബാൻഡ് സെറ്റ്, അലോഷിയും ആവണി മൽഹാറും ചേർന്നൊരുക്കുന്ന മെഹ്ഫിൽ തുടങ്ങിയ മൗലികമായ കലാപരിപാടികൾ കേരളീയത്തിന്റെ മാറ്റു കൂട്ടും. 

നവംബർ ഏഴിന് സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങുകൾക്ക് ശേഷം സംഗീത സംവിധായകൻ എം.ജയചന്ദ്രന്റെ നേതൃത്വത്തിൽ ശങ്കർ മഹാദേവൻ,കാർത്തിക്,സിതാര,ഹരിശങ്കർ,വിധു പ്രതാപ്,റിമി ടോമി എന്നിവർ ഒരുമിച്ചൊരുക്കുന്ന 'ജയം' എന്ന മ്യൂസിക്കൽ മെഗാ ഷോയാണ് കേരളീയത്തിന്റെ കലാശക്കൊട്ട്. 
    
കേരള സംസ്‌കാരത്തിന്റെ വൈവിധ്യങ്ങളെ പ്രകീർത്തിക്കുന്ന കഥകളി,ഓട്ടൻതുള്ളൽ,ചാക്യാർ കൂത്ത്,നങ്യാർ കൂത്ത്,കേരളനടനം,യോഗ നൃത്തം,കഥാപ്രസംഗം,ഗദ്ദിക,മോഹിനിയാട്ടം,ഒപ്പന,മാപ്പിള കലകൾ,മംഗലം കളി,കുടച്ചോഴി കളി,മാർഗം കളി, പാക്കനാർ തുള്ളൽ,സീതകളി,മുടിയേറ്റ്,പടയണി, ചവിട്ടുനാടകം,കവിയരങ്ങ്,കഥയരങ്ങ്,വഞ്ചിപ്പാട്ട്, വിൽപ്പാട്ട്,പടപ്പാട്ട്,കടൽപ്പാട്ട്,വിവിധ തരത്തിലുള്ള വാദ്യമേളം എന്നിവയും സജ്ജീകരിച്ചിരിക്കുന്ന വേദികളിൽ അരങ്ങേറും. 

എസ്.എം.വി സ്‌കൂളിലെ ആൽചുവട്ടിൽ ഏഴു ദിവസം നീണ്ടു നിൽക്കുന്ന കളമെഴുത്തും പുള്ളുവൻ പാട്ടും അരങ്ങേറും.തെയ്യം,തെയ്യാട്ടം,മലപ്പുലയാട്ടം,സ്ട്രീറ്റ് സർക്കസ്,സ്ട്രീറ്റ് മാജിക്,തെരുവ് നാടകം,പൊയ്ക്കാൽ രൂപങ്ങൾ,പൂപ്പടയാട്ടം,വിളക്കുകെട്ട്,ചാറ്റു പാട്ട്,തുകൽ വാദ്യ സമന്വയം,മയൂര നൃത്തം,വനിതാ ശിങ്കാരിമേളം,പപ്പെറ്റ് ഷോ,തിരിയുഴിച്ചിൽ എന്നിവ സജ്ജമാക്കിയ പത്തു വേദികളിലായി അരങ്ങേറും. 
    കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ ടാഗോർ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ  അരങ്ങേറും.എൻഡോസൾഫാൻ ദുരിതമേഖലയിലെ കലാകാരന്മാരുടെ പരിപാടികളും ഉൾപെടുത്തിയിട്ടുണ്ട്.

ഭാരത് ഭവൻ എ.സി ഹാളിൽ പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തിൽ ഏഴു ദിവസം നീണ്ടു നിൽക്കുന്ന തോൽപ്പാവകൂത്തു പ്രദർശനം, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട കലാകാരന്മാരുടെ പ്രകടനങ്ങൾ, ദിവസവും വൈകീട്ട് അഞ്ചുമുതൽ ആറുമണിവരെ എൻ.സി.സി.കേഡറ്റ്‌സ് അവതരിപ്പിക്കുന്ന അശ്വാരൂഢ അഭ്യാസപ്രകടനങ്ങൾ, എയ്‌റോ മോഡൽ ഷോ എന്നിവയും കേരളീയത്തിന്റെ മാറ്റു കൂട്ടും.മുന്നൂറിലേറെ കലാപരിപാടികളിലൂടെ 4100ൽ പരം കലാകാരന്മാർ വിവിധ വേദികളിലൂടെ ആടിയും പാടിയും അവതരിപ്പിക്കുന്നത് കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തെ തന്നെയാണ്. 
കേരളീയം കൾച്ചറൽ കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു,സാംസ്‌കാരിക വകുപ്പു സെക്രട്ടറി മിനി ആന്റണി,സാംസ്‌കാരികവകുപ്പ് ഡയറക്ടർ മായ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.