കേരളീയം 2023: പാചക മത്സരം സംഘടിപ്പിച്ച് കുടുംബശ്രീ

 
pix

കേരളീയം 2023 ന്റെ ഭാഗമായി  ജില്ലാതല പാചക മത്സരം സംഘടിപ്പിച്ച് കുടുംബശ്രീ. കളമശ്ശേരി ഫുഡ്‌ ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പാചക മത്സരത്തിൽ ജില്ലയിലെ 14 ബ്ലോക്കുകളിൽ നിന്നായി 14 കഫെ സംരംഭ യൂണിറ്റുകൾ പങ്കെടുത്തു.

മത്സരത്തിൽ അങ്കമാലി ബ്ലോക്കിലെ കാലടി സി.ഡി.എസിൽ നിന്നുള്ള മലർ കഫെ യൂണിറ്റ് ഒന്നാം സ്ഥാനവും ആലങ്ങാട് ബ്ലോക്കിലെ വരാപ്പുഴ സി.ഡി.എസിൽ നിന്നുള്ള സമൃദ്ധി കഫെ യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

കേരള ബിരിയാണി, പിടിയും കോഴിയും, മില്ലറ്റ് പായസം എന്നിങ്ങനെ മൂന്ന് വിഭവങ്ങളാണ് മത്സരത്തിന് എത്തിയ ഗ്രൂപ്പുകൾ തയ്യാറാക്കിയത്. ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കുന്നതിന് രണ്ടര മണിക്കൂറും വിഭവങ്ങളുടെ പ്രസന്റേഷന് അര മണിക്കൂറുമായി ആകെ മൂന്ന് മണിക്കൂർ ആയിരുന്നു പാചക മത്സരം.

ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌  പാചക മത്സരം സന്ദർശിച്ച്  മത്സരാർത്ഥികൾക്ക് പ്രോത്സാഹനങ്ങൾ നൽകിയാണ് മടങ്ങിയത്.

 മത്സര ശേഷം നടന്ന സമാപന സമ്മേളനത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ടി.എം റെജീന, അസിസ്റ്റന്റ് കോ ഓഡിനേറ്റർമാരായ അമ്പിളി തങ്കപ്പൻ, കെ. സി അനുമോൾ , ജില്ലാ പ്രോഗ്രാം മാനേജർമാരായ പി. ആർ അരുൺ, പി.എ അജിത്, ഫുഡ്‌ ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ എസ്.ഗിരീഷ്, കുടുംബശ്രീ ബ്ലോക്ക് കോ ഓഡിനേറ്റർമാർ, ഫുഡ്‌ ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.