ആ​ഗോള തലത്തിൽ കേരളത്തിന്റെ വെൽനെസ് ടൂറിസത്തിന് പ്രാധാന്യമേറുന്നു; ടൂറിസം മന്ത്രി.

 
Reyas

ആഗോള തലത്തിൽ കേരളത്തിന്റെ  വെൽനെസ് ടൂറിസത്തിന് പ്രാധാന്യം ഏറി വരുകയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്.  കേരളത്തിന്റെ ശോഭനഭാവിയ്ക്കായി ആയൂർവേദ മേഖലയിലെ പ്ര​ഗത്ഭരുടെ പിൻതുണ ആവശ്യമാണെന്നും മന്ത്രി പറ‍ഞ്ഞു. അഖില കേരള ഗവൺമെന്റ് ആയുർവേദ കോളേജ് അധ്യാപക സംഘടനയുടെ 29 മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഗവൺമെന്റ് ആയുർവേദ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന  സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

കോവിഡ് കാരണം തകിടം മറിഞ്ഞ ടൂറിസത്തെ മുന്നോട്ട് കൊണ്ടുവരാനാണ് സർക്കാർ ശ്രമിച്ചത്. അതിന്റെ ശ്രമഫലമായി 
കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 2022 ൽ സർവകാല റെക്കോഡിൽ എത്തിക്കാൻ സർക്കാരിന്  കഴിഞ്ഞു. 2024 - 2025 കാലഘട്ടത്തിൽ വെൽനെസ്സ്  ടൂറിസം സംസ്ഥാനത്ത്  ഇന്നുവരെ കാണാത്ത രീതിയിൽ മികവുറ്റതായി മാറും, അതിന് വേണ്ടി സ്റ്റേക്ക് ഹോൾഡെഴ്‌സിൽ നിന്നും അഭിപ്രായം ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു.


ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തതു പ്രകാരം ലോകത്തിലെ  ഉറപ്പായും സന്ദർശിച്ചിരിക്കേണ്ട 55 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ട ഏക സംസ്ഥാനം കേരളമാണ്.
വെൽനസ് ടൂറിസത്തെ മെച്ചപ്പെടുത്താനായി  ആയുർവേദ മേഖലയിലെ  സാധ്യതകൾ മനസ്സിലാക്കാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും  ശേഖരിക്കുന്നതിനായും  ആയുർവേദ മേഖലയിലെ പരിചയസമ്പന്നരെ  ഉൾപ്പെടുത്തിക്കൊണ്ട് ഈ വർഷം തന്നെ തിരുവനന്തപുരത്ത് ഒരു ദേശീയ സെമിനാർ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ആയുർവേദത്തിൻ്റെ സാധ്യതകൾ പ്രചരിപ്പിച്ച് സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുക എന്നതാണ് ലക്ഷ്യം.
കേരളത്തിലെ മതനിരപേക്ഷതയും ആതിഥേയ മര്യാദകളുമാണ് ആഗോളതലത്തിൽ ഉള്ള സഞ്ചാരികളെ ഇവിടേക്ക്  ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ആയുർവേദ  ആശുപത്രികളിൽ ടൂറിസത്തിൻ്റെ ഉന്നമനത്തിന് ഉതകും വിധം  ഉപയോഗിക്കുന്നതിൻ്റെ സാധ്യതകളെക്കുറിച്ചും പഠിക്കേണ്ടതായുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഐ ബി സതീഷ് എംഎൽഎ അധ്യക്ഷതവഹിച്ച ചടങ്ങിൽ   സജിത് ബാബു ഐഎഎസ് (സ്റ്റേറ്റ് മിഷൻ ഡയറക്ടർ നാഷണൽ ആയുസ്സ് മിഷൻ) ചടങ്ങിന് വീഡിയോ സന്ദേശം അറിയിച്ചു. ഡോ ആർ രാജം (പ്രിൻസിപ്പൽ ഇൻ ചാർജ് ), ഡോ. കെ കെ ലത (പ്രിൻസിപ്പൽ ഒല്ലൂർ, വൈദ്യരത്നം ആയുർവേദ കോളേജ്) ഡോ. അജിത് കുമാർ കെ . സി (ജനറൽ സെക്രട്ടറി AMAI), ഡോ. സജി പി ആർ (സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നാഷണൽ ആയുഷ് മിഷൻ ) ഡോ. ജയൻ ഡി (ഡീൻ ഫാക്കൾട്ടി ഓഫ് ആയുർവേദ,കെ യു എച്ച് എസ് ), അനസൂയ പി ജെ (ചെയർപേഴ്സൺ, യൂണിയൻ,ഗവൺമെന്റ് ആയുർവേദ കോളേജ് തിരുവനന്തപുരം) എന്നിവർ ആശംസകൾ അർപ്പിച്ചു.  

ഡോ. സി എസ് ശിവകുമാർ  ( സംസ്ഥാന ജനറൽ സെക്രട്ടറി എ കെ ജി എ സി എ എസ് ) സ്വാഗതവും. ഡോ. എസ് ഗോപകുമാർ ( സ്റ്റേറ്റ് സെക്രട്ടറി എ കെ ജി എ സി എ എസ്) നന്ദിയും പറഞ്ഞു.